Top Stories
കേരളം ഉള്‍പ്പെടെ 5 സംസ്ഥാനങ്ങളിലെ നിയമസഭ തെരെഞ്ഞെടുപ്പ്‌ തീയതികള്‍ പ്രഖ്യാപിച്ചു; കേരളത്തില്‍ വോട്ടെടുപ്പ്‌ മെയ്‌ 16 ന്‌ ഒറ്റഘട്ടമായി; വോട്ടെണ്ണല്‍ മെയ്‌ 19 ന്‌
March 04, 2016

മാര്‍ച്ച്‌ 04, 2016
ന്യൂഡല്‍ഹി :  കേരളം ഉള്‍പ്പെടെ 5 സംസ്ഥാനങ്ങളിലെ നിയമസഭ തെരെഞ്ഞെടുപ്പ്‌ തീയതികള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ 140 നിയമസഭ സീറ്റുകളിലേയ്‌ക്കും ഒറ്റ ഘട്ടമായി മെയ്‌ 16 ന്‌ വോട്ടെടുപ്പ്‌ നടക്കും. മെയ്‌ 19 നാണ്‌ വോട്ടെണ്ണെല്‍.
നിയമസഭാ തെരെഞ്ഞെടുപ്പ്‌ വിജ്ഞാപനം ഏപ്രില്‍ 22ന്‌ പുറപ്പെടുവിക്കും. അന്ന്‌ മുതല്‍ നാമനിര്‍ദ്ദേശ പത്രികകള്‍ സമര്‍പ്പിക്കാം. ഏപ്രില്‍ 29 നാണ്‌ നാമ നിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസം. ഏപ്രില്‍ 30ന്‌ സൂക്ഷ്‌മ പരിശോധന നടക്കും. പത്രികകള്‍ പിന്‍വലിക്കാനുള്ള അവസാന ദിവസം മേയ്‌ 2 ആണ്‌. മെയ്‌ 19 നാണ്‌ വോട്ടെണ്ണല്‍.
തെഞ്ഞെടുപ്പ്‌ മാതൃകാ പെരുമാറ്റ ചട്ടം ഇന്ന്‌ മുതല്‍ നിലവില്‍ വന്നതായി തെരെഞ്ഞെടുപ്പ്‌ തീയതികള്‍ ന്യൂഡല്‍ഹിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പ്രഖ്യാപിച്ച മുഖ്യ തെഞ്ഞെടുപ്പ്‌ കമ്മീഷന്‍ ഡോ. നസീം സെയ്‌ദി അറിയിച്ചു. കേരളത്തില്‍ 2,56,08,720 സമ്മതിദായകരാണുള്ളത്‌. 2011 ല്‍ ഇത്‌ 2,29,40,408 ആയിരുന്നു. 140 നിയമസഭാ നിയമസഭ സീറ്റുകളില്‍ 14 എണ്ണം പട്ടികജാതിക്കാര്‍ക്കും 2 എണ്ണം പട്ടിക വര്‍ഗ്ഗക്കാര്‍ക്കും വേണ്ടി സംവരണം ചെയ്യപ്പെട്ടവയാണ്‌.
ഇക്കുറി സംസ്ഥാനത്ത്‌ 21,498 പോളിംഗ്‌ സ്റ്റേഷനുകള്‍ ആയിരിക്കും സജ്ജമാക്കുക. കഴിഞ്ഞ തവണത്തേക്കാള്‍ 3.5 ശതമാനം അധികം. ഇക്കുറി കേരളത്തിലെ 12 മണ്‌ഡലങ്ങളില്‍ വോട്ടര്‍ വെരിഫിയബിള്‍ പേപ്പര്‍ ആഡിറ്റ്‌ ട്രയല്‍ അഥവാ വി.വി.പി.എ.റ്റി ഏര്‍പ്പെടുത്തും. സമ്മതിദായകന്‌ തന്റെ വോട്ട്‌ ആര്‍ക്കാണ്‌ രേഖപ്പെടുത്തിയതെന്ന്‌ വ്യക്തമാകുന്ന സംവിധാനമാണിത്‌്‌. വട്ടിയൂര്‍ക്കാവ്‌, നേമം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃക്കാക്കര, തൃശ്ശൂര്‍, പാലക്കാട്‌, മലപ്പുറം, കോഴിക്കോട്‌ നോര്‍ത്ത്‌, കണ്ണൂര്‍, (ടൗണ്‍ ഏരിയയില്‍ മാത്രം) എന്നിവിടങ്ങളിലായിരിക്കും ഈ സംവിധാനം ഏര്‍പ്പെടുത്തുക.
കേരളത്തോടൊപ്പം നിയമസഭതെരെഞ്ഞെടുപ്പ്‌ നടക്കുന്ന മറ്റ്‌ നാല്‌ സംസ്ഥാനങ്ങളിലെയും തെരെഞ്ഞെടുപ്പ്‌തീയതികളും പ്രഖ്യാപിച്ചു. തമിഴ്‌നാട്ടിലും പുതുച്ചേരിയിലും കേരളത്തിലേതു പോലെ മേയ്‌ 16 നാണ്‌ ഒറ്റഘട്ടമായി വോട്ടെടുപ്പ്‌ നടക്കുക. രണ്ടിടത്തും വോട്ടെണ്ണലും മേയ്‌ 19ന്‌ തന്നെ. തമിഴ്‌നാട്ടില്‍ 234 സീറ്റുകളിലേയ്‌ക്കും പുതുച്ചേരിയില്‍ 30 സീറ്റുകളിലേയ്‌ക്കുമാണ്‌്‌തെരെഞ്ഞെടുപ്പ്‌ നടക്കുന്നത്‌.
294 സീറ്റുകളുള്ള പശ്ചിമബംഗാള്‍ നിയമസഭയിലേയ്‌ക്ക്‌ 6 ഘട്ടങ്ങളായിട്ടാണ്‌ വോട്ടെടുപ്പ്‌ നടക്കുക. ഏപ്രില്‍ 4, 11, 17, 21, 25, 30 മേയ്‌ 5 എന്നീ ദിവസങ്ങളിലാണ്‌ പോളിംഗ്‌. 126 മണ്‌ഡലങ്ങളുള്ള അസ്സമില്‍ രണ്ട്‌ ഘട്ടങ്ങളിലായി ഏപ്രില്‍്‌ 4 നും ഏപ്രില്‍ 11 നുമാണ്‌ വോട്ടെടുപ്പ്‌. എല്ലാ സംസ്ഥാനങ്ങളിലെയും വോട്ടെണ്ണല്‍ മേയ്‌ 19 നാണ്‌.
അസ്സമില്‍ 1.98 കോടിയും തമിഴ്‌നാട്ടില്‍ 5.8 കോടിയും പശ്ചിമബംഗാളില്‍ 6.55 കോടിയും പുതുച്ചേരിയില്‍ 9.27 ലക്ഷവും സമ്മതിദായകരാണുള്ളത്‌.

Share this post: