Top Stories
തേഞ്ഞിപ്പലത്തും പള്ളിക്കലും ചേലമ്പ്രയിലും റോഡുകൾ അടച്ച് കടുത്ത നിയന്ത്രണം
May 08, 2021

08/05/2021
കൊണ്ടോട്ടി:പൂർണമായും കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ച തേഞ്ഞിപ്പലം പള്ളിക്കൽ പഞ്ചായത്തുകളിലെ 15ൽ ഏറെ റോഡുകൾ അടച്ചു. പെരുവള്ളൂരിൽ ഏതാനും റോഡുകളിൽ നിയന്ത്രണം ഏർപ്പെടുത്തി. 8 വാർ‍ഡുകൾ കണ്ടെയ്ൻമെന്റ് സോൺ ആക്കിയ ചേലേമ്പ്രയിലും പത്തോളം റോഡുകൾ അടച്ചിട്ടുണ്ട്. 4 പഞ്ചായത്തുകളിലായി തേഞ്ഞിപ്പലം പൊലീസ് ഏഴിടത്ത് ഗതാഗതം നിയന്ത്രിച്ച് കാവലുണ്ട്. ഇന്ന് ലോക് ഡൗൺ കൂടി തുടങ്ങുന്നതോടെ പൊലീസ് നടപടികൾ കൂടുതൽ ശക്തമാക്കും.

കണ്ടെയ്ൻമെന്റ് സോണിലെ ഒരു ആരാധനാലയത്തിൽ പ്രാർഥന നടത്തിയതിന് തേഞ്ഞിപ്പലം ഇൻസ്പെക്ടർ എസ്.അഷ്റഫ് 50 പേർക്കെതിരെ കേസെടുത്തു. തേഞ്ഞിപ്പലത്ത് വള്ളിക്കുന്ന് പഞ്ചായത്തുമായി അതിരിടുന്ന മാതാപ്പുഴ പാലം ഭാഗികമായി അടച്ചു. സത്യപുരം, യൂണിവേഴ്സിറ്റി– കടക്കാട്ടുപാറ, കോഹിനൂർ– നേതാജി, വൈഎം  നഗർ– മണിക്കുളത്തുപറമ്പ്, ഒലിപ്രം– കടക്കാട്ടുപാറ, ചേളാരി ഐഒസി– ആലുങ്ങൽ റോഡുകളും അടച്ചു. പള്ളിക്കൽ പഞ്ചായത്തിൽ പള്ളിക്കൽ– പെരിയമ്പലം റോഡ് പൂർണമായും യൂണിവേഴ്സിറ്റി– ചെനയ്ക്കൽ, കൂനോൾ‍മാട്, കാക്കഞ്ചേരി റോഡുകൾ ഭാഗികമായും അടച്ചു.

ചേലേമ്പ്രയിൽ 5,6,8,9,10,11,12,17 വാർഡുകൾ കണ്ടെയ്ൻമെന്റ് സോൺ ആയി പ്രഖ്യാപിച്ചതിനാൽ ആ വാർഡുകളുമായി ബന്ധമുള്ള 10 റോഡുകൾ അടച്ചതായി പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി. ദേവദാസ് അറിയിച്ചു. 15–ാം മൈൽ ചക്കുളങ്ങര, ദുർഗാ നഗർ, കാക്കഞ്ചേരി– മൈദക്കമ്പനി റോഡുകളും അടച്ചവയിലുണ്ട്. ദേശീയ പാതയിൽ ഗതാഗത തടസ്സം ഇല്ലെങ്കിലും അനുവദനീയ വിഭാഗങ്ങളെ മാത്രമേ അനുവദിക്കൂ. ജില്ലാ അതിർത്തിയായ ഇടിമുഴിക്കലിൽ തേഞ്ഞിപ്പലം, ഫറോക്ക് പൊലീസ് ഗതാഗതം നിയന്ത്രിക്കും. കോഴിക്കോട്, മലപ്പുറം ജില്ലകൾ അതിരിടുന്ന പുല്ലിപ്പുഴയിലെ പാലങ്ങളും അതിർത്തി പങ്കിടുന്ന ഗ്രാമീണ റോഡുകളും ഫറോക്ക് പൊലീസ് അടച്ചേക്കും. ജില്ലാ അതിർത്തിയിലെ മുക്കത്തുകടവ്, പാറക്കടവ് പാലങ്ങൾ 9 ദിവസമായി അടച്ചിട്ടിരിക്കുകയാണ്

Share this post: