Top Stories
നമുക്ക് ജാതിയില്ലാ വിളംബരം: സാംസ്‌കാരിക സദസ്സും ഘോഷയാത്രയും 22 ന്
October 18, 2016

17-Oct-2016
മലപ്പുറം : ശ്രീനാരായണ ഗുരുവിന്റെ നമുക്ക് ജാതിയില്ലാ വിളംബരത്തിന്റെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് ജില്ലയില്‍ സാംസ്‌കാരിക സദസ്സും ഘേഷയാത്രയും നടത്തും. ഒക്‌ടോബര്‍ 22 ന് മലപ്പുറം നഗരസഭാ ഹാളില്‍ നടക്കുന്ന സാംസ്‌കാരിക സദസ്സ് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ഡോ. കെ.ടി. ജലീല്‍ ഉദ്ഘാടനം ചെയ്യും. പരിപാടിയുടെ ഭാഗമായി രാവിലെ ഒമ്പതിന് വിളംബര ഘോഷയാത്രയും നടക്കും. എം.എസ്.പി സ്‌കൂളില്‍ നിന്നും തുടങ്ങുന്ന ഘോഷയാത്രയില്‍ നഗരത്തിലെ സ്‌കൂളുകളിലെ വിദ്യാര്‍ഥികളും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും അണിനിരക്കും. സാംസ്‌കാരിക വകുപ്പ്, ഇന്‍ഫര്‍മേഷന്‍ – പബ്ലിക് റിലേഷന്‍സ് വകുപ്പ്, ലൈബ്രറി കൗണ്‍സില്‍, ജില്ലാ ഭരണകൂടം, വിദ്യാഭ്യാസ വകുപ്പ് തുടങ്ങിയവര്‍ സംയുക്തമായാണ് പരിപാടി നടത്തുന്നത്. പരിപാടിയുടെ ഭാഗമായി തൃശൂര്‍ കലാമണ്ഡലത്തിന്റെ ആഭിമുഖ്യത്തില്‍ ഓട്ടന്‍തുള്ളലും ചാക്യാര്‍കൂത്തും അരങ്ങേറും. രാവിലെ 10 ന് നടക്കുന്ന സാംസ്‌കാരിക സദസ്സില്‍ പി. ഉബൈദുള്ള എം.എല്‍.എ അധ്യക്ഷനാവും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി. ഉണ്ണികൃഷ്ണന്‍ വിളംബര പ്രതിജ്ഞ ചൊല്ലികൊടുക്കും. നമുക്ക് ജാതിയില്ലാ വിളംബരത്തിന്റെ ഭാഗമായി വിദ്യാര്‍ഥികള്‍ക്ക് നടത്തിയ രചനാ മത്സരത്തില്‍ വിജയികളായവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ ജില്ലാ കലക്ടര്‍ എ. ഷൈനാമോള്‍ വിതരണം ചെയ്യും. ലൈബ്രറി കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് കെ.വി. കുഞ്ഞികൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തും. മൊയിന്‍കുട്ടി വൈദ്യര്‍ മാപ്പിളകലാ അക്കാദമി ചെയര്‍മാന്‍ ടി.കെ. ഹംസ വിളംബരദീപം തെളിയിക്കും. നഗരസഭ ചെയര്‍പേഴ്‌സണ്‍ സി.എച്ച്. ജമീല ദീപം ഏറ്റുവാങ്ങും. സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് അംഗം കിഴാറ്റൂര്‍ അനിയന്‍, ലൈബ്രറി കൗണ്‍സില്‍ ജില്ലാ സെക്രട്ടറി എന്‍. പ്രമോദാസ് തുടങ്ങിയവര്‍ പ്രസംഗിക്കും.

Share this post: