Top Stories
ജൂലൈ ഒന്ന്‌ മുതല്‍ ആരോഗ്യ കേന്ദ്രങ്ങളില്‍ ഉച്ചയ്‌ക്ക്‌ ശേഷം ഡോക്‌ടര്‍മാരുടെ സേവനം ലഭ്യമാക്കും
June 25, 2017

25-Jun-2017
മലപ്പുറം : ജൂലൈ ഒന്ന്‌ മുതല്‍ ജില്ലയിലെ എല്ലാ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും ഉച്ചയ്‌ക്ക്‌ ശേഷം ഒരു ഡോക്‌ടറുടെയും രണ്ട്‌ പാരാമെഡിക്കല്‍ സ്റ്റാഫിന്റെയും കമ്മ്യൂണിറ്റി ഹെല്‍ത്ത്‌ സെന്ററുകളില്‍ രണ്ട്‌ ഡോക്‌ടര്‍മാരുടെയും രണ്ട്‌ പാരാമെഡിക്കല്‍ സ്റ്റാഫിന്റെയും സേവനം നല്‍കുന്നതിനാവശ്യമായ നടപടി സ്വീകരിക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപന വകുപ്പ്‌ മന്ത്രി ഡോ. കെ.ടി. ജലീല്‍ നിര്‍ദ്ദേശം നല്‍കി. ജില്ലാ പഞ്ചായത്ത്‌ സമ്മേളന ഹാളില്‍ രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു മന്ത്രി. ഗ്രാമ പഞ്ചായത്തുകള്‍ മുന്‍കൈയെടുത്ത്‌ ഇതിനാവശ്യമായ ഡോക്‌ടര്‍മാരെയും ജീവനക്കാരെയും കണ്ടെത്തി നിയമിക്കണം.
രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിജയിപ്പിക്കുന്നതിന്‌ ഭരണ – പ്രതിപക്ഷ വ്യത്യാസമില്ലാതെ എല്ലാവരും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണം. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക്‌ 25000 രൂപകൂടി ഓരോ വാര്‍ഡിലും ചെലവഴിക്കാം. മാലിന്യ സംസ്‌കരണ പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിനെതിരെയുള്ള അനാവശ്യ സമരങ്ങള്‍ പരിഗണിക്കാതെ മുന്നോട്ട്‌ പോയില്ലെങ്കില്‍ പകര്‍ച്ച വ്യാധികള്‍ പിടിപ്പെട്ട്‌ ഒന്നിച്ച്‌ മരിക്കേണ്ട സാഹചര്യമുണ്ടാവുമെന്നും മന്ത്രി മുന്നറിയിപ്പ്‌ നല്‍കി. തദ്ദേശ സ്ഥാപനങ്ങളില്‍ ഭരണ കക്ഷിക്കെതിരെ ജനവികാരമുയര്‍ത്താനുളള മാര്‍ഗ്ഗമായി മാലിന്യ സംസ്‌കരണത്തെ കാണരുത്‌. മാലന്യങ്ങള്‍ ഉറവിടങ്ങളില്‍ തന്നെ സംസ്‌കരിക്കുന്ന സംസ്‌കാരവും പൗരബോധവും ശീലിക്കണം.
എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ഒരു പ്ലാസ്റ്റിക്‌ നുറുക്ക്‌ (പ്ലാസ്റ്റിക്‌ ഷ്രെഡിങ്‌) യൂണിറ്റ്‌ സ്ഥാപിക്കണം. വൃത്തിയാക്കിയ പ്ലാസ്റ്റിക്‌ ചെറിയ കഷ്‌ണങ്ങളായി നുറിക്കി റോഡ്‌ നിര്‍മ്മാണത്തിന്‌ ഉപയോഗിക്കാം. ഇതിന്‌ കിലോ ഗ്രാമിന്‌ 20 രൂപവരെ വില ലഭിക്കുകയും ചെയ്യും. യാതൊരു വിധത്തിലുള്ള പാരിസ്ഥിതിക പ്രശ്‌നങ്ങളുമുണ്ടാക്കാത്ത ഈ യൂണിറ്റുകള്‍ക്ക്‌ പരമാവധി ഏഴ്‌ ലക്ഷം രൂപ മാത്രം ചെലവ്‌ വരികയുള്ളൂ. വളരെ കുറഞ്ഞ സ്ഥലത്ത്‌ തന്നെ ഇത്‌ സ്ഥാപിക്കാവുന്നതാണ്‌.
പ്ലാസ്റ്റിക്‌ കവറുകള്‍ സംസ്ഥാന വ്യാപകമായി നിരോധിക്കുന്നതിനുള്ള സാധ്യത പരിശോധിക്കും. മാലിന്യ സംസ്‌കരണ സംവിധാനങ്ങള്‍ സ്വന്തമായിട്ടില്ലാത്ത ഹോട്ടലുകള്‍ക്കും റസ്റ്റാറന്റുകള്‍ക്കും മറ്റ്‌ സ്ഥാപനങ്ങള്‍ക്കും ലൈസന്‍സുകള്‍ അനുവദിക്കുകയോ പുതുക്കി നല്‍കുകയോ ചെയ്യരുത്‌. ഹോട്ടര്‍, മത്സ്യ-മാംസ മാര്‍ക്കറ്റുകളില്‍ നിന്നുള്ള മാലിന്യം എങ്ങനെ സംസ്‌കരിക്കുന്നു, എങ്ങോട്ട്‌ കൊണ്ടുപോകുന്നു എന്ന്‌ കൃത്യമായി തദ്ദേശ സ്ഥാപനങ്ങളും ആരോഗ്യ വകുപ്പും പരിശോധിക്കണം. ഏജന്‍സികള്‍ക്ക്‌ നല്‍കുന്നുവെന്ന്‌ പറഞ്ഞ്‌ രക്ഷപ്പെടുന്ന രീതി ഇനി അനുവദിക്കരുതെന്നും മന്ത്രി പറഞ്ഞു.
മാലിന്യ സംസ്‌കരണത്തിന്‌ മുന്നോട്ട്‌ വരുന്ന സ്വകാര്യ നിക്ഷേപകരെ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കും. ഓടകളിലേക്ക്‌ ഖര-ദ്രവ മാലിന്യം തള്ളുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ സ്വയം വിമര്‍ശനം നടത്തി വീഴ്‌ചകള്‍ കണ്ടെത്തി പരിഹരിക്കണം. ഒരു പ്രാദേശിക സര്‍ക്കാര്‍ ആണെന്ന ബോധത്തോടെ പ്രവര്‍ത്തിക്കണം. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഇനിയും കാര്യക്ഷമമായി നടത്തണം.
ജൂണ്‍ 27,28,29 തിയ്യതികളില്‍ ആരോഗ്യ വകുപ്പ്‌, ശുചിത്വ മിഷന്‍, കുടുംബശ്രീ, അങ്കണവാടി, ആശാവര്‍ക്കര്‍മാര്‍, വിദ്യാഭ്യാസ വകുപ്പ്‌, തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങള്‍ എന്നിവയുടെ സഹകരണത്തോടെ ശുചീകരണ – ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തും. ഇത്‌ കാര്യക്ഷമായി നടപ്പാക്കുന്നുണ്ടോ എന്ന്‌ പരിശോധിക്കും. വീഴ്‌ച വരുത്തുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കും.
ജില്ലയില്‍ ഇത്‌വരെ 139 പേര്‍ക്കാണ്‌ ഡെങ്കിപ്പനി സ്ഥിരീകരിച്ചത്‌. വേങ്ങരയില്‍ രണ്ട്‌ മരണം റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌. 27 പേര്‍ക്ക്‌ എച്ച്‌1എന്‍1 സ്ഥിരികരിക്കുകയും രണ്ട്‌ പേര്‍ മരണപ്പെടുകയും ചെയ്‌തിട്ടുണ്ട്‌.
രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും അടിയന്തിര സാഹചര്യം നേരിടുന്നതിനുമായി സര്‍ക്കാര്‍ 19 ലക്ഷം രൂപ അനുവദിച്ചതായി ഡി.എം.ഒ ഡോ. സക്കീന അറിയിച്ചു. പനിബാധിതര്‍ക്ക്‌ കാര്യക്ഷമമായി ചികില്‍സ ലഭിക്കുന്നതിന്‌ സ്വകാര്യ ആശുപത്രികള്‍ ഉള്‍പ്പെടെയുള്ള എല്ലാ സ്ഥാപനങ്ങള്‍ക്കും ട്രീറ്റ്‌മെന്റ്‌ പ്രോട്ടോകോള്‍ നല്‍കിയിട്ടുണ്ട്‌. മെറ്റേണിറ്റി ലീവിലും മറ്റ്‌ അവധികളിലുള്ള ഡോക്‌ടര്‍മാര്‍ക്ക്‌ പകരം സേവനം നല്‍കുന്നതിന്‌ 44 ഡോക്‌ടര്‍മാരെ നിയമിക്കുന്നതിനുള്ള അനുമതി സര്‍ക്കാറില്‍ നിന്ന്‌ ആവശ്യപ്പെട്ടിട്ടുണ്ട്‌. ഇത്‌ ലഭ്യമായാല്‍ ഉടന്‍ നിയമനം നടത്തും. പകര്‍ച്ച പനി തടയുന്നതിനുള്ള ഏറ്റവും പ്രധാനപ്പെട്ട മാര്‍ഗം കൊതുക്‌ നശീകരണമാണ്‌. ഇതിനായി ജനങ്ങള്‍ ഒന്നിച്ച്‌ മുന്നിട്ടുറങ്ങണമെന്നും ഡി.എം.ഒ അറിയിച്ചു.
ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എ.പി. ഉണ്ണികൃഷ്‌ണന്‍, ഡെപ്യൂട്ടി കലക്‌ടര്‍ വി. രാമചന്ദ്രന്‍, ജില്ലാ പഞ്ചായത്ത്‌ ആരോഗ്യ സ്റ്റാന്റിങ്‌ കമ്മിറ്റി ചെയര്‍മാന്‍ വി. സുധാകരന്‍, എന്‍.എച്ച്‌.എം പ്രോഗ്രാം മാനേജര്‍ ഡോ. എ. ഷിബുലാല്‍, ആയുര്‍വേദ ഡി.എം.ഒ ഡോ. ഷെര്‍ലി, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. കെ. ഇസ്‌മായില്‍, ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റുമാര്‍, നഗരസഭ അധ്യക്ഷന്മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Share this post: