Main News
കോവിഡ് 19: മലപ്പുറം ജില്ലയില്‍ 14 പേര്‍ക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു

മലപ്പുറം:

ജില്ലയില്‍ 14 പേര്‍ക്ക് കൂടി ഇന്ന് (ജൂണ്‍ ഒന്ന്) കോവിഡ് 19 സ്ഥിരീകരിച്ചു. മെയ് 23 ന് മുംബൈയില്‍ നിന്ന് പ്രത്യേക തീവണ്ടിയില്‍ ഒരുമിച്ചെത്തിയ  താനാളൂര്‍ പാണ്ടിയാട് സ്വദേശി 55 കാരന്‍, 52 ഉം 43 ഉം വയസ്സുള്ള ഇയാളുടെ സഹോദരന്മാര്‍,  ബംഗളൂരുവില്‍ നിന്ന് മെയ് 17 ന് എത്തിയ തൃക്കലങ്ങോട് എളങ്കൂര്‍ കുട്ടശ്ശേരി സ്വദേശി 21 കാരന്‍, മെയ് 17 ന് തന്നെ മംഗളൂരുവില്‍ നിന്ന് എത്തിയ ആലിപ്പറമ്പ് വാഴേങ്കട സ്വദേശി 26 കാരന്‍, ചെന്നൈയില്‍ നിന്ന് മെയ് 19 ന് തിരിച്ചെത്തിയ താഴേക്കോട് മാട്ടറക്കല്‍ സ്വദേശിനി 26 കാരി, മുംബൈയില്‍ നിന്ന് പ്രത്യേക വിമാനത്തില്‍ കൊച്ചി വഴി മെയ് 26 ന് എത്തിയ ചങ്ങരംകുളം കോക്കൂര്‍ സ്വദേശി 52 കാരന്‍, മെയ് 26 ന് സ്വകാര്യ ബസില്‍ മുംബൈയില്‍ നിന്ന് തിരിച്ചെത്തിയ മാറഞ്ചേരി സ്വദേശി 42 കാരന്‍, ജിദ്ദയില്‍ നിന്ന് പ്രത്യേക വിമാനത്തില്‍ മെയ് 29 ന് കരിപ്പൂരിലെത്തിയ വേങ്ങര എ.ആര്‍.നഗര്‍ ബസാര്‍ നോര്‍ത്ത് കൊളപ്പുറം സ്വദേശി 44 കാരന്‍, മോസ്‌കോയില്‍ നിന്ന് പ്രത്യേക വിമാനത്തില്‍ തിരുവനന്തപുരം വഴി മെയ് 21 ന് ജില്ലയിലെത്തിയ പെരുമ്പപ്പ് നൂണക്കടവ് സ്വദേശി 24 കാരന്‍, ദുബായില്‍ നിന്ന് മെയ് 29 ന് പ്രത്യേക വിമാനത്തില്‍ കരിപ്പൂരിലെത്തിയ പൊന്മുണ്ടം കുറ്റിപ്പാല സ്വദേശി 24 കാരന്‍, മെയ് 29 ന് തന്നെ കുവൈത്തില്‍ നിന്ന് പ്രത്യേക വിമാനത്തില്‍ കരിപ്പൂരില്‍ തിരിച്ചെത്തിയ ചേലേമ്പ്ര വൈദ്യരങ്ങാടി സ്വദേശി 33 കാരന്‍, ചെന്നൈയില്‍ നിന്ന് മെയ് 12 ന് എത്തിയ നന്നമ്പ്ര തെയ്യാലുങ്ങല്‍ വെള്ളിയാമ്പുറം സ്വദേശി 30 കാരന്‍, മെയ് 28 ന് ചെന്നൈയില്‍ നിന്നെത്തിയ എ.ആര്‍.നഗര്‍ മമ്പുറം സ്വദേശി 30 കാരന്‍ എന്നിവര്‍ക്കാണ് രോഗബാധയെന്ന്  ജില്ലാ കലക്ടറുടെ ചുമതലയുള്ള എ.ഡി.എം. എന്‍.എം. മെഹറലി അറിയിച്ചു. ഇവരെല്ലാം കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രമായ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഐസൊലേഷനിലാണ്.

രോഗം സ്ഥിരീകരിച്ചവരുമായി ഏതെങ്കിലും വിധത്തില്‍ സമ്പര്‍ക്കമുണ്ടായവര്‍  വീടുകളില്‍ പൊതു സമ്പര്‍ക്കമില്ലാതെ പ്രത്യേക മുറികളില്‍ നിരീക്ഷണത്തില്‍ കഴിയണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഈ വിവരം ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കണം.  വീടുകളില്‍ നിരീക്ഷണത്തിന് സൗകര്യമില്ലാത്തവര്‍ക്ക് സര്‍ക്കാര്‍ ഒരുക്കിയ കോവിഡ് കെയര്‍ സെന്ററുകള്‍ ഉപയോഗപ്പെടുത്താം. ആരോഗ്യ പ്രശ്‌നങ്ങളുണ്ടായാല്‍ ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുത്. ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണം.

Share this post: