Main News
ജീവനുവേണ്ടിയുള്ള സമരത്തെ ലീഗ് നേതൃത്വം പിന്നിൽനിന്ന് കുത്തി;ചെറുകാവിൽ ലീഗിൽനിന്ന് കൂട്ടരാജി

11/02/2020
കൊണ്ടോട്ടി:സ്വകാര്യ കമ്പനി ജലസംഭരണിക്കെതിരെ സമരംചെയ്യുന്ന പ്രവർത്തകരെ ധിക്കരിച്ച് നേതാക്കൾ കമ്പനി പരിപാടിയിൽ പങ്കെടുത്തതിനെ തുടർന്ന് ചെറുകാവ് മുസ്ലിംലീഗ് കമ്മിറ്റിയിൽ പൊട്ടിത്തെറി. ചെറുകാവ് പഞ്ചായത്തിലെ പതിനേഴാം വാർഡ് പൂച്ചാലിലാണ് ലീഗിൽ നാടകീയ സംഭവങ്ങൾ. ലീഗ് നേതൃത്വത്തിന്റെ നടപടിയിൽ പ്രതിഷേധിച്ച് പൂച്ചാൽ ലീഗ് വാർഡ്‌ കമ്മിറ്റി ഒന്നാകെ രാജിവച്ചു. സംഭവത്തിൽ പ്രതിഷേധിച്ച് യൂത്ത് ലീഗ്, എംഎസ്എഫ്, ലീഗ് പോഷക സംഘടനാ ഭാരവാഹികളും രാജിവച്ചു.

രാജിക്കത്ത്‌ ലീഗ് കൊണ്ടോട്ടി മണ്ഡലം കമ്മിറ്റിക്ക് കൈമാറി.സ്വകാര്യ വ്യക്തി ചെറുകാവ് പൂച്ചാൽ ചേനത്തല മലമുകളിൽ സ്ഥാപിച്ച ജലസംഭരണി പ്രദേശത്തിനൊന്നാകെ ഭീഷണിയാണ്. ഇവിടെ സംഭരണി സ്ഥാപിക്കുന്നതിനെതിരെ ലീഗ് ഉൾപ്പടെയുള്ള സംഘടനകൾ സമരത്തിലാണ്. ഇതിനിടെയാണ് ലീഗ് പ്രാദേശിക പ്രവർത്തകർ അറിയാതെ ടി വി ഇബ്രാഹീം എംഎൽഎയും നേതാക്കളായ എം അബ്ദുൽ കരീമും പി വി എ ജലീൽ എന്നിവർ കമ്പനിയുടെ കെട്ടിടത്തിന്റെ കട്ടിള വയ്ക്കൽ ചടങ്ങിൽ പങ്കെടുത്തത്. ഇതാണ് ചെറുകാവ് പൂച്ചാൽ ലീഗിലെ പ്രാദേശിക നേതൃത്വത്തെ ചൊടിപ്പിച്ചത്. ജനകീയ സമരത്തെ ലീഗ് നേതാക്കൾ തുരങ്കംവച്ചതിൽ പ്രതിഷേധിച്ചാണ് ലീഗിലെ കൂട്ടരാജി. ജീവനുവേണ്ടിയുള്ള സമരത്തെ ലീഗ് നേതൃത്വം പിന്നിൽനിന്ന് കുത്തുകയായിരുന്നെന്ന് രാജിവച്ചവർ ആരോപിച്ചു. ഇതുമായി ബന്ധപ്പെട്ട് ലീഗിൽനിന്ന് കൂടുതൽ പേർ രാജിവയ്ക്കും. സംഭവത്തെ കുറിച്ച് പ്രതികരിക്കാൻ ലീഗ് നേതൃത്വം തയ്യാറായിട്ടില്ല.

Share this post: