Main News
കേരള ബാങ്ക് രൂപീകരണത്തില്‍ സര്‍ക്കാറിന് നിക്ഷിപ്ത താല്‍പ്പര്യങ്ങളില്ല: മന്ത്രി കടകംപള്ളി സുരേന്ദ്രന്‍


വള്ളിക്കുന്ന് : കേരള ബാങ്ക് രൂപീകരണ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാറിന് നിക്ഷിപ്ത താല്‍പ്പര്യങ്ങളില്ലെന്ന് സഹകരണ-ടൂറിസം-ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. വള്ളിക്കുന്ന് അത്താണിക്കലിന് സമീപം മുണ്ടിയന്‍കാവ് പറമ്പില്‍ പ്രവര്‍ത്തനം തുടങ്ങിയ വള്ളിക്കുന്ന് പട്ടികജാതി സര്‍വ്വീസ് സഹകരണ സംഘത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു മന്ത്രി. സഹകരണ പ്രസ്ഥാനത്തിന്റെ വളര്‍ച്ചയും ജനക്ഷേമവുമാണ് സര്‍ക്കാറിന്റെ ലക്ഷ്യം. കേരള ബാങ്ക് രൂപീകരണത്തില്‍ പിന്നോട്ടുനില്‍ക്കുന്ന മലപ്പുറം ജില്ലാ ബാങ്ക് ഇനിയെങ്കിലും ഇക്കാര്യത്തില്‍ സഹകരിക്കുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു.
പട്ടികജാതി വിഭാഗക്കാര്‍ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കടന്നുവരികയാണ്. എന്നാല്‍ സംസ്ഥാനത്തെ പട്ടികജാതി സഹകരണ സംഘങ്ങള്‍ വേണ്ടത്ര സജീവമാക്കാനായിട്ടില്ല. അതിനാല്‍ ഇത്തരം സഹകരണ സംഘങ്ങളെ പുനരുജ്ജീവിപ്പിക്കാന്‍ പുനര്‍ജ്ജനി പദ്ധതി ആവിഷ്‌ക്കരിച്ച് നടപ്പാക്കാന്‍ നടപടികള്‍ തുടങ്ങിയിട്ടുണ്ട്. ആയിരത്തിലധികം കോടി രൂപയുടെ നിക്ഷേപമുള്ള സഹകരണ സംഘങ്ങള്‍ക്ക് പോലും ഗുണഭോക്താക്കള്‍ക്കായി ആധുനികസൗകര്യങ്ങളൊരുക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. ഇതില്‍ മാറ്റം വരണം. കൂടുതല്‍ സൗകര്യങ്ങള്‍ എത്രയും വേഗത്തില്‍ നടപ്പാക്കാനാകണം. ഇതിനാലാണ് യുവജനങ്ങളെ സഹകരണ ബാങ്കുകളിലേക്ക് ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെ കേരള ബാങ്ക് രൂപീകരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. ചടങ്ങില്‍ പി അബ്ദുല്‍ഹമീദ് മാസ്റ്റര്‍ എംഎല്‍എ അധ്യക്ഷനായി. മലപ്പുറം ജില്ലാ ജോയിന്റ് രജിസ്ട്രാര്‍ ടി മുഹമ്മദ് അഷ്റഫ് സ്ഥിരനിക്ഷേപവും വള്ളിക്കുന്ന് പഞ്ചായത്ത് പ്രസിഡന്റ് വിഎന്‍ ശോഭന സേവിംഗ്സ് ബാങ്ക് നിക്ഷേപും സ്വീകരിച്ചു. ഷെയര്‍ സര്‍ട്ടിഫിക്കറ്റ് എസി-എസിടി കേരള ഫെഡറേഷന്‍ ചെയര്‍മാന്‍ പാലക്കണ്ടി വേലായുധന്‍ വിതരണം ചെയ്തു. ആഭരണനിര്‍മ്മാണ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ വിപി സോമസുന്ദരന്‍, തിരൂരങ്ങാടി ജനറല്‍ അസിസ്റ്റന്റ് രജിസ്ട്രാര്‍ സുരേന്ദ്രന്‍ ചെമ്പ്ര, എസ്.സി-എസ്.ടി വിഭാഗം അസിസ്റ്റന്റ് രജിസ്ട്രാര്‍ എപി സുമേഷ്, തിരൂരങ്ങാടി യൂനിറ്റ് ഇന്‍സ്പെക്ടര്‍ പി സജിത്, തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്തംഗം പ്രീതാറാണി, വള്ളിക്കുന്ന് പഞ്ചായത്തംഗങ്ങളായ പ്രശാന്ത് ചിമ്മിനി, തിരൂരങ്ങാടി മര്‍ക്കന്റയില്‍ സഹകരണ സംഘം പ്രസിഡന്റ് പി സുനില്‍കുമാര്‍, വല്ലിയാര്‍ ലേബര്‍ കോണ്‍ട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റി വൈസ് പ്രസിഡന്റ് ഒ രാധാകൃഷ്ണന്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ കായമ്പടം വേലായുധന്‍, ഉണ്ണിമൊയ്തു, പിതാംബരന്‍ പാലാട്ട്, കെ വിശ്വനാഥന്‍, വികെ രാമചന്ദ്രന്‍ മാസ്റ്റര്‍, പാണ്ടി ഹസ്സന്‍, പനോളി ദാസന്‍ എന്നിവര്‍ സംസാരിച്ചു.വള്ളിക്കുന്ന് പട്ടികജാതി സര്‍വ്വീസ് സഹകരണ സംഘം പ്രസിഡന്റ് പാറോല്‍ കൃഷ്ണന്‍ സ്വാഗതവും വൈസ് പ്രസിഡന്റ് കെ രാമകൃഷ്ണന്‍ നന്ദിയും പറഞ്ഞു.

Share this post: