Main News
കരിപ്പൂരില്‍ ഹജ്ജ് ക്യാമ്പ് ജുലൈ ആറിന് തുടങ്ങും മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും

07/06/2019

മലപ്പുറം:സംസ്ഥാന ഹജ്ജ് ക്യാമ്പ് കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ ജൂലൈ ആറിന് തുടങ്ങും. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. വൈകിട്ട് ആറിന് നടക്കുന്ന ചടങ്ങില്‍ ഹജ്ജ് വകുപ്പിന്റെ ചുമതലയുള്ള ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.കെ.ടി ജലീല്‍ അധ്യക്ഷത വഹിക്കും. ജില്ലയിലെ എം.പി.മാര്‍ എം.എല്‍.എമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
ജൂലൈ ഏഴിന് രാവിലെ ആറിന് ആദ്യ വിമാനം കരിപ്പൂരില്‍ നിന്ന് പുറപ്പെടും. മന്ത്രി ഡോ.കെ.ടി ജലീല്‍ ഫ്‌ളാഗ് ഓഫ് ചെയ്യും. സൗദി എയര്‍ലൈന്‍സിന്റെ ആദ്യ വിമാനത്തില്‍ 300 പേരാണ് യാത്രക്കാരായി ഉണ്ടാവുക.
13,250 പേരാണ് സര്‍ക്കാര്‍ ക്വാട്ടയില്‍ ഹജ്ജ് കര്‍മ്മത്തിനായി കേരളത്തില്‍ നിന്ന് പോകുന്നത്. ഇതില്‍ 10800 പേരും കോഴിക്കോട് കരിപ്പൂര്‍ എയര്‍പോര്‍ട്ട് വഴിയാണ് പോകുന്നത്. ബാക്കിയുള്ളവര്‍ കൊച്ചി എയര്‍പോര്‍ട്ട് വഴിയാണ് യാത്ര പുറപ്പെടുക. ഇതിന് പുറമെ 343 പേര്‍ ലക്ഷദ്വീപില്‍ നിന്നുമുണ്ട്. ഇവരും കൊച്ചി എയര്‍പോര്‍ട്ട് വഴിയാണ് പോകുന്നത്.
സൗദി എയര്‍ലൈന്‍സിലാണ് മുഴുവന്‍ യാത്രക്കാരെയും കൊണ്ടു പോകുന്നത്. 35 വിമാനങ്ങളിലായി ജൂലൈ 20 വരെയാണ് വിമാന സര്‍വീസ് ഉണ്ടാവുക. ഒരു ദിവസം രണ്ടും മൂന്നും തവണകളിലായി കരിപ്പൂരില്‍ നിന്ന് ഹജ്ജ് യാത്രികര്‍ക്കായി വിമാന സര്‍വീസ് ഉണ്ടാകും

കരിപ്പൂര്‍ ഹജ്ജ് ക്യാമ്പ് ഒരുക്കങ്ങള്‍ അവലോകനം ചെയ്തു

കരിപ്പൂരില്‍ നടക്കുന്ന ഹജ്ജ് ക്യാമ്പ് മികച്ച രീതിയില്‍ നടത്തുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ അമിത് മീണ അറിയിച്ചു. കലക്ടറേറ്റില്‍ നടന്ന യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു ജില്ലാ കലക്ടര്‍. ക്യാമ്പ് പ്രവര്‍ത്തിക്കുന്ന ദിവസങ്ങളില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ആരോഗ്യ വകുപ്പിന്റെ മെഡിക്കല്‍ ടീം പ്രവര്‍ത്തിക്കും. മുഴുവന്‍ സമയവും ആംബുലന്‍സ് സൗകര്യം ലഭ്യമാക്കുന്നതിനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇതിനു പുറമെ ഹോമിയോ വകുപ്പിന്റെ ഒരു മെഡിക്കല്‍ ടീമും ക്യാമ്പിന് സമീപം സജ്ജമാക്കും.
ഏറ്റവും കുടുതല്‍ ആളുകള്‍ ഹജ്ജ് ചെയ്യുന്ന മലബാര്‍ മേഖലക്ക് തന്നെ നാല് കൊല്ലത്തിന് ശേഷം തിരിച്ചു കിട്ടിയ ഹജ് എമ്പാര്‍ക്കേഷന്‍ പോയിന്റ് മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നതിന് ആവശ്യമായ എല്ലാ സഹകരണവും യോഗത്തില്‍ പങ്കെടുത്ത ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ മുഹമ്മദ് ഫൈസി ആവശ്യപ്പെട്ടു. ഫറോക്കില്‍ പ്രധാനപ്പെട്ട ട്രെയിനുള്‍ക്ക് സ്റ്റോപ്പ് അനുവദിക്കുന്നതിന് നടപടി സ്വീകരിക്കും. നേരത്തെ കരിപ്പൂരില്‍ ഹജ്ജ് ക്യാമ്പ് ഉണ്ടായിരുന്ന സമയത്തും ചില പ്രത്യേക ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിച്ചിരുന്നു. ഏകദേശം 300 വളണ്ടിയര്‍മാര്‍ 24 മണിക്കൂര്‍ ക്യാമ്പിനോടനുബന്ധിച്ച് ഓരോ ദിവസവും പ്രവര്‍ത്തിക്കും. ഹജ്ജ് യാത്രികര്‍ക്കുള്ള മൂന്നാഘട്ടം പരിശീലനം ജൂണ്‍ ഒമ്പത് മുതല്‍ 30 വരെയുള്ള ദിവസങ്ങളില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി നടക്കും.

ബാഗേജുകള്‍ ഇറക്കാന്‍ സൗകര്യമൊരുക്കും

ഹജ്ജിനെത്തുന്ന മുഴുവന്‍ പേരുടെയും ബാഗേജുകള്‍ ഇറക്കുന്നതിനും സെക്യൂരിറ്റി നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനും എയര്‍പോര്‍ട്ടിന് സമീപം പ്രത്യേകം സൗകര്യം ഏര്‍പ്പെടുത്തും. ക്യാമ്പിലെത്തുന്നവരുടെ ബാഗേജുകള്‍ ഹജ്ജ് ഹൗസില്‍ ഇറക്കുകയും പിന്നിട് മാറ്റി വാഹനങ്ങളില്‍ കയറ്റുകയും ചെയ്യുന്നതിന്റെ ബുദ്ധിമുട്ട് ഒഴിവാക്കാനാണ് നടപടി. ഒരാള്‍ക്ക് പരമാവധി 54 കിലോ ഭാരമാണ് കൊണ്ടു പോവാന്‍ അനുമതിയുണ്ടാവുക. നടപടിക്ക് യോഗത്തില്‍ പങ്കെടുത്ത എയര്‍ പോര്‍ട്ട ഡയരക്ടര്‍ അനുമതി നല്‍കിയിട്ടുണ്ട്.
കലക്‌ട്രേറ്റില്‍ നടന്ന യോഗത്തില്‍ ജില്ലാ പോലീസ് മേധാവി പ്രതീഷ് കുമാര്‍, എയര്‍പോര്‍ട്ട് ഡയരക്ടര്‍ കെ. ശ്രീനിവാസ റാവു, ഫിനാന്‍സ് ഓഫിസര്‍ എന്‍. സന്തോഷ് കുമാര്‍, ഡി.വൈ.എസ്.പി. എസ്. നജീബ്, ഹജ്ജ് കമ്മീറ്റി ചെയര്‍മാന്‍ മുഹമ്മദ് ഫൈസി, അംഗങ്ങളായ മുസമ്മില്‍ ഹാജി, അബ്ദുറഹിമാന്‍ ഇണ്ണി, മുസ്ലിയാര്‍ സാജിര്‍, മുഹമ്മദ് കാസിം കോയ, അസി. സെക്രട്ടറി ടി.കെ. അബ്ദുറഹിമാന്‍, എസ്.വി. ഷിറാസ്, കോഡിനേറ്റര്‍ അസ്സൈന്‍ പി.കെ. ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

Share this post: