Main News
നിലമ്പൂര്‍ അര്‍ബന്‍ ബാങ്ക്: തട്ടിപ്പുകളുടെ സിരാകേന്ദ്രം

30/11/2017
നിലമ്പൂര്‍; 24 ബ്രാഞ്ചുകളും 890 കോടി ആസ്ഥിയുമുള്ള നിലമ്പൂര്‍ കോ-ഓപ്പറേറ്റീവ് അര്‍ബന്‍ ബാങ്ക് തട്ടിപ്പുകളുടെയും കള്ളത്തരങ്ങളുടെയും സിരാകേന്ദ്രം. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ ആര്യാടന്‍ മുഹമ്മദിന്റെ മകനും നിലമ്പൂര്‍ നഗരസഭയുടെ മുന്‍ അദ്ധ്യക്ഷനും. കോണ്‍ഗ്‌സിന്റെ കലാ സാംസ്‌കാരിക സംഘടനയായ സംസ്‌കാര സാഹിതിയുടെ ചെയര്‍മാനുമായ ആര്യാടന്‍ ഷൗകത്താണ് ബാങ്കിന്റെ ചയര്‍മാന്‍. അടുത്തടുത്ത ദിവസങ്ങളിലായി ഭരണസമിതിയും ബാങ്കും നടത്തുന്ന വെട്ടിപ്പുകള്‍ ഓരോന്നായി പുറത്താകുന്ന വാര്‍ത്തകളാണ് വന്ന് കൊണ്ടിരിക്കുന്നത്. ബാങ്കിന്റെ പ്രധാന ശാഖയുടെ നവീകരണത്തിന്റെ മറവില്‍ നടക്കുന്ന കൊള്ളകള്‍ക്കെതിരെ പൊതുപ്രവര്‍ത്തകനും ബാങ്ക് അംഗവുമായ സി ജി ഉണ്ണി പരാതി നല്‍കുന്നതോടെയാണ് കോടികളുടെ തട്ടിപ്പുകള്‍ പുറം ലോകമറിഞ്ഞ് തുടങ്ങിയത്. നവീകരണത്തിനിറക്കിയ മണല്‍ മറിച്ച് വിറ്റത് മുതല്‍, നിയമനങ്ങള്‍ക്ക് കോഴവാങ്ങിയും ഡി സി സി പ്രസിഡണ്ടിന്റെയും മറ്റ് കോണ്‍ഗ്രസ് നേതാക്കളുടെയുമെല്ലാം സ്വന്തക്കാരെയും ബന്ധുക്കാരെയും തിരുകിക്കയറ്റാനുള്ള ഇടമായാണ് ഇന്ന് നിലമ്പൂര്‍ അര്‍ബന്‍ ബാങ്ക് നിലകൊള്ളുന്നത്. ജോലിലഭിച്ചവരില്‍ പലരും ഇതുവരെ ബാങഅകില്‍ വന്നിട്ട് പോലുമില്ല. ഇവരെല്ലാം കൃത്യമായി ശമ്പളവും മറ്റാനുകൂല്യങ്ങളും കൈപ്പറ്റുന്നുമുണ്ട്. ഡി സി സി പ്രസിഡണ്ടിന്റെ സഹോദരനും ദീര്‍ഘകാലമായി എഷ്യാനെറ്റിലെ മാധ്യമപ്രവര്‍ത്തകനുമായ വി വി പ്രശാന്ത്(പ്രശാന്ത് നിലമ്പൂര്‍) ഇന്നും ബാങ്കിലെ ജീവനക്കാരനാണ്. ഇത്തരത്തില്‍ നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകരും കുടുംബാംഗങ്ങളുമാണ് പിന്‍വാതില്‍ നിയമനത്തിലൂടെ ജോലിയില്‍ കയറി ലീവെടുത്ത് മറ്റു ജോലികള്‍ ചെയ്യുന്നത്. ഭരണസമിതിയുടെയും കോണ്‍ഗ്രസിന്റെയും ആശ്രിതരല്ലാത്തവരില്‍ നിന്ന് വന്‍തുക കോഴവാങ്ങിയും ഇവിടെ നിയമനങ്ങള്‍ നടക്കുന്നു. നേതാക്കള്‍ക്കും വേണ്ടപ്പെട്ടവര്‍ക്കും ലോണ്‍ എഴുതിത്തള്ളല്‍, ഇളവ് ചെയ്ത് കൊടുക്കല്‍ തുടങ്ങിയ പരിപാടികളും നിലമ്പൂര്‍ അര്‍ബന്‍ ബാങ്കില്‍ സാധാരണമാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞടുപ്പില്‍ സീറ്റി നിഷേധിക്കപ്പെട്ട വിവി പ്രകാശിന് ആര്യാടന്‍ ഷൗക്കെത്തിനെതിരെ പ്രയോഗിക്കാവുന്ന ഒരായുധമായിട്ടുപോലും ഈ വിഷയത്തില്‍ സ്വന്തം സഹോദരനും ഉള്‍പ്പെട്ടതിനാല്‍ മിണ്ടാന്‍ പറ്റാത്ത അവസ്ഥയാണ്.

നിലമ്പൂര്‍ അര്‍ബന്‍ ബാങ്കിലെ അഴിമതി വിജിലന്‍സ് അന്വേഷിക്കുക, ആര്യാടന്‍ ഷൗക്കത്ത് ചെയര്‍മാന്‍ സ്ഥാനം രാജിവെക്കുക, ബാങ്ക് നിയമനങ്ങളുടെ സുതാര്യത ഉറപ്പുവരുത്തുക എന്നീ ആവശ്യങ്ങള്‍ ഉയര്‍ത്തി ഡിവൈഎഫ്‌ഐ നിലമ്പൂര്‍ ബ്ലോക്ക് കമ്മറ്റിയുടെ നേത്യത്വത്തില്‍ ഇന്ന് ബാങ്ക് ആസ്ഥാനത്തേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയിരുന്നു. വരും ദിവസങ്ങളിലും കോണ്‍ഗ്രസിലെ വിമത ഗ്രൂപ്പില്‍ നിന്നടക്കം ശക്തമായ പ്രതിഷേധ പരിപാടികള്‍ക്കാണ് കളമൊരുങ്ങുന്നത്.

Share this post: