education
ജില്ലയിൽ 1200 എൽപി, യുപി സ്കൂളുകൾകൂടി ഹൈടെക്ക് ആക്കുന്നു

07/02/2019

മലപ്പുറം: ജില്ലയിൽ അടുത്ത അധ്യായന വർഷം മുതൽ മുഴുവൻ സർക്കാർ,എയ്ഡഡ് എൽപി,യുപി സ്കൂളുകളും ഹൈടെക്ക് ആക്കുന്നു. സംസ്ഥാന സർക്കാരിന്റെ പൊതുവിദ്യാഭാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായാണ് ജില്ലയിലെ സ്കൂളുകൾ ഹൈടെക്കാവുന്നത്. എൽപി,യുപി സ്കൂളുകളും ഹൈടെക്കാവുന്നതോടെ ജില്ലയിലെ മുഴുവൻ വിദ്യാർഥികൾക്കും ഡിജിറ്റൽ വിദ്യഭ്യാസം നൽകുക എന്ന ലക്ഷ്യം പൂർത്തീകരിക്കാനാവും.

എല്ലാ സ്കൂളുകളിലും കംപ്യൂട്ടർ ലാബ് സജ്ജീകരിക്കും. അമ്പത് കുട്ടികൾക്ക് രണ്ട് എന്ന നിരക്കിൽ ലാപ്ടോപ്പ് ഉറപ്പാക്കും പ്രൊജക്ടറും മറ്റു സാധനങ്ങളും നൽകും. എല്ലാ ക്ലാസ് റൂമുകളിലും ടൈൽസ് പതിച്ച തറ, പെയിന്റടിച്ച് മനോഹരമാക്കിയ ചുമർ, അടച്ചുറപ്പുള്ള ജനലുകൾ എന്നിവ ഉറപ്പാക്കും. പൂർവ്വ വിദ്യാർത്ഥികൾ, പി.ടി.എ. എന്നിവരുടെ പങ്കാളിത്തം ഉറപ്പാക്കിയാണ് പദ്ധതി നടപ്പിലാക്കുക.

ജില്ലയിൽ സർക്കാർ- എയ്ഡഡ് മേഖലയിലായി 1200 പ്രൈമറി സ്കൂളുകളും 203 ഹൈസ്കൂളുകളും 178 ഹയർ സെക്കൻഡറി സ്കൂളുകളും 27 വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളുകളുമുണ്ട്. ഹൈസ്കൂൾ, ഹയർ സെക്കൻഡറി സ്ക്കൂളുകളിൽ ഇതിനോടകം ഹൈടെക് സംവിധാനങ്ങൾ ഒരുക്കിവരികയാണ്. പ്രൈമറി തലം കൂടി ഹൈടെക് മികവിലേക്കുയരുന്നതോട് കൂടി ജില്ലയിലെ വിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ മാറ്റമുണ്ടാവും.

Share this post: