Main News
കൊറോണ:ജില്ലയില്‍ ജാഗ്രതയും നിരീക്ഷണവും ശക്തമാക്കി

03/02/2019
മലപ്പുറം:കൊറോണ വൈറസ് ആശങ്കയുടെ പശ്ചാത്തലത്തില്‍ ജില്ലയില്‍ ജാഗ്രതയും നിരീക്ഷണവും ശക്തമാക്കി. ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ഉന്നത ഉദ്യോഗസ്ഥര്‍ യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. ജില്ലയില്‍ വീടുകളില്‍ 330 പേരും മഞ്ചേരി മെഡിക്കല്‍ കോളജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ 13 പേരും നിരീക്ഷണത്തിലാണ്. രോഗം റിപ്പോര്‍ട്ട് ചെയ്ത രാജ്യങ്ങളില്‍ നിന്നെത്തിയ 13 പേരെ 28 ദിവസം പൂര്‍ത്തിയായതോടെ നിരീക്ഷണത്തില്‍ നിന്ന് ഒഴിവാക്കി. ഇന്നലെ (ഫെബ്രുവരി മൂന്ന്) മുതല്‍ 25 പേര്‍ കൂടി പുതുതായി നിരീക്ഷണത്തിലുണ്ട്. മൂന്ന് പേരെ പുതുതായി ഐസൊലേഷന്‍ വാര്‍ഡിലും പ്രവേശിപ്പിച്ചു.

നേരത്തെ പരിശോധനയ്ക്കയച്ച 17 സാമ്പിളുകളില്‍ രണ്ടെണ്ണം രോഗബാധയില്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. 15 സാമ്പിളുകളുടെ ഫലം അറിയാനുണ്ട്. ഇന്നലെ (ഫെബ്രുവരി മൂന്ന്) ഒന്‍പത് സാമ്പിളുകള്‍ കൂടി പരിശോധനയ്ക്കയച്ചു. ഐസൊലേഷന്‍ വാര്‍ഡുകള്‍ സജ്ജമാണ്. മഞ്ചേരി മെഡിക്കല്‍ കോളജില്‍ 30 കിടക്കകളും തിരൂര്‍ ജില്ല ആശുപത്രിയില്‍ അഞ്ച് കിടക്കകളുമാണ് സജ്ജീകരിച്ചിരിക്കുന്നത്. ആവശ്യമെങ്കില്‍ സര്‍ക്കാര്‍ ആശുപത്രികളിലും സ്വകാര്യ ആശുപത്രികളിലും കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കും. വീടുകളില്‍ നിരീക്ഷണത്തിലുള്ളവര്‍ക്ക് മാനസികസമര്‍ദ്ദം കുറയ്ക്കുന്നതിന് പ്രത്യേക കൗണ്‍സില്‍ നല്‍കും. രോഗബാധിത രാജ്യങ്ങളില്‍ നിന്ന് തിരിച്ചെത്തിയവര്‍ ജില്ലയിലെ കണ്‍ട്രോള്‍ റൂം നമ്പറുകളായ 0483 2737858, 0483 2737857 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം. കോറോണ ലക്ഷണങ്ങള്‍ സംശയിക്കുന്ന സാഹചര്യത്തിലും കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടാവുന്നതാണ്. 9383464212 എന്ന മൊബൈല്‍ നമ്പറില്‍ വാട്‌സാപ്പ് സൗകര്യവും ലഭ്യമാണ്. dmoesttmlpm@gmail.com എന്ന മെയില്‍ വഴിയും സംശയ ദൂരീകരണം നടത്താം.

Share this post: