Main News
ജലത്തിൽ മറയുന്ന കുഞ്ഞ് കൈകൾ; രണ്ട് ദിവസത്തിനിടെ ജില്ലയിൽ വെള്ളത്തിൽ മുങ്ങി മരിച്ചത് നാല് കുട്ടികൾ

08/04/2019

മലപ്പുറം: സ്കൂൾ അവധിക്കാലമാണിത്. നമ്മുടെ കുട്ടികൾ കളികളും ആഘോഷങ്ങളുമായി കൂട്ട് ചേരേണ്ട കാലം. നീന്തൽ പഠിക്കലും പുഴയിൽ കുളിക്കാൻ പോകലും അവധിക്കാലങ്ങളിൽ സാധാരണമാണ്. ഇനിയും അത് വേണം. പക്ഷേ ജാഗ്രതയില്ലെങ്കിൽ കുട്ടികളുടെ ജീവൻ തന്നെ നഷ്ടപ്പെടുമെന്ന ഞെട്ടിപ്പിക്കുന്നതും വേദന ഉണ്ടാക്കുന്നതുമായ അനുഭവങ്ങളാണ് ജില്ലയിൽ രണ്ട് ദിവസത്തിനിടെ ഉണ്ടായ നാല് കുട്ടികളുടെ മരണം. അവധിക്കാല വിരുന്ന് പോകലും പരിചയമില്ലാത്ത പുഴയിലും ക്വാറികളിലും കളിക്കാനിറങ്ങലും അവധിക്കാല സന്തോഷങ്ങളെ കെടുത്തുന്ന വില്ലനായിരിക്കുകയാണ്.

ഇന്നലെ രാവിലെ പൊന്നാനി പുഴയിൽ കുളിക്കാനിറങ്ങിയ പന്ത്രണ്ടു വയസുകാരൻ മുസവിർ ചെളിയിൽ താഴ്ന്ന് പോവുകയായിരുന്നു. കൂട്ടായി വാടിക്കൽ തൂക്ക് പാലത്തിന് സമീപം രാവിലെ ഏഴോടെയാണ് സംഭവം. നാട്ടുകാരും തിരൂർ അഗ്നിശമനാ യൂണിറ്റും നടത്തിയ തിരച്ചിലിൽ 10.30 നാണ് കുട്ടിയുടെ ബോഡി കണ്ടെത്തിയത്. എടക്കനാട് ജി.യു.പി സ്ക്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയായ തോട്ടുങ്ങൽ മജീദിന്റെ മകൻ മുസവിർ (12) ആണ് മരിച്ചത്.

ഇന്ന് സഹോദരികളടക്കം മൂന്നു കുട്ടികളാണ് ജില്ലയിൽ മുങ്ങിമരിച്ചത് വെങ്ങാട് പള്ളിപ്പടിയിലെ ക്വാറിയിലും കടലുണ്ടിപ്പുഴയിലെ ആനക്കയത്തുമാണ് അപകടമുണ്ടായത്.
പള്ളിപ്പടിയിലെ ക്വാറിയില്‍ കുളിക്കാനിറങ്ങിയ ആലപ്പുഴ സ്വദേശി ഫയാസ്(9) കടലുണ്ടിപ്പുഴയില്‍ കുളിക്കാനിറങ്ങിയ ആനക്കയം ഈരാമുടുക്ക് സ്വദേശി ചക്കാലക്കുന്നു അബുബക്കറിന്റെ മക്കളായ ഫാത്തിമ ഫിദ (14), ഫാത്തിമ നിദ (12) എന്നിവരുമാണ് മുങ്ങിമരിച്ചത്.

ആലപ്പുഴയില്‍നിന്നും സിയാറത്തില്‍ പങ്കെടുക്കാനെത്തിയ നാല്‍പതോളം വിദ്യാര്‍ഥികള്‍ക്കൊപ്പമാണ് കരിപാടനയില്‍ ഫയാസ് മലപ്പുറത്തെത്തിയത്. പീടികപ്പടി ചിറയിലെ ക്വാറിയില്‍ കുളിക്കുന്നിനിടെ അപകടത്തില്‍പ്പെടുകയായിരുന്നു. കാല്‍വഴുതിവീണ് വെള്ളത്തില്‍ മുങ്ങിയ കുട്ടിയെ കൂട്ടുകാര്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. തുടര്‍ന്ന് നാട്ടുകാരും പൊലീസും ഫയര്‍ഫോഴ്സു ചേര്‍ന്ന് കുട്ടിയെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പീടികപ്പടിയില്‍ താമസിക്കുന്ന ഹാഫിള് നാസര്‍ ഉസ്താദിന്റെ വീട്ടില്‍ വിശ്രമത്തിനായി എത്തിയ സംഘം അത്തിപ്പറ്റ ഉസ്താദിന്റെ മഖ്ബറ സിയാറത്ത് ചെയ്ത് ആലപ്പുഴയിലേക്ക് തിരിച്ചുപോകാനൊരുങ്ങുന്നതിനിടെയായിരുന്നു വിദ്യാര്‍ത്ഥിയുടെ ദാരുണാന്ത്യം.

ആനക്കയത്ത് തിങ്കളാഴ്ച രാവിലെ 11 മണിയോടെയാണ് സഹോദരിമാര്‍ മുങ്ങിമരിച്ചത്. സ്‌കൂള്‍ അവധിയായതിനാല്‍ ഉമ്മയുടെ ആനക്കയത്തുള്ള വീട്ടില്‍ കഴിഞ്ഞയാഴ്ചയാണ് ഫാത്തിമ ഫിദയും ഫാത്തിമ നിദയുമെത്തിയത്. മാതാവ് സൗദയോടൊപ്പമാണ് ഇവര്‍ കുളിക്കാനിറങ്ങിയത്. കുളിക്കുന്നതിനിടെ ഫാത്തിമ നിദയാണ് ആദ്യം അപകടത്തില്‍പ്പെട്ടത്. സഹോദരിയെ രക്ഷപ്പെടുത്താനെത്തിയ ഫിദയും പിന്നീട് അപകടത്തില്‍പ്പെട്ടു. ബഹളം കേട്ടെത്തിയ യുവാക്കളാണ് കുട്ടികളെ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചത്. ആനക്കയം ഗവ: യു പി സ്കൂളിലെ ഏഴും ആറും ക്ലാസിലെ വിദ്യാർത്ഥികളാണിവർ

Share this post: