Main News
ഗെയിൽ; അടുത്ത മാസം മുതൽ മലപ്പുറത്തെ വീടുകളിൽ പകുതിയിൽ താഴെ വിലക്ക് പാചകവാതകമെത്തും

12/02/2020
മലപ്പുറം:സംസ്ഥാനത്തിന്റെ വികസനത്തിന് കുതിപ്പേകുന്ന ഗെയിൽ വാതക പൈപ്പ്‌ ലൈൻ അടുത്തമാസം പൂർത്തിയാകും. ഇതോടെ മലപ്പുറമടക്കം ഏഴ്‌ ജില്ലയിലെ വീടുകളിലും വ്യവസായ സ്ഥാപനങ്ങളിലും കുറഞ്ഞ ചെലവിൽ ഇന്ധനം ലഭ്യമാകും. പാചക വാതകത്തിന് കേന്ദ്ര സർക്കാർ വൻതോതിൽ വില കൂട്ടുന്ന സാഹചര്യത്തിൽ ജനങ്ങൾക്ക് ആശ്വാസം പകരുന്നതാണ് ഗെയിൽ പദ്ധതി. പൈപ്പ് ലൈൻ കടന്നുപോകുന്ന സ്ഥലങ്ങളിലെ വീടുകൾക്കായിരിക്കും അദ്യ ഘട്ടത്തിൽ വാതകം ലഭിക്കുക.

പൊതുമേഖലാ സ്ഥാപനമായ ഗെയിൽ നടപ്പാക്കുന്ന കൊച്ചി–- മംഗളൂരു വാതകപൈപ്പ്‌ ലൈനിന്റെ 404 കിലോമീറ്ററിൽ അവശേഷിക്കുന്നത്‌ ഏതാനും കിലോമീറ്ററുകൾമാത്രം. കാസർകോട്‌ ചന്ദ്രഗിരി പുഴയിലൂടെയുള്ള പൈപ്പിടലാണ്‌ ശേഷിക്കുന്നത്‌. ഇത്‌ ആഴ്‌ചകൾക്കുള്ളിൽ പൂർത്തിയാകും.

എറണാകുളം, തൃ‌ശൂർ, മലപ്പുറം, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കാസർകോട‌് ജില്ലകളിലൂടെയാണ് പൈപ്പ് ലൈൻ കടന്നുപോകുന്നത്. കമ്പനികൾക്കും മറ്റും വലിയ അളവിലുള്ള വാതകവിതരണം ഗെയിൽ നിർവഹിക്കും. വീട്‌, വാഹനങ്ങൾ എന്നിവയ്‌ക്കുള്ള വിതരണം മാർച്ചിൽ പൂർണതോതിലാകും. നിലവിൽ കൊച്ചി, തൃശൂർ എന്നിവിടങ്ങളിൽ വാതകം വിതരണം ചെയ്യുന്നുണ്ട്‌.

2010 ലാണ് വാതക പൈപ്പ് ലൈൻ പദ്ധതിക്ക് തുടക്കമായത്. 2012 ജനുവരിയിൽ കൊച്ചി––മംഗളൂരു, കൊച്ചി–-കോയമ്പത്തൂർ–-ബംഗളൂരു പദ്ധതിക്കും അനുമതി ലഭിച്ചു. എന്നാൽ, സ്ഥലം ഏറ്റെടുക്കാത്തതിനെ തുടർന്ന് 2014ൽ മുഴുവൻ കരാറുകളും ഗെയിൽ ഉപേക്ഷിച്ചു. പിന്നീട്‌ എൽഡിഎഫ‌് സർക്കാർ അധികാരത്തിലേറി 2016 ജൂണിലാണ് പദ്ധതിക്ക്‌ ജീവൻവച്ച്‌ നാലുവർഷത്തിനുള്ളിൽ പൂർത്തിയാകുന്നത്‌. പാചകവാതകം നിലവിലുള്ളതിന്റെ പകുതിയിൽ താഴെ വിലക്കായിരിക്കും ലഭ്യമാവുക.

Share this post: