Top Stories
നാടെങ്ങും ചെറിയപെരുന്നാള്‍ ആഘോഷിച്ചു
June 27, 2017

27-Jun-2017
മലപ്പുറം: ഒരു മാസത്തെ വ്രതാനുഷ്ഠാനത്തിന് പരിസമാപ്തികുറിച്ച് സഹോദര്യത്തിന്റെയും സഹനത്തിന്റെയും സന്ദേശമുയര്‍ത്തി മുസ്ലിം മത വിശ്വാസികള്‍ നാടെങ്ങും ചെറിയപെരുന്നാള്‍ ആഘോഷിച്ചു. ഈദ് ഗാഹുകളിലും പള്ളികളിലും ചെറിയ പെരുന്നാള്‍ നമസ്‌കാരത്തിന് നല്ല തിരക്ക് അനുഭവപ്പെട്ടു. പുതുവസ്ത്രങ്ങളണിഞ്ഞും സുഗന്ധദ്രവ്യങ്ങള്‍ പൂശിയും രാവിലെ ഏഴുമണിക്കുതന്നെ വിശ്വാസികളെ കൊണ്ട് പള്ളികള്‍ തിങ്ങിനിറഞ്ഞു. മസ്ജിദുകളിലും വിശാലമായ മൈതാനങ്ങളിലെ ഈദ്ഗാഹുകളിലും പ്രത്യേക ‘ഖുത്തുബ’ നടന്നു. സ്വലാത്ത് നഗര്‍ ഗ്രാന്റ് മസ്ജിദില്‍ നടന്ന പെരുന്നാള്‍ നമസ്‌കാരത്തിന് സയ്യിദ് ഇബ്രാഹിമുല്‍ ഖലീല്‍ ബുഖാരി നേതൃത്വംനല്‍കി. മഞ്ചേരി വി പി ഹാളില്‍ സംഘടിപ്പിച്ച ഈദ് ഗാഹിന് വിസ്ഡം ഗ്ലോബല്‍ ഇസ്ലാമിക് മിഷന്‍ ജനറല്‍ കൗണ്‍വീനര്‍ ടി കെ അഷറഫ് മൗലവി നേതൃത്വം നല്‍കി. മലപ്പുറം കോട്ടപ്പടി, കുന്നുമ്മല്‍ ജുമാമസ്ജിദ് എന്നിവിടങ്ങളില്‍ നടന്ന നമസ്‌കാരത്തിന് സ്ഥലം ഖാസിമാര്‍ നേതൃത്വം നല്‍കി. സ്‌നേഹവും മതസൗഹാര്‍ദ്ദവും കാത്തുസൂക്ഷിക്കാനും നാട്ടില്‍ സമാധാനാന്തരീക്ഷം നിലനിര്‍ത്താ നും ഖുത്തുബയില്‍ ഖാസിമാര്‍ ഉത്‌ബോധിപ്പിച്ചു. നമസ്‌കാരത്തിനുശേഷം പരസ്പരം ഹസ്തദാനം നടത്തി ആലിംഗനം ചെയ്ത് ആശംസകള്‍ കൈമാറി. വൈവിധ്യങ്ങളായ വിഭവങ്ങളൊരുക്കിയും അയല്‍ക്കാരുടെയും സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും വീടുകളില്‍ സന്ദര്‍ശനം നടത്തിയും ചെറിയപെരുന്നാള്‍ ആഘോഷിച്ചു.

Share this post: