Main News
കാൽ ലക്ഷം പേർ പങ്കെടുത്ത് വയനാടിനെ ഞെട്ടിച്ച് എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് റാലി

11/04/2019

കല്‍പ്പറ്റ:ആവേശം വാനോളമുയർത്തി വയനാട്ടിൽ എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് റാലി. വയനാട് പാര്‍ലമെന്റ് മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി പി സുനീറിന്റെ പ്രചാരണത്തിന്റെ ഭാഗമായി കല്‍പ്പറ്റയില്‍ സംഘടിച്ച റാലിയിലും റോഡ് ഷോയിലും പതിനായിരങ്ങളാണ് അണിനിരന്നത്. നാല് മന്ത്രിമാരും റാലിയില്‍ പങ്കെടുത്തു.

രാഹുൽ ഗാന്ധിയുടെ റോസ് ഷോക്ക് അതേ നാണയത്തിലാണ് എൽഡിഎഫ് മറുപടി പറഞ്ഞത്.. ജനങ്ങളുടെ കുത്തൊഴുക്കില്‍ നഗരം വീർപ്പ്മുട്ടി. പാതയോരങ്ങളിലും കെട്ടിടങ്ങള്‍ക്ക് മുകളിലും ആള്‍ക്കൂട്ടം റോഡ് ഷോ കാണാൻ  നിറഞ്ഞു. മുഖ്യമന്ത്രി പങ്കെടുത്ത പൊതുയോഗത്തിന് ശേഷമാണ് റോഡ് ഷോ തുടങ്ങിയത്.

പകല്‍ പതിനൊന്നോടെയാണ് മുഖ്യമന്ത്രി പൊതുയോഗസ്ഥലത്ത്  എത്തിയത്. തുടര്‍ന്ന് ഉദ്ഘാടന പ്രസംഗം. ബി.ജെ.പിയെയും കോൺഗ്രസിനേയും വിമർശിച്ച് ഒരു മണിക്കൂര്‍ നീണ്ട പ്രസംഗം. വയനാടിനെ പാക്കിസ്ഥാനാക്കിയ ബിജെപിക്കും തീവ്രഹിന്ദുത്വത്തെ മൃദുഹിന്ദ്വംകൊണ്ട് നേരിടുന്ന കോണ്‍ഗ്രസിന്റെ രാഷ്ട്രീയ അപചയവും തുറന്നുകാണിച്ചുള്ളതായിരുന്നു  പ്രസംഗം.
തുടർന്ന് നടന്ന റോഡ് ഷോയിൽ എല്‍ഡിഎഫ് നേതാക്കളും തുറന്ന വാഹനത്തില്‍ മന്ത്രിമാരും അണിനിരന്നു. മന്ത്രിമാരായ എം എം മണി, കെ കെ ലൈജ, രാമചന്ദ്രന്‍ കടന്നപ്പള്ളി, വി എസ് സുനില്‍കുമാര്‍ എന്നിവർ പങ്കെടുത്തു.

Share this post: