Main News
പടിഞ്ഞാറേക്കര ഉണ്യാല്‍ തീരദേശപാത പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം മന്ത്രി ജി.സുധാകരന്‍ നിര്‍വ്വഹിച്ചു

10/03/2019

തിരൂർ:കേരളത്തിന്റെ ഗതാഗത-ടൂറിസം മേഖലക്ക് അനന്യ സാധ്യതകളുമായി സംസ്ഥാന
സര്‍ക്കാരിന്റെ സ്വപ്നപദ്ധതിയായ തീരദേശ ഹൈവേയുടെ നിര്‍മ്മാണ
പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്‍ നിര്‍വ്വഹിച്ചു. പടിഞ്ഞാറേക്കര-ഉണ്യാല്‍ തീരദേശപാതയുടെ പ്രവൃത്തി
ഉദ്ഘാടനമാണ് മന്ത്രി വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ നിര്‍വ്വഹിച്ചത്. കൂട്ടായി എസ്.എച്ച്.എം യു.പി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ ഉന്നത
വിദ്യാഭ്യാസവകുപ്പ് മന്ത്രി ഡോ.കെ.ടി ജലീല്‍ അധ്യക്ഷതവഹിച്ചു.

മുമ്പൊരു
സര്‍ക്കാരിനും തുടങ്ങിവെക്കാന്‍ പോലും സാധിക്കാതെ പോയ പദ്ധതിയാണ് ഈ
സര്‍ക്കാര്‍ നടപ്പിലാക്കാന്‍ പോകുന്നതെന്ന് ഉദ്ഘാടനം നിര്‍വ്വഹിച്ച മന്ത്രി ജി. സുധാകരന്‍ പറഞ്ഞു. തീരദേശപാതയുടെ സംസ്ഥാനത്തെ തന്നെ ആദ്യ
പ്രവൃത്തി ഉദ്ഘാടനമാണ് ജില്ലയില്‍ നടക്കുന്നതെന്നും ഇത് ചരിത്ര
മുഹൂര്‍ത്തമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
പടിഞ്ഞാറേക്കരയിലെ ടൂറിസം സാധ്യതകള്‍ക്ക് ആക്കം കൂട്ടാന്‍ പുതിയ പാത വരുന്നതോടെ സാധ്യമാകുമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി ജലീല്‍ പറഞ്ഞു. സര്‍ക്കാര്‍ എന്തെങ്കിലും പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കില്‍ അത് പൂര്‍ത്തിയാക്കുക തന്നെ
ചെയ്യുമെന്ന് മന്ത്രി പറഞ്ഞു.

സഞ്ചാരികളെ ആകര്‍ഷിക്കുന്നതിനായി
പടിഞ്ഞാറേക്കര ബീച്ചില്‍ സൂര്യാസ്തമയ മുനമ്പ് എന്ന പുതിയ പദ്ധതിക്ക് രൂപ രേഖ തയ്യാറാക്കിയതായി പറഞ്ഞ മന്ത്രി ജങ്കാര്‍ സര്‍വ്വീസ് പുനരാരംഭിച്ച
കാര്യവും ഓര്‍മ്മപ്പെടുത്തി.

പഴയ ടിപ്പു സുല്‍ത്താന്‍ റോഡായ പടിഞ്ഞാറേക്കര മുതല്‍ ഉണ്യാല്‍ വരെയുള്ള 15 കിലോമീറ്റര്‍ തീരദേശ പാതയില്‍ വാഹന ഗതാഗതത്തിന് പുറമെ സൈക്കിള്‍ യാത്രികര്‍ക്കും കാല്‍ നടയാത്രക്കാര്‍ക്കായി പ്രത്യേക നടപ്പാതയും ഉള്‍പ്പടെ 14 മീറ്ററാണ് വീതി. തവനൂര്‍, തിരൂര്‍, താനൂര്‍ മണ്ഡലങ്ങളിലുള്ളവര്‍ക്ക് ഏറെ ഗുണകരരമാകുന്ന പദ്ധതി 18 മാസങ്ങള്‍ക്കകം പണി പൂര്‍ത്തീകരിക്കും. തീരദേശ ഹൈവേയില്‍ ഉള്‍പ്പെടുത്തി കിഫ്ബി വഴി 52.78
കോടി രൂപയുടെ ഭരണാനുമതിയും സാങ്കേതികാനുമതിയും പദ്ധതിക്ക്
ലഭിച്ചിട്ടുണ്ട്. ബസ് കാത്തിരിപ്പ് കേന്ദ്രങ്ങള്‍ റോഡ് സുരക്ഷാ
ക്രമീകരണങ്ങള്‍, ഓവുപാലങ്ങള്‍, ഓടകള്‍, സംരക്ഷണഭിത്തികള്‍ എന്നിവയും
പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
നിരവധി പാലങ്ങളും മേല്‍പ്പാലങ്ങളും ഉള്‍പ്പടെയുള്ള തീരദേശ പാതയുടെ മൊത്തം
നിര്‍മ്മാണത്തിനായി 6500 കോടി രൂപയാണ് സര്‍ക്കാര്‍ ബജറ്റില്‍
വകയിരുത്തിയിട്ടുള്ളത്. തീരദേശപാതയിലുടനീളം സൈക്കിള്‍, കാല്‍നടയാത്രികര്‍ക്കായി പ്രത്യേകം വഴിയൊരുക്കുന്നുണ്ടെന്നത് പാതയുടെ ടൂറിസം സാധ്യകള്‍ക്ക് നിറം പകരും. പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ അനിത കിഷോര്‍, മംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഹാജറ മജീദ്, വെട്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി മെഹറുന്നിസ, നിറമരുതൂര്‍ ഗ്രാമപഞ്ചായത്ത് വൈസ്
പ്രസിഡന്റ് കെ.വി സിദ്ധീഖ്, മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷന്‍ അംഗം കൂട്ടായി ബഷീര്‍, തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ അഡ്വ. പി. നസറുള്ള, മംഗലം ഗ്രാമപഞ്ചായത്ത് മെമ്പര്‍ എം. ഷിജു, മത്സ്യഫെഡ് ഡയറക്ടര്‍
കെ.വി.എം ഹനീഫ മാസ്റ്റര്‍, സി.എം പുരുഷോത്തമന്‍ മാസ്റ്റര്‍, ആര്‍.
മുഹമ്മദ് ഷാ, കെ.ആര്‍.എഫ്.ബി ചീഫ് എഞ്ചിനീയര്‍ വി.വി ബിനു, പൊതുമരാമത്ത് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ കെ. മുഹമ്മദ് ഇസ്മയില്‍, അസിസ്റ്റന്റ്
എഞ്ചിനീയര്‍ ഗോപന്‍ മുക്കോലത്ത് എന്നിവര്‍ പങ്കെടുത്തു.

Share this post: