07-Jun-2017
താനൂര്‍ : കേരളത്തിലെ ജനാധിപത്യ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്ന് ഗവര്‍ണര്‍ പി. സദാശിവം പറഞ്ഞു. താനൂര്‍ ദേവദാര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ കേരളാ നിയമസഭാ സെക്രട്ടറിയറ്റ് സംഘടിപ്പിച്ച വിവിധ പരിപാടികളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു ഗവര്‍ണര്‍. കേരളത്തിലെ നിയമ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ മനസ്സിലാക്കിയതിന്റെ അടിസ്ഥാനത്തിലാണ് പറയുന്നതെന്നും ഗവര്‍ണര്‍ പറഞ്ഞു. സംസ്ഥാനത്തിന്റെ പുരോഗതിക്കും ജനങ്ങളുടെ ക്ഷേമത്തിനുമായി നിയമ നിര്‍മ്മാണത്തിന്റെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തുന്ന സംസ്ഥാനം കൂടിയാണ് കേരളം. രാജ്യത്തിന് മാതൃകയായ പല നിയമങ്ങളും കേരളം നടപ്പാക്കിയിട്ടുണ്ടെന്നും ഗവര്‍ണര്‍ പറഞ്ഞു. ഭൂപരിഷ്കരണ നിയമം, വിദ്യാഭ്യാസ നിയമം, പഞ്ചായത്ത് രാജ് തുടങ്ങിയ സുപ്രധാന നിയമങ്ങളിലൂടെ കേരളം മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയാണെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് പറഞ്ഞു. ‘വജ്ര കേരളം’ പരിപാടിയില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു സ്പീക്കര്‍. അധികാര വികേന്ദ്രീകരണത്തിന്റെ ഭാഗമായി 150 അധികാരങ്ങള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കൈമാറിയ ഏക സംസ്ഥാനമാണ് കേരളമെന്നും സ്പീക്കര്‍ പറഞ്ഞു. മുന്‍ നിയമസഭാ അംഗങ്ങളായ ടി.കെ. ഹംസ, സി. ഹരിദാസ്, ഇസ്ഹാഖ് കുരിക്കള്‍, നാലകത്ത് സൂപ്പി, പാലോളി മുഹമ്മദ് കുട്ടി എന്നിവരെ ഗവര്‍ണ്ണര്‍ ആദരിച്ചു. വി. അബ്ദുറഹിമാന് എം.എല്‍.എ, എം.പിമാരായ ഇ.ടി. മുഹമ്മദ് ബഷീര്‍, പി.വി. അബ്ദുല്‍ വഹാബ് തുടങ്ങിയവര്‍ പങ്കെടുത്തു.