27-Dec-2016
മലപ്പുറം: സംസ്ഥാനത്തെ ഏറ്റവും വലിയ സാമ്പത്തിക കുറ്റകൃത്യങ്ങളിലൊന്നായ എടപ്പാള്‍ കോലളബ് കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായുള്ള എന്‍ഫോഴ്മെന്റ് നടപടികള്‍ അവസാനഘട്ടത്തില്‍.
കേസിലെ പ്രതികളുടെ പേരില്‍ കേരളത്തിലും കര്‍ണാടകയിലുമുള്ള സ്വത്തുക്കള്‍ കണ്ടുകെട്ടുന്ന നടപടികളാണ് എന്‍ഫോഴ്സ്മെന്റ് അധികൃതര്‍ പൂര്‍ത്തിയാക്കിയത്. പണം പലമടങ്ങായി തിരിച്ച് നല്‍കാമെന്ന വാഗ്ദാനം നല്കി 2008 മുതല്‍ എടപ്പാള്‍, കുറ്റിപ്പുറം, തിരുവേഗപ്പുറ, വാളാഞ്ചേരി, കുന്നംകുളം മേഖലയിലെ നിരവധി പേരില്‍ നിന്നും 2000 കോടിയോളം രൂപ നിക്ഷേപം സ്വീകരിച്ച് ഇടപാടുകാരന് മുങ്ങിയതാണ് കേസ്. തട്ടിപ്പുമായി ബന്ധപെട്ട് രജിസ്ട്രര്‍ ചെയ്ത 32 കേസുകളിലായി ആറ് പേരെ ക്രൈം ബ്രാഞ്ച് അന്വേഷണ സംഘം നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
ആദ്യ കാലത്ത് ലോക്കല്‍ പോലീസ് അന്വേഷിച്ച കേസ് നടപടി ആകാത്തതിനെ തുടര്‍ന്ന് ക്രൈം ബ്രാഞ്ചിനും പിന്നീട് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിനും കൈമാറുകയായിരുന്നു.
ഇതിനെ തുടര്‍ന്നാണ് അന്വേഷണം ഊര്‍ജ്ജിതമായത്. ഇതോടെ തട്ടിപ്പിലൂടെ സ്വരൂപിച്ച പണം ഉപയോഗിച്ച് വാങ്ങികൂട്ടിയ ഭൂമിയെ കുറിച്ചുള്ള വിരവങ്ങള്‍ അന്വേഷണ സംഘത്തിന് വ്യക്തമായിരുന്നു.
കഴിഞ്ഞ ഒരു വര്‍ഷത്തിലധികമായി എന്‍ഫോഴ്മെന്റ് അധികൃതര്‍ ഈ വസ്തു വകകളുടെ ഏറ്റെടുക്കല്‍ നടപടികളുമായി മുന്നോട്ട് പോകുകയായിരുന്നു. പൊന്നാനി, കോലളബ്, എടപ്പാള്‍, കുന്നംകുളം, പെരുമ്പടപ്പ്, ബാംഗ്ലൂര്‍ എന്നിവിടങ്ങളിലായി വീടും ഭൂമിയുമുള്പടെ 37 സ്വത്തുക്കളും പണവുമാണ് ഇതുവരെ ക ണ്ടുകെട്ടിയിട്ടുള്ളത്.
ഒരു കോടി പത്ത് ലക്ഷം രൂപ പണമായും ഏതാണ്ട് 150 കോടിയോളം രൂപ വിലവരുന്ന സ്വത്തുക്കളുമാണ് ഇതുവരെ കണ്ടുകെട്ടിയിട്ടുള്ളത്. രേഖകള്‍ പ്രകാരം മൂന്ന് കോടിയുടെ മൂല്യമാണ് രേഖപെടുത്തിയിട്ടുള്ളതെങ്കിലും ഇവക്ക് ഇപ്പോള്‍ 150 കോടിയോളം രൂപയുടെ മൂല്യം വരുമെന്നാണ് കേസില്‍ പണം നഷ്ടപെട്ടവര്‍ പറയുന്നത്.
കണ്ടുകെട്ടിയ സ്വത്തുക്കളില്‍ എന്‍ഫോഴ്സ്മെന്റ് അധികൃതര്‍ ബോഡുകള്‍ സ്ഥാപിച്ചു. ഈ സ്വത്തുക്കള്‍ അവയുടെ മൂല്യം കണക്കാക്കി നിയമപരമായ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം പണം നഷ്ടപെട്ടവര്‍ക്ക് തിരിച്ച് നല്‍കുമെന്ന പ്രതീക്ഷയിലാണ് തട്ടിപ്പിനിരയായവര്‍. സാമ്പത്തിക കുറ്റകൃത്യം നടത്തുന്നവരുടെ സ്വത്ത് കണ്ടുകെട്ടി അവ നഷ്ടപെട്ടവര്‍ക്ക് തിരികെ ലഭിക്കാന്‍ കഴിയും വിധം കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ ഭരണഘടനാ ഭേതഗതിയില്‍ പ്രതീക്ഷയര്‍പ്പിച്ചിരിക്കുകയാണ് ഇവര്‍. എന്നാല്‍ ഈ നിയമത്തിന് അനുബന്ധമായി കേരളത്തില്‍ നിയമപരമായ നടപടികള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്.മുഖ്യമന്ത്രി പിണറായി വിജയനും സ്ഥലം എംഎല്‍എയും മന്ത്രിയുമായ കെ ടി ജലീലിനും അപേക്ഷ നല്കി കാത്തിരിക്കുകയാണ് ഇവര്‍.