Top Stories
പോലീസ്‌-മാവോയിസ്‌റ്റ്‌ വെടിവെയ്‌പ്പില്‍ രണ്ട്‌ മാവോയിസ്‌റ്റുകള്‍ കൊല്ലപ്പെട്ടു കൊല്ലപ്പെട്ടവരില്‍ ഒരു വനിതയും: സംസ്ഥാനത്ത്‌ പോലീസ്‌ വെടിവെയ്‌പ്പില്‍ മാവോയിസ്‌റ്റ്‌ കൊല്ലപ്പെടുന്നത്‌ ഇതാദ്യം
November 24, 2016

mao-224-Nov-2016

നിലമ്പൂര്‍: വ്യാഴാഴ്‌ച ഉച്ചയോടെ നിലമ്പൂര്‍ സൗത്ത്‌ ഡിവിഷനിലെ കരുളായി റെയ്‌ഞ്ചില്‍ പെട്ട പടുക്ക വനമേഖലയില്‍ പോലീസ്‌ മാവോയിസ്‌റ്റ്‌ വെടിവെയ്‌പ്പില്‍ രണ്ട്‌ മാവോയിസ്‌റ്റുകള്‍ കൊല്ലപ്പെട്ടതായി പോലീസ്‌ സ്ഥിരീകരിച്ചു. ആന്ധ്ര സ്വദേശിയായ കൊപ്പം ദേവരാജന്‍, കാവേരി എന്ന അജിത എന്നിവരെ തിരിച്ചറിഞ്ഞിട്ടുണ്ട്‌. ഒരാള്‍ പരിക്കുകളോടെ പോലീസ്‌ കസ്റ്റഡിയില്‍ ഉണ്ടെന്നാണ്‌ സൂചന. രണ്ടുപേര്‍ കൊല്ലപ്പെട്ടതായി തൃശ്ശൂര്‍ റെയ്‌ഞ്ച്‌ ഐജി അജിത്‌ കുമാര്‍ നല്‍കുന്ന സ്ഥിരീകരിച്ചു. പോലീസ്‌ നല്‍കുന്ന വിവരങ്ങള്‍ മാത്രമാണ്‌ പുറത്തുവന്നുകൊണ്ടിരിക്കുന്നത്‌. പടുക്ക ഫോറസ്‌റ്റ്‌ സ്‌റ്റേഷനില്‍ നിന്നും ഏകദേശം 15 കിലോമീറ്റര്‍ ഉള്ളില്‍ കടന്നക്കാപ്പ്‌ വരയന്‍മല ഭാഗത്താണ്‌ വ്യാഴാഴ്‌ച പന്ത്രണ്ട്‌ മണിയോടെ ഏറ്റുമുട്ടല്‍ ഉണ്ടായത്‌. 20 മിനിറ്റോളം വെടിവെയ്‌പ്പ്‌ തുടര്‍ന്നതായാണ്‌ റിപ്പോര്‍ട്ട്‌. പോലീസില്‍ ആര്‍ക്കെങ്കിലും പരിക്ക്‌ പറ്റിയിട്ടുണ്ടോ എന്ന്‌ വ്യക്തമായിട്ടില്ല. തണ്ടര്‍ ബോള്‍ട്ടിന്റെയും എടക്കര പോലീസിന്റെയും നേതൃത്വത്തില്‍ 60 അംഗങ്ങളാണ്‌ മാവോയിസ്‌റ്റ്‌ വേട്ടയിലുള്ളത്‌. 11 മാവോയിസ്‌റ്റുകള്‍ സംഘത്തിലുണ്ടെന്നാണ്‌ പോലീസ്‌ പറയുന്നത്‌. മൃതദേഹങ്ങള്‍ ഇന്‍ക്വസ്റ്റിന്‌ ശേഷമേ വനത്തിന്‌ പുറത്തേക്ക്‌ കൊണ്ടുവരൂ. രക്ഷപെട്ട എട്ട്‌ മാവോയിസ്‌റ്റുകള്‍ കാട്ടില്‍ തങ്ങുന്ന സാഹചര്യത്തില്‍ പോലീസ്‌ അതീവ സുരക്ഷയാണ്‌ ഒരുക്കിയിട്ടുള്ളത്‌. രക്ഷപെട്ട മാവോയിസ്‌റ്റുകള്‍ക്കുള്ള തിരിച്ചിലും തുടരുകയാണ്‌. ജില്ലാ പോലീസ്‌ മേധാവി ദേബേഷ്‌കുമാര്‍ ബെഹ്‌റ, നിലമ്പൂര്‍ നോര്‍ത്ത്‌ ഡിഎഫ്‌ഒ ഡോ. ആര്‍. ആടരലശന്‍, പെരിന്തല്‍മണ്ണ ഡിവൈഎസ്‌പി എം.പി. മോഹനചന്ദ്രന്‍, വിജിലന്‍സ്‌ ഡിവൈഎസ്‌പി, നിലമ്പൂര്‍ സൗത്ത്‌ ഡിഎഫ്‌ഒ കെ. സജി, ഫോറസ്‌റ്റ്‌ റെയ്‌ഞ്ച്‌ ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ വനപാലകരും പടുക്ക ഫോറസ്‌റ്റ്‌ സ്‌റ്റേഷന്‍ മേഖലയില്‍ ക്യാമ്പ്‌ ചെയ്യുന്നുണ്ട്‌. പി.വി. അന്‍വര്‍ എംഎല്‍എ പടുക്കയിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.

Share this post: