Main News
നവകേരള നിർമിതിക്ക് പ്രത്യേക ഫണ്ട് കണ്ടെത്തണം; ദുരിതാശ്വാസ നിധി ജനങ്ങളുടെ ദുരിതമകറ്റാൻ മാത്രം ഉപയോഗിക്കണം; ഉമ്മൻ ചാണ്ടി

ഉമ്മൻ ചാണ്ടി പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ സന്ദർശിച്ചു

മലപ്പുറം: ജനങ്ങൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയ പണം പ്രളയകെടുതി അനുഭവിക്കുന്നവരുടെ ദുരിതമകറ്റാൻ മാത്രമേ വിനിയോഗിക്കാവൂ എന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. നവകേരള സൃഷ്ടിക്കുള്ള പണം മറ്റ് സാമ്പത്തിക സ്ത്രോതസുകളിലൂടെ ലഭ്യമാക്കണം. വീടും, ഭൂമിയുമടക്കം നഷ്ടപ്പെട്ടവരുടെ പുനരധിവാസത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ പണം വിനിയോഗിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മുസ്ലിം ലീഗ് നേതൃത്വവുമായി പാണക്കാട് നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

സംസ്ഥാനത്ത് അനേകായിരം കോടി രൂപയുടെ നഷ്ടമുണ്ടായത് മനസിലാക്കുന്നു. അവ പുനർനിർമിക്കാൻ ലോക ബാങ്ക്, ഏഷ്യൻ ഡെവലപ്മെന്റ് ബാങ്ക്, മറ്റ് ധനകാര്യ സ്ഥാപനങ്ങൾ, കേന്ദ്ര സർക്കാർ തുടങ്ങിയവയുടെ സഹായം തേടണം. നവകേരളമെന്ന ആശയത്തോട് പൂർണമായും യോജിക്കുന്നു. പക്ഷേ അതിനുള്ള പണം ജനങ്ങൾക്ക് ദുരിതസഹായമായി അനുവദിക്കേണ്ട ഫണ്ടിൽ നിന്നും ചെലവഴിക്കുന്നതിനോട് യോജിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. ദുരിതാശ്വാസ ക്യാംപുകളിൽ നിന്ന് പോയവർ ഇപ്പോഴും ദുരിത്തിലാണ്. ഇവരിലേക്ക് ഇനിയും സഹായം എത്തേണ്ടതുണ്ട്. ഇത് ഊർജിതമാക്കാനും, ദുരിതത്തിൽ അകപെട്ടവരെയെല്ലാം സഹായിക്കാനും സർക്കാർ സന്നദ്ധമാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പാണക്കാട് എത്തിയ ഉമ്മൻ ചാണ്ടി മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ അധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എം പി, മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ പി എ മജീദ്, ഡി സി സി പ്രസിഡന്റ് വി വി പ്രകാശ് എന്നിവരുമായി ചർച്ച നടത്തി.

ദുരിതാശ്വാസ ക്യാംപുകളിൽ നിന്ന് ജനങ്ങൾ മാറി താമസിക്കാൻ തുടങ്ങിയെങ്കിലും ജനങ്ങളുടെ ദുരിതത്തിന് ശമനമായിട്ടില്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. പുനരധിവാസം എന്നത് ഇപ്പോഴും സാധ്യമായിട്ടില്ല. അർഹതപെട്ടവർക്ക് പോലും അടിയന്തിര ധനസഹായം വിതരണം ചെയ്യാൻ സർക്കാരിന് ആയിട്ടില്ല. കേന്ദ്ര സർക്കാരിന് മുന്നിൽ കേരളത്തിന് നേരിട്ട നഷ്ടവും, ദുരിതവും വ്യക്തമായി അറിയിക്കാൻ പോലും ഇതുവരെ സാധിച്ചിട്ടില്ല. അതിനാലാണ് വിവിധ സംസ്ഥാനങ്ങളിലെ പ്രളയ ദുരിതാശ്വാസം അവലോകനം ചെയ്യാൻ വിളിച്ചു ചേർക്കുന്ന അവലോകന യോഗത്തിൽ കേരളത്തിലെ പ്രളയ ദുരിതം ചർച്ച ചെയ്യാത്തതെന്നാണ് കേന്ദ്ര സർക്കാർ പറയുന്നത്. ഇതിൽ വ്യക്തത വരുത്താൻ സംസ്ഥാന സർക്കാർ തയ്യാറാകണം. കേന്ദ്രവും-സംസ്ഥാനവും ഈഗോ ഉപേക്ഷിച്ച് കേരളത്തിലെ ദുരിതാശ്വാസ പ്രവർത്തനം സുഗമമാക്കാൻ ശ്രമിക്കണമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Share this post: