Main News
കരിപ്പൂരിൽ ആളുമാറി യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂര മർദ്ദനം

14/02/2020
കൊണ്ടോട്ടി:ഷാർജയിൽനിന്ന് കോഴിക്കോട് വിമാനത്താവളം വഴി എത്തിയ യുവാവിനെ സ്വർണക്കടത്തുകാരനെന്നു കരുതി അജ്ഞാതസംഘം തട്ടിക്കൊണ്ടുപോയി. യുവാവിനെ മർദിച്ച് അവശനാക്കിയ ശേഷം ആളുമാറിയെന്നു മനസ്സിലായതോടെ പണവും സാധനങ്ങളും കൈക്കലാക്കി ഇറക്കിവിട്ടു. കർണാടക സ്വദേശിയായ അബ്ദുൽനാസർ ഷംനാദ് (25) ആണ് മർദനത്തിന് ഇരയായത്.
ഇന്നലെ പുലർച്ചെ 4.30ന് ആണ് യുവാവ് കോഴിക്കോട് വിമാനത്താവളത്തിലെത്തിയത്. പുറത്തിറങ്ങി, മറ്റൊരു യാത്രക്കാരനൊപ്പം കോഴിക്കോട് ഫറോക്ക് റെയിൽവേ സ്റ്റേഷനിലേക്കു പോകാൻ ഓട്ടോ വിളിച്ചു. കൊണ്ടോട്ടിക്കു സമീപം കൊട്ടപ്പുറത്തു വച്ച് ബൈക്കിൽ വന്ന രണ്ടുപേർ ഓട്ടോ തടഞ്ഞു. തുടർന്ന് ഓട്ടോ ബൈക്കിൽ ഉരസിയെന്നു പറഞ്ഞു വഴക്കുണ്ടാക്കി. ഈ സമയത്ത് വാനിലെത്തിയെ 7 പേർ മുളകുപൊടി സ്പ്രേ ചെയ്ത്, യുവാവിനെ മർദിച്ചു. ടീഷർട്ട് ഊരി കണ്ണുകെട്ടി, വാഹനത്തിൽ കയറ്റിക്കൊണ്ടുപോവുകയും ചെയ്തു. കൊണ്ടു വന്ന സാധനമെവിടെ എന്നു ചോദിച്ച് മർദനം തുടർന്നു. കോഴിക്കോട് കടലുണ്ടി പാലത്തിനു സമീപത്ത് ഇറക്കി അവിടെവച്ച് ക്രൂരമായി മർദിച്ചു. ആളു മാറിയെന്ന് മനസ്സിലായതോടെ വാഹനത്തിൽ തിരികെക്കൊണ്ടുവന്ന്, 6 മണിയോടെ കാലിക്കറ്റ് സർവകലാശാലയ്ക്കു സമീപം ഇറക്കിവിട്ടു എന്നും യുവാവിന്റെ പരാതിയിൽ പറയുന്നു. എടിഎം കാർഡ്, പണം, ക്യാമറ തുടങ്ങിയ സാധനങ്ങൾ കവർന്നു. കൊണ്ടോട്ടി പൊലീസ് അന്വേഷണം തുടങ്ങി.

Share this post: