Main News
തലൈവി ഇല്ലാത്ത ഒരാണ്ട്

05/12/20417
തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിത മരിച്ചിട്ട് ഇന്നേക്ക് ഒരാണ്ട്. ജയലളിത ഇല്ലാത്ത തമിഴ്രാഷ്ട്രീയം ഇന്നും നിലയില്ലാക്കയത്തിലകപ്പെട്ടപോലെയാണ്. എം ജി ആറിനെയും ജയലളിതയെയും ജീവന് തുല്യം സ്‌നേഹിച്ച അണികള്‍ക്ക് പക്ഷേ ഇന്നത്തെ പലചേരികളിലായി നില്‍ക്കുന്ന നേതാക്കളോട് അത്ര ആത്മാര്‍ത്ഥതയൊന്നുമില്ലെന്നാണ് സമീപകാലത്തെ തമിഴ് രാഷ്ട്രീയം സൂചിപ്പിക്കുന്നത്. ജയലളിതയുടെ മരണത്തിന് തൊട്ടടുത്ത ദിവസങ്ങളില്‍ തന്നെ ഗ്രൂപ്പുകളായി തിരിഞ്ഞ പാര്‍ട്ടിക്കിപ്പോള്‍ അണികള്‍ക്കിടയില്‍ പഴയ സ്വാധീനമൊന്നുമില്ല.
2016 ഡിസംബര്‍ അഞ്ചിന് രാത്രി പതിനൊന്നരയ്ക്ക് ജയലളിതയുടെ മരണം സ്ഥിരീകരിക്കുമ്പോള്‍ ദുഖം താങ്ങാനാവാതെ പൊട്ടിക്കരഞ്ഞവര്‍ ഏറെ. അണ്ണാ ഡി.എം.കെ.എന്ന പാര്‍ട്ടിയെയും സര്‍ക്കാരിനെയും ഏകാധിപത്യ സ്വഭാവത്തോടെ നയിച്ച ഭരണാധികാരിയായിരുന്നു ജയലളിത. എന്നാല്‍ മരണശേഷം തമിഴ്‌നാട്ടില്‍ രാഷ്ട്രീയപരമായും ഭരണപരമായും വലിയ മാറ്റങ്ങള്‍ സംഭവിച്ചു. അണ്ണാ ഡി.എം.കെ എന്ന അവരുടെ പാര്‍ട്ടിയില്‍ ചേരിതിരിവുകളും പൊട്ടിത്തെറികളും ഉണ്ടായി. തോഴിയായി നിന്ന ശശികല ആദ്യം പാര്‍ട്ടിയുടെ തലപ്പത്തേക്കും പിന്നീട് ജയിലിലേക്കും എത്തി. വിശ്വസ്തരായിരുന്ന പനീര്‍സെല്‍വവും പളനിസാമിയും തെറ്റിപ്പിരിയുകയും പിന്നീട് ഒന്നിക്കുകയും ചെയ്തു. അകറ്റിനിര്‍ത്തിയിരുന്ന ടി.ടി.വി.ദിനകരന്‍ പാര്‍ട്ടി പിടിക്കാനുള്ള ശ്രമത്തിലാണ്. മക്കള്‍വാദവുമായും ചിലരെത്തി. ജയലളിതയുള്ളപ്പോള്‍ സര്‍ക്കാരിനെതിരെ മിണ്ടാന്‍പോലും പലര്‍ക്കും ഭയമായിരുന്നു. മക്കള്‍വാദമുന്നയിച്ചവരെ കോടതി കണക്കിന് കൊടുത്ത് വിട്ടു. രണ്ടില ചിഹ്നവും കൊടിയുമെല്ലാം പനീര്‍ശെല്‍വത്തിനും പളനിസ്വാമിക്കും കിട്ടി. ചിഹ്നത്തിന് വേണ്ടി കൈകൂലികൊടുത്ത ദിനകരനാകട്ടെ ആ പണം പോയിക്കിട്ടുകയും ചെയ്തു. ഒരു നോട്ടത്തിനു പോലും ഭയപ്പെട്ടിരുന്നവര്‍ ഇപ്പോള്‍ ജയലളിതയുടെയും അണ്ണാഡിഎംകെയുടെയും ബോര്‍ഡുകളും ബാനറുകളും തകര്‍ക്കാനും തീയിടാനും തുടങ്ങി.

Share this post: