Main News
ചരിത്ര സംഭവമായി സൂര്യയുടേയും ഇഷാന്റെയും വിവാഹം

10/05/2018

കേരള ചരിത്രത്തിലെ ആദ്യത്തെ ട്രാൻസ് ജെൻഡർ വിവാഹത്തിന് തലസ്ഥാന നഗരി സാക്ഷിയായി. സൂര്യയുടെ ക‍ഴുത്തിൽ ഇഷാൻ മിന്നുചാർത്തിയപ്പോൾ ആയിരങ്ങൾ ആചരിത്ര മുഹൂർത്തത്തിൽ പങ്കെടുത്തു. വ്യത്യസ്ത മതക്കാരായ സൂര്യയും ഇഷാനും സ്പെഷ്യൽ മാര്യേജ് ആക്റ്റ് പ്രകാരം വിവഹിതരായപ്പോൾ ഇരുവരുടേയും ബന്ധുക്കൾ സാക്ഷികളായി. ആറുവർഷത്തെ സൗഹൃദത്തിനൊടുവിലാണ് ഇരുവരും വിവാഹതിരായത്.നേരത്തെ ഇരുവരും ലിംഗമാറ്റ ശസത്രക്രിയയ്ക്ക് വിധേയരായിരുന്നു.ഐ ഡി കാർഡുകളിൽ സൂര്യ സ്ത്രീയും,ഇഷാൻ പുരുഷനും ആയിരുന്നതിനാൽ നിയമവിധേയമായി വിവാഹം നടത്താൻ തടസ്സങ്ങൾ ഒന്നുമുണ്ടായിരുന്നില്ല.ഇരു കുടുംബങ്ങളുടേയും പൂർണ്ണ സമ്മതവും വിവാഹത്തിന് ലഭിച്ചു

രാവിലെ പത്ത് മണിയോടെ തിരുവനന്തപുരം മന്നം മെമ്മോറിയൽ ക്ളബ്ബിലായിരുന്നു വിവാഹം.സംഗീതത്തിന്റെ അകമ്പടിയോടെ ഇരുവരും വേദിയിലേക്കെത്തിയപ്പോൾ ആർപ്പുവിളോടെ സ്വീകരണം.വേദിയിൽ എത്തിയ ഇരുവരും പരസ്പരം ഹാരമണിഞ്ഞു സ്വീകരിച്ചു.പീന്നീട് കേരളം സാക്ഷ്യം വഹിച്ചത് ചരിത്രമുഹുർത്തത്തിന്. സൂര്യയുടെ ക‍ഴുത്തിൽ താലി ചാർത്തി ഇഷാൻ അവളെ സ്വന്തമാക്കി.

33 കാരിയായ സൂര്യ 2014 ലാണ് ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയയായി സ്ത്രീയായി മാറിയത്. അറിയപ്പെടുന്ന സാമൂഹിക പ്രവർത്തകയും ഡബ്ബിംഗ് ആർട്ടിസ്റ്റുമാണ് സൂര്യ. ട്രാൻസ്ജെൻഡർ ബോർഡംഗവുമാണ് ഇവർ.ഇഷാനാവട്ടെ, ട്രാൻസ്ജെൻഡർ ജസ്ററിസ് ബോർഡ് തിരുവനന്തപുരം ജില്ലാ സമിതി അംഗവും.

Share this post: