13-Dec-2016
നിലമ്പൂര്‍: നോട്ട് പ്രതിസന്ധിക്കിടയിലും നക്ഷത്രവിപണി സജീവം. പുലിമുരുകനും വെള്ളിമൂങ്ങയുമടക്കം 30തിലേറെ പുതിയ ഡിസൈനിലുള്ള നക്ഷത്രങ്ങളാണ് വിപണിയിലുള്ളത്. രണ്ട് തരത്തിലുള്ള നക്ഷത്രങ്ങളാണ് പ്രധാനമായുമുള്ളത്. പഴയ മോഡലലിലുള്ള പേപ്പര്‍ നക്ഷത്രത്തിന് പുറമേ എല്‍ഇഡി നക്ഷത്രങ്ങളും ഇത്തവണ കടകളില്‍ ഇടംപിടിച്ചുകഴിഞ്ഞു. കുന്നംകുളം, തൃശ്ശൂര്‍ എന്നിവിടങ്ങളിലെ നക്ഷത്രവ്യാപാരികളില് നിന്നുമാണ് നിലമ്പൂരടക്കമുള്ള ജില്ലയിലെ വിവിധ ഭാഗങ്ങളിലേക്ക് നക്ഷത്രങ്ങള്‍ എത്തുന്നത്. പുലിമുരുകന് എത്തി മണിക്കൂറുകള്‍ക്കുള്ളില്‍ തന്ന പലകടകളിലും മുഴുവന്‍ സ്റ്റോക്കും വിറ്റുതീര്‍ന്നു. പുലിമുരുകന് നക്ഷത്രങ്ങളെ തേടിയെത്തുന്നവര്‍ നിരവധിയാണെന്നും വ്യാപാരികള്‍ പറയുന്നു.
നക്ഷത്രങ്ങള്‍ക്ക് പുറമേ ക്രിസ്മസ് ട്രീകളും പുല്‍ക്കൂടുകളും സാന്റാക്ലോസ് വേഷവിധാനങ്ങളും ആശംസാകാര്‍ഡുകളും തൊപ്പികളും കടകളില്‍ ലഭ്യമാണ്. നോട്ട് അസാധുവാക്കലുമായി ബന്ധപ്പെട്ട് തുടക്കത്തില്‍ നക്ഷത്രവിപണിയെ ബാധിച്ചിരുന്നെങ്കിലും നിലവില്‍ ഇത് തരണം ചെയ്തിട്ടുണ്ടെന്നും മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇക്കുറി വില്‍പ്പനയില്‍ കുറവില്ലെന്നും വ്യാപാരികള്‍ പറഞ്ഞു. സാധാരണക്കാര്‍ക്ക് വാങ്ങാവുന്ന രീതിയിലുള്ള വിലക്കുറവുള്ള നക്ഷത്രങ്ങളും വിപണിയില്‍ എത്തിയിട്ടുണ്ട്. 30 രൂപ മുതല്‍ 450 രൂപ വരെ വിലയുള്ള പേപ്പര്‍ നക്ഷത്രങ്ങളും 180 മുതല്‍ 345രൂപ വരെ വിലയുള്ള എല്‍ഇഡി നക്ഷത്രങ്ങളും ഒരുക്കിയിട്ടുണ്ട്. വീടുകളില്‍ സ്വന്തമായി ക്രിസ്മസ് പുല്‍ക്കൂട് ഒരുക്കിയിരുന്നവരുടെ എണ്ണത്തില്‍ ഉണ്ടായിട്ടുള്ള കുറവാണ് പുല്‍ക്കൂട് വിപണി സജീവമാകാന്‍ കാരണം. നഗരങ്ങള്‍ക്ക് പുറമേ ഗ്രാമങ്ങളിലും കച്ചവടം പൊടിപൊടിക്കുകയാണ്. ക്രിസ്മസിനെ വരവേല്‍ക്കാന്‍ ജാതിമതഭേദമന്യേ വീടുകളില്‍ നക്ഷത്രങ്ങള്‍ ഇടം തേടിക്കഴിഞ്ഞു.