Main News
ചെങ്കല്‍ ക്വാറി മേഖല പ്രതിസന്ധിയില്‍


മലപ്പുറം : ചെങ്കല്‍ ക്വാറി മേഖല കടുത്ത പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കയാണെന്ന് ആള്‍ കേരള ചെങ്കല്‍ ഉത്പ്പാദക ഉടമസ്ഥ ക്ഷേമസംഘം മലപ്പുറം ജില്ലാ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ചെങ്കല്‍ ക്വാറികള്‍ക്ക് പരിസ്ഥിതി അനുമതി നല്‍കിയിരുന്ന ജില്ലാ എന്‍വയോണ്‍മെന്റല്‍  ഇംപക്ട് അസസ്സ്‌മെന്റ് അതോറിറ്റി (ഡി .ഇ. ഐ.എ എ )  നിലവില്‍ ഇല്ലാത്തതു കാരണം പെര്‍മിറ്റ് നല്‍കുന്നില്ല. മലപ്പുറം ജില്ലയിലെ ചെങ്കല്‍ ക്വാറികള്‍ക്ക് പെര്‍മിറ്റ് അനുവദിച്ചു തരാനുള്ള ഡിയാ കമ്മിറ്റികള്‍ സസ്‌പെന്റ് ചെയ്യപ്പെടുകയും നിലവില്‍ പകരം സംവിധാനം ജില്ലാ തലത്തില്‍ ഇല്ലാതിരിക്കുകയും ചെയ്യുന്ന ഈ സാഹചര്യത്തില്‍ ജിയോളജി വകുപ്പും റവന്യു വകുപ്പും പോലീസും ക്വാറികളില്‍ റെയ്ഡ് നടത്തി ലക്ഷങ്ങള്‍ ഫൈന്‍ ചുമത്തുകയും വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്യുന്നു. ഈ രീതിയിലുള്ള നിലപാട് തുടര്‍ന്നു പോയാല്‍ ഈ വ്യവസായം തകര്‍ച്ചയിലാവുകയും ക്വാറികള്‍ നിര്‍ത്തിവെക്കേണ്ട സാഹചര്യം വരുകയും  ആയിരക്കണക്കിന് നടത്തിപ്പുകാരും തൊഴിലാളികളും അനുബന്ധ പ്രവര്‍ത്തനങ്ങളും പ്രതിസന്ധിയിലാവുകയും ചെയ്യും. ആയതിനാല്‍ ഈ രീതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ച് ജില്ലാതല ഡിയാ കമ്മിറ്റികള്‍ പുനസ്ഥാപിച്ച് ഖനന പെര്‍മിറ്റ് എടുക്കാനുള്ള സാഹചര്യം ഉണ്ടാക്കി തരണമെന്ന് ആവശ്യപ്പെടുന്നു.
2018 ഡിസംബര്‍ 11-ാം തിയ്യതി  ഇ സി കമ്മിറ്റികള്‍ നിലവിലില്ലാത്തതു കാരണം ചെങ്കല്‍ ക്വാറികളുടെ പ്രവര്‍ത്തനം നിലച്ചിരിക്കയാണ്. കഴിഞ്ഞ ഒരു വര്‍ഷകാലം പുതിയ ഖനനത്തിന്് അനുമതി  നല്‍കുന്നില്ല. അതിനാല്‍ ഈ മേഖലയില്‍ ജോലിയെടുപ്പിക്കുന്നവരും ജോലിയെടുക്കുന്നവരും വളരെയധികം ദുരിതത്തിലാണ്. രേഖാപരമായ അനുമതി ഇല്ലാതെ ഇപ്പോള്‍ നടക്കുന്ന ഖനനം വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകളുടെ നിരന്തരമായ അധാര്‍മ്മികമായ പരിശോധനയുടെ ഫലമായി ലക്ഷങ്ങള്‍ ഫൈന്‍ അടപ്പിക്കുന്നതിനാലും വാഹനങ്ങള്‍ പിടിച്ചെടുക്കുന്നതിനാലും ജോലി ചെയ്യിക്കുവാനും ജോലി ചെയ്യാനും വയ്യാത്ത അവസ്ഥ സൃഷ്ടിക്കുകയാണ്. ആയതിനാല്‍ ഡിയ, ഡിയാക്ക്  കമ്മിറ്റികള്‍ പുനസ്ഥാപിച്ച് ഈ മേഖലയില്‍ ഖനനം നടത്തുന്നതിനുള്ള അനുമതി നല്‍കാനുള്ള നടപടികള്‍ സ്വീകരിച്ച്  ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരെ സഹായിക്കണമെന്ന് ആവശ്യപ്പെടുന്നു.
മലപ്പുറം ജില്ലയില്‍ ഭൂരിഭാഗം കെട്ടിട നിര്‍മ്മാണവും ചെങ്കല്‍ കൊണ്ടുള്ളതാണ്. ക്വാറികളില്‍ നിന്നും മുറിച്ചെടുക്കുന്ന ചെങ്കല്‍ ഉപയോഗിച്ചാണ് കെട്ടിട നിര്‍മ്മാണം നടത്തി വരുന്നത്. 25000 ത്തിലധികം പാവപ്പെട്ട ഏറ്റവും താഴെക്കിടയിലുള്ള തൊഴിലാളികളാണ് ഈ മേഖലയില്‍ ജോലി ചെയ്തു വരുന്നത്. പതിനായിരത്തിലേറെ ലോറികള്‍ ചെങ്കല്‍ കൊണ്ടുപോകുന്ന പ്രവൃത്തിയില്‍ ഏര്‍പ്പെട്ടിട്ടുള്ളതിനാല്‍ ആയതിലെ 25000 ത്തിലേറെ ലോറി തൊഴിലാളികളും ലക്ഷക്കണക്കിന് കയറ്റിറക്ക് തൊഴിലാളികളും ചെങ്കല്‍ ഉപയോഗിച്ച് നിര്‍മ്മാണ പ്രര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു കൊണ്ടിരിക്കുന്ന തൊഴിലാളികളും  തൊഴില്‍ ഭീഷണി നേരിട്ടുകൊണ്ടിരിക്കുകയും ചെയ്യുന്നു. സമൂഹത്തിലെ ഏറ്റവും താഴെക്കിടയില്‍ നിത്യകൂലിക്ക് ജോലി ചെയ്യുന്ന ആളുകളുടെ ഏക വരുമാനമായിരുന്ന ചെങ്കല്‍ ക്വാറികളുടെ പ്രവര്‍ത്തനം ബഹു. ഹരിത ട്രിബ്യുണലിന്റെ വിധി പ്രകാരം തടസ്സപ്പെട്ടിരിക്കയാണ്.
വര്‍ഷങ്ങളായി ഈ മേഖലയില്‍ തൊഴില്‍ ചെയ്ത് ജീവിക്കുന്ന ആയിരക്കണക്കിന് കുടുംബങ്ങളും അവരുമായി ബന്ധപ്പെട്ട പതിനായിരക്കണക്കിന് തൊഴിലാളികളും വലിയ പ്രയാസത്തിലാണ്. എത്രയും വേഗത്തില്‍ ചെങ്കല്‍ ക്വാറികള്‍ക്ക് പെര്‍മിറ്റ് ലഭ്യമാക്കാന്‍ ജില്ലാ എന്‍വയോണ്‍മെന്റല്‍  ഇംപക്ട് അസസ്സ്‌മെന്റ് അതോറിറ്റി  ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ നടപടി സ്വീകരിക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.
വാര്‍ത്താ സമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് അബു ത്വാഹിര്‍, ജില്ലാ സെക്രട്ടറി ഇ കെ അബ്ദു, ജില്ലാ ട്രഷറര്‍ അയൂബ് , സംസ്ഥാന ട്രഷറര്‍ മൊയ്തുട്ടി ഹാജി , ജില്ലാ വൈസ് പ്രസിഡന്റ് കെ കെ ഷൗക്കത്തലി, ഒ. കെ സുബൈര്‍  ജില്ലാ ജോ. സെക്രട്ടറിമാരായ അബ്ദുല്‍ അസീസ്, ശിഹാബ് എന്നിവര്‍ പങ്കെടുത്തു.

Share this post: