Exclusive News
ദുരിതമനുഭവിക്കുന്നവർക്ക‌് അടിയന്തര സഹായമെത്തിക്കണം﹣- സിപിഐ എം

മലപ്പുറം
കാലവർഷക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവർക്ക‌് അടിയന്തര നഷ്ടപരിഹാരം നൽകണമെന്ന‌് സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ‌് ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയിൽ ജില്ലയിൽ നാലുപേർ മരിച്ചു. അഞ്ചിടങ്ങളിൽ ഉരുൾപൊട്ടലുമുണ്ടായി. പുഴകളും തോടുകളും കര കവിഞ്ഞൊഴുകിയതോടെ വൻകൃഷി നാശവും റിപ്പോർട്ട‌് ചെയ‌്തിട്ടുണ്ട‌്. ജില്ലയിലാകെ പൂർണമായും ഭാഗികമായും 172 വീടുകൾക്ക‌് കേടുപാടുകൾ സംഭവിച്ചതായാണ‌് ലഭ്യമായിരിക്കുന്ന വിവരം. ഒമ്പതുലക്ഷത്തോളം രൂപയുടെ നഷ്ടമാണ‌് ഈ മേഖലയിൽമാത്രം സംഭവിച്ചത‌്.
കാലവർഷത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക‌് അടിയന്തര സഹായം ലഭ്യമാക്കുന്നതോടൊപ്പം വീടുതകർന്നവർക്കും കൃഷി നാശമുണ്ടായവർക്കും സഹായമെത്തിക്കാൻ ജില്ലാ ഭരണാധികാരികൾ ഇടപെടണം. ജില്ലയിലാകെ 389.87 ഹെക്ടറിലാണ‌് കൃഷിനാശമുണ്ടായിട്ടുള്ളത‌്. കാർഷിക മേഖലയിൽമാത്രം ഏഴുകോടിയോളം രൂപയുടെ നഷ്ടമാണ‌് ഉണ്ടായിട്ടുള്ളത‌്. മലയോര മേഖലയിലെ ചാലിയാർ, മമ്പാട‌് പ്രദേശങ്ങളിൽ ഏക്കർ കണക്കിന‌് സ്ഥലത്തെ റബറും കൊണ്ടോട്ടി താലൂക്കിൽ ചീക്കോട‌്, വാഴക്കാട‌്, വാഴയൂർ പഞ്ചായത്തുകളിൽ വാഴകൃഷിക്കും വൻ തോതിൽ കോട്ടം സംഭവിച്ചിട്ടുണ്ട‌്. നന്നംമുക്ക‌് പഞ്ചായത്തിലാകട്ടെ ഹെക്ടർ കണക്കിന‌് സ്ഥലത്തെ നെൽകൃഷിയും വെള്ളത്തിനടിയിലായി. ജില്ലയിലെ പ്രധാന കാർഷിക വിളകളായ വെറ്റില, കമുക‌് എന്നീ കൃഷികൾക്കും വൻ നാശമാണ‌് കാലവർഷം വിതച്ചത‌്.
ജില്ലയിലാകെയുള്ള നാശനഷ്ടങ്ങളുടെ കണക്കെടുത്ത‌് മരിച്ചവരുടെ കുടുംബങ്ങൾക്കും വീടും കൃഷിയും നഷ്ടം സംഭവിച്ചവർക്കും ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്കും അടിയന്തര സഹായമെത്തിക്കാൻ അധികാരികൾ നടപടികൾ ത്വരിതപ്പെടുത്തണം‐സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ‌് ആവശ്യപ്പെട്ടു.

Share this post: