Main News
കൊച്ചിയില്‍ ചികിത്സയിലുള്ള യുവാവിന് നിപ സംശയിക്കുന്നതായി ആരോഗ്യമന്ത്രി

തിരുവനന്തപുരം: കൊച്ചിയിൽ ചികിത്സയിലുള്ള യുവാവിന് നിപ വൈറസ് ബാധ സംശയിക്കുന്നതായി ആരോഗ്യ മന്ത്രി കെ.കെ. ശൈലജ. ആദ്യ പരിശോധനയിൽ നിപ സംശയിക്കാവുന്ന ഫലമാണ് ലഭിച്ചത്. പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ ഫലം വന്നാലെ അന്തിമ നിഗമനത്തിലെത്താൻ സാധിക്കൂവെന്നും മന്ത്രി പറഞ്ഞു.

കോഴിക്കോട് നിന്ന് ഡോക്ടർമാരുടെ സംഘവും ആരോഗ്യമന്ത്രി കെകെ ശൈലജയും കൊച്ചിയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. നിപയാണെന്ന് സംശയമുയര്‍ന്ന സാഹചര്യത്തില്‍ ആരോഗ്യവകുപ്പ് സെക്രട്ടറി കൊച്ചിയില്‍ യോഗം വിളിച്ചിട്ടുണ്ട്. യോഗത്തില്‍ കലക്ടര്‍ പങ്കെടുക്കും. തൃശ്ശൂരിലും ആരോഗ്യവകുപ്പിന്റെ അടിയന്തര യോഗം ചേരുന്നുണ്ട്. രോഗി തൃശ്ശൂരില്‍ താമസിച്ചിരുന്നുവെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണിത്. സമാനമായ രോഗ ലക്ഷണങ്ങളുള്ളവര്‍ ഉടന്‍ത്തന്നെ ചികിത്സ തേടണമെന്നും ആരോഗ്യമന്ത്രി അറിയിച്ചു.

അതേസമയം ജനങ്ങള്‍ അനാവശ്യമായി ഭയപ്പെടേണ്ടതില്ലെന്നും ആരോഗ്യമന്ത്രി അറിയിച്ചു. സമാനമായ രോഗലക്ഷണങ്ങള്‍ മറ്റാര്‍ക്കും ഉള്ളതായി എവിടെയും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ചികിത്സയില്‍ കഴിയുന്ന കുട്ടിക്ക് പത്ത് ദിവസത്തിലധികമായി പനിയുണ്ടായിരുന്നു. എന്നാല്‍ കഠിനമായ ചുമയും പനിയും മറ്റ് ലക്ഷണങ്ങളുമൊക്കെ കാണുകയാണെങ്കില്‍ ഒട്ടും താമസിപ്പിക്കാതെ ഉടന്‍ ചികിത്സ തേടണമെന്നും ആരോഗ്യമന്ത്രി അറിയിച്ചു.

Share this post: