Main News
കാലവര്‍ഷക്കെടുതി: മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ അവലോകനം നടത്തി

മലപ്പുറം : ജില്ലയിലുണ്ടായ കാലവര്‍ഷക്കെടുതി വിലയിരുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ടെത്തി. നിലമ്പൂരില്‍ കാലാവര്‍ഷക്കെടുതി നേരിട്ടവരെ മാറ്റിപ്പാര്‍പ്പിച്ച ദുരിതാശ്വാസ ക്യാമ്പിലെത്തി ദുരിത ബാധിതരെ കണ്ട ശേഷം പോത്തുകല്‍ ഗ്രാമ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ അവലോകന യോഗം ചേര്‍ന്നു. സര്‍ക്കാര്‍ സംവിധാനങ്ങള്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ.ടി. ജലീലിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

രക്ഷാ പ്രവര്‍ത്തനതിനാണ് ആദ്യ ഘട്ടത്തില്‍ പ്രാധാന്യം നല്‍കിയത്. ഇതോടൊപ്പം ക്യാമ്പുകളിലെ സൗകര്യങ്ങള്‍ ഉറപ്പാക്കും. ക്യാമ്പുകളില്‍ നിന്നും ഒരു തരത്തിലുമുള്ള പരാതി ഉയരാന്‍ ഇടവരരുതെന്ന് മുഖ്യമന്ത്രി ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കി. പുനരധിവാസം ഉള്‍പ്പെടെയുള്ള കാര്യങ്ങളാണ് ഇനി നടക്കേണ്ടത്. അതു കാലതാമസം കൂടാതെ ചെയ്തു തീര്‍ക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ജില്ലാ ഭരണകൂടത്തിന്റ നേതൃത്വത്തില്‍ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും സന്നദ്ധ സേവകരുടെയും സഹകരണത്തോടെ നടക്കുന്ന ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന്‍, ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ. ടി. ജലീല്‍, തുറമുഖ-പുരാവസ്തു വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍, എം.എല്‍.എമാരായ പി. വി. അന്‍വര്‍, ടി.വി. ഇബ്രാഹിം, പി.കെ. ബഷീര്‍, എ.പി. അനില്‍ കുമാര്‍, അഡ്വ. എം. ഉമ്മര്‍, കെ. കെ.ആബിദ് ഹുസൈന്‍ തങ്ങള്‍, പി.അബ്ദുല്‍ ഹമീദ് മാസ്റ്റര്‍, ചീഫ് സെക്രട്ടറി ടോം ജോസ്, ആഭ്യന്തര വകുപ്പ് അഡിഷണല്‍ ചീഫ് സെക്രട്ടറി ബിശ്വാസ് മേത്ത, റവന്യു സെക്രട്ടറി എന്‍. വേണു, ഡി. ജി. പി ലോക്‌നാഥ് ബെഹ്റ, ആര്‍മി മേജര്‍ ജനറല്‍ കെ. ജെ. ബാബു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ. പി. ഉണ്ണികൃഷ്ണന്‍, നിലമ്പൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. പി. സുഗതന്‍ ജില്ലാ കലക്ടര്‍ ജാഫര്‍ മലിക്, ഡി.ഐ.ജി. എസ്.സുന്ദരന്‍, ജില്ലാ പോലീസ് സൂപ്രണ്ട് യു. അബ്ദുല്‍ കരീം, ഡി.എഫ്.ഒ യോഗേഷ് കുമാര്‍ നീലകണ്ഠ്്, എ.ഡി.എം എന്‍. എം.മെഹറലി, ഡെപ്യൂട്ടി കലക്ടര്‍ ഡോ. ജെ.ഒ.അരുണ്‍, ത്രിതല പഞ്ചായത്ത് ഭാരവാഹികള്‍, വിവിധ വകുപ്പുകളുടെ ജില്ലാ തല ഉദ്യോഗസ്ഥര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

Share this post: