Top Stories
ജനങ്ങളാണ്‌ ജീവനക്കാരുടെ യജമാനന്‍മാര്‍ : വി.എസ്‌.അച്യുതാനന്ദന്‍
May 29, 2016

vs-ngo-state-conference-mal28, May 2016
മലപ്പുറം : പുതിയ സര്‍ക്കാരിന്റെ ജനകീയ സമീപനങ്ങള്‍ക്ക്‌ പൂര്‍ണ്ണ പിന്തുണ നല്‍കേണ്ടത്‌ സര്‍ക്കാര്‍ ജീവനക്കാരാണെന്നും, കാര്യക്ഷമമായ സിവില്‍ സര്‍വ്വീസ്‌ എന്ന മുദ്രാവാക്യം കൂടുതല്‍ കരുത്തോടെ എന്‍.ജി.ഒ. യൂണിയന്‍ ഉയര്‍ത്തിപിടിക്കണമെന്നും, ജനങ്ങളാണ്‌ ഉദ്യോഗസ്ഥരുടെ യജമാനന്‍മാരെന്നും വി.എസ്‌. അച്യൂതാനന്ദന്‍ പറഞ്ഞു. മലപ്പുറം റോസ്‌ ലോഞ്ച്‌ ഓഡിറ്റോറിയത്തില്‍ ആരംഭിച്ച കേരള എന്‍.ജി.ഒ. യൂണിയന്‍ 53-ാം സംസ്ഥാന സമ്മേളനം ഉദ്‌ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്രത്തില്‍ അധികാരത്തിലുള്ള ആര്‍.എസ്‌.എസ്‌. നേതൃത്വത്തിലുള്ള ബി.ജെ.പി. ഗവണ്‍മെന്റിന്റെ തീവ്ര ഹിന്ദുത്വ നിലപാട്‌ തികച്ചും ദളിത്‌ വിരുദ്ധമാണെന്നും, അതുകൊണ്ടാണ്‌ രോഹീത്‌ വെമൂലയുടെ ആത്മഹത്യ, അഖ്‌ലാക്കിന്റെ കൊലപാതകം, ബീഹാറിലെ പിഞ്ചുകുട്ടികളെ ചുട്ടുകൊല്ലല്‍ എന്നിവ പോലുള്ള അതിക്രമങ്ങള്‍ രാജ്യത്ത്‌ വ്യാപകമാകുന്നതെന്നും ഉദ്‌ഘാടന പ്രസംഗത്തില്‍ വി.എസ്‌. അഭിപ്രായപ്പെട്ടു. ഇത്തരം ജനാധിപത്യ മതനിരപേക്ഷ വിരുദ്ധപ്രവര്‍ത്തനം കേരളത്തില്‍ നടപ്പിലാക്കുവാനാണ്‌ ശ്രീനാരായണ ദര്‍ശനങ്ങളെ തള്ളിപ്പറയുന്ന വെള്ളാപള്ളിയെ കൂട്ടുപിടിക്കുവാന്‍ ബി.ജെ.പി. തയ്യാറായത്‌. ഇത്‌ തിരിച്ചറിഞ്ഞ പ്രബുദ്ധകേരളം ബി.ജെ.പി. കൂട്ടുകെട്ടിനേയും, അഴിമതിയില്‍ മുങ്ങിയ യു.ഡി.എഫ്‌. ഭരണത്തെയും ചവറ്റുകൊട്ടയില്‍ എറിഞ്ഞു. ഇടതുപക്ഷ ജനാധിപത്യമുന്നണി മുന്നോട്ടുവെച്ച ജനപക്ഷ നിലപാടുകള്‍ കേരളം സ്വീകരിച്ചതിന്‌ തെളിവാണ്‌ ഈ തിരഞ്ഞെടുപ്പ്‌ വിജയമെന്നും, യു.ഡി. എഫ്‌. സര്‍ക്കാര്‍ കൊണ്ടുവന്ന പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിക്ക്‌ ഹല്ലേലൂയ പാടിയവര്‍ സര്‍ക്കാര്‍ സര്‍വ്വീസില്‍ ഉണ്ടെന്നും, എല്‍.ഡി.എഫ്‌. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക്‌ തികച്ചും അനുകൂല നിലപാടുകളാണ്‌ സ്വീകരിക്കുന്നതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. സമ്മേളനത്തില്‍ പി.പി. വാസുദേവന്‍, എ.ഐ.എസ്‌.ജി.ഇ.എഫ്‌. ജനറല്‍ സെക്രട്ടറി എ. ശ്രീകുമാര്‍, കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ കോണ്‍ഫെഡറേഷന്‍ പ്രസിഡണ്ട്‌ വി. ശ്രീകുമാര്‍, എഫ്‌.എസ്‌.ഇ.ടി.ഒ. പ്രസിഡണ്ട്‌ കെ.സി. ഹരികൃഷ്‌ണന്‍ എന്നിവര്‍ സംസാരിച്ചു.  തകര്‍ന്നടിഞ്ഞ കേരളത്തെ പുനഃരുദ്ധരിക്കുവാന്‍ അര്‍പ്പണ ബോധത്തോടെ പ്രവര്‍ത്തിക്കുവാന്‍ ജീവനക്കാര്‍ തയ്യാറാകണമെന്ന്‌ സമ്മേളനത്തിന്‌ സ്വാഗതം ആശംസിച്ച സ്വാഗത സംഘം ചെയര്‍മാന്‍ പാലോളി മുഹമ്മദ്‌ കുട്ടി പറഞ്ഞു.

യൂണിയന്‍ പ്രസിഡണ്ട്‌ പി.എച്ച്‌.എം. ഇസ്‌മയില്‍ സമ്മേളനത്തില്‍ അദ്ധ്യക്ഷത വഹിച്ചു. യൂണിയന്‍ സംസ്ഥാന സെക്രട്ടറിമാരായ എന്‍. കൃഷ്‌ണപ്രസാദ്‌ രക്തസാക്ഷി പ്രമേയവും, ടി.എം. ഗോപാലകൃഷ്‌ണന്‍ അനുശോചന പ്രമേയവും അവതരിപ്പിച്ചു. കേരള എന്‍.ജി.ഒ. യൂണിയന്‍ മലപ്പുറം ജില്ലാ കലാവേദി ജ്വാലയുടെ സ്വാഗതഗാനത്തോടെയാണ്‌ സമ്മേളന നടപടികള്‍ ആരംഭിച്ചത്‌. ജനറല്‍സെക്രട്ടറിയുടെ സംഘടനാ റിപ്പോര്‍ട്ട്‌ അവതരണശേഷം ജീവനക്കാരുടെ സംസ്ഥാന കലോത്സവത്തില്‍ ഒന്നം സ്ഥാനം നേടിയ കണ്ണൂര്‍ സംഘവേദിയുടെ ‘ദ്വന്ദം’ നാടകാവതരണത്തോടെ ഒന്നാം ദിവസത്തെ സമ്മേളനനടപടികള്‍ അവസാനിച്ചു.

Share this post: