Main News
കര്‍ണാടകയില്‍ ബി.ജെ.പിയുടെ വക്രബുദ്ധിയും വര്‍ഗീയ രാഷ്ട്രീയവും വിലപ്പോവില്ലെന്ന് പി.കെ കുഞ്ഞാലിക്കുട്ടി

11/05/2018
കര്‍ണാടകയില്‍ ബി.ജെ.പിയുടെ വക്രബുദ്ധിയും വര്‍ഗീയ രാഷ്ട്രീയവും വിലപ്പോവില്ലെന്നും കോണ്‍ഗ്രസ് വീണ്ടും അധികാരത്തിലേറുമെന്നും മുസ്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി. പറഞ്ഞു. കര്‍ണാടകയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ക്കുവേണ്ടി പ്രചാരണയോഗങ്ങളില്‍ പങ്കെടുത്ത് ഡല്‍ഹിയില്‍ തിരിച്ചെത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കര്‍ണാടകയില്‍ ബി.ജെ.പിയുടെ പ്രചാരണരീതി കാണുമ്പോള്‍ പ്രധാനമന്ത്രി വെറുപ്പിന്റെ പ്രചാരകനാണോ എന്ന് തോന്നിപ്പോവും. ഏത് സംഭവവും വക്രീകരിക്കുകയും വര്‍ഗീയവല്‍കരിക്കുകയുമാണവര്‍. ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ വര്‍ഗീയ കാര്‍ഡിറക്കിയ പോലെ കര്‍ണാടകയിലും അത്തരം ശ്രമം നടത്തി രക്ഷപ്പെടാനാകുമോ എന്നാണവര്‍ നോക്കുന്നത്. എന്നാല്‍ കര്‍ണാടകയില്‍ അത് വിലപ്പോകുന്നില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. മുസ്‌ലിംലീഗ് കര്‍ണാടകയില്‍ കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ്. മംഗലാപുരത്തിനോട് ചേര്‍ന്ന ചില മണ്ഡലങ്ങളില്‍ ലീഗ് വളരെ ശക്തമായിട്ടും മത്സരിക്കാതിരുന്നത് വോട്ട് ഭിന്നിപ്പിക്കാതിരിക്കാനാണ്. യു.പിയില്‍ കണ്ടതു പോലെ മതേതര കക്ഷികള്‍ ഒന്നിച്ചുചേരുന്ന കാഴ്ചയാണ് കര്‍ണാടകയിലും കാണുന്നത്. ഇത്തരം യോജിപ്പുകള്‍ ഇന്ത്യയാകെ വ്യാപിക്കട്ടെയെന്നും അതാണ് പ്രതീക്ഷയെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Share this post: