Exclusive News
ജില്ലയില്‍ കഴിഞ്ഞ വര്‍ഷം റിപ്പോര്‍ട്ട് ചെയ്തത് 244 പോക്‌സോ കേസുകള്‍


മലപ്പുറം; സംസ്ഥാനത്ത് കഴിഞ്ഞര്‍ഷം 2568 പോക്‌സോ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് കോഴിക്കോട് ജില്ലാ പ്രൊബേഷനറി ഓഫീസര്‍ അഷ്‌റഫ് കാവില്‍ പറഞ്ഞു. മാധ്യമ പ്രവര്‍ത്തകര്‍ക്കായി നടത്തിയ പോക്‌സോ സെമിനാറില്‍ വിഷയമവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മലപ്പുറം ജില്ലയില്‍ 2017 ല്‍ 244 കുട്ടികളാണ് ലൈംഗികാതിക്രമത്തിന് ഇരയായത്. പോക്‌സോ കേസുകളുടെ കാര്യത്തില്‍ സംസ്ഥാനത്ത് അഞ്ചാം സ്ഥാനത്താണ് 2012 ല്‍ പോക്‌സോ നിയമം നിലവില്‍ വന്ന ശേഷം നിര്‍ഭയം പരാതികള്‍ രേഖപ്പെടുത്താം എന്ന സ്ഥിതിവിശേഷമുണ്ടായിട്ടുണ്ട്. ലൈംഗിക ഉദ്ദേശത്തോടെയുള്ള സ്പര്‍ശനവും നോട്ടവുമെല്ലാം ലൈംഗികാതിക്രമത്തിന്റെ പരിധിയില്‍ വരും. പീഡനത്തിന് ഇരയായ കുട്ടിക്ക് വേണ്ടി ആര്‍ക്കും പരാതി നല്‍കാമെന്നത് കേസുകള്‍ മറച്ചുവെക്കാനുള്ള സാധ്യത ഇല്ലാതാക്കി. രക്ഷിതാവ് തന്നെ പരാതിപ്പെടണമെന്ന അവസ്ഥയാണ് നേരത്തേ ഉണ്ടായിരുന്നത്.
കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങളും നിയമനടപടകളും റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ മാധ്യമങ്ങള്‍ ജാഗ്രത കാണിക്കണമെന്നും അഷ്‌റഫ് കാവില്‍ ഓര്‍മിപ്പിച്ചു. അപൂര്‍ണമോ ആധികാരികമല്ലാത്തതോ ആയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കുട്ടികളുടെ അഭിമാനത്തിന് കോട്ടം വരുത്തുന്നതോ സ്വകാര്യതയെ ബാധിക്കുന്നതോ ആയ റിപ്പോര്‍ട്ടുകള്‍ നല്‍കരുതെന്ന് പോക്‌സോ നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്. ലൈംഗികാതിക്രമത്തിന് വിധേയയായ കുട്ടിയെ തിരിച്ചറിയുന്ന വിധം വാര്‍ത്തകള്‍ നല്‍കുന്നത് ആറുമാസം മുതല്‍ ഒരു വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റമാണ്. അതേസമയം വിചാരണ നടക്കുന്ന പ്രത്യേക കോടതിയുടെ നിര്‍ദേശാനുസരണം കുട്ടിയുടെ താല്പര്യങ്ങള്‍ സംരക്ഷിക്കുന്ന തരത്തിലുള്ള വെളിപ്പെടുത്തലുകള്‍ നല്‍കാവുന്നതുമാണ്. കുട്ടികള്‍ക്ക് നീതിയും നിയമപരിരക്ഷയും ഉറപ്പാക്കാന്‍ മാധ്യമങ്ങള്‍ ജാഗ്രത കാണിക്കണമെന്നും അഷ്‌റഫ് കാവില്‍ പറഞ്ഞു.

Share this post: