Main News
പട്ടിണി കിടന്ന് മടുത്തു; നാട്ടിലേക്ക് മടങ്ങിവരണമെന്ന് ഐഎസില്‍ ചേര്‍ന്ന മലയാളി യുവാവ്

08/06/2019

ദില്ലി: ഐഎസില്‍ ചേര്‍ന്ന മലയാളി യുവാവ് നാട്ടിലേക്ക് തിരിച്ചുവരാന്‍ ആഗ്രഹം പ്രകടിപ്പിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തു. സുരക്ഷാ വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്‌സ്പ്രസാണ് ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. സിറിയയിലെ ഐഎസ് ക്യാമ്പില്‍ കഴിയുന്ന കാസര്‍ഗോഡ് എലമ്പാച്ചി സ്വദേശിയായ ഫിറോസ് എന്ന യുവാവാണ് വീട്ടുകാരോട് തനിക്ക് നാട്ടില്‍ തിരിച്ചെത്താനുള്ള ആഗ്രഹം അറിയിച്ചത്. ഇവിടെ പട്ടിയാണ്. ഭക്ഷണത്തിന് വേണ്ടി അടികൂടുകയാണ്. താന്‍ നാട്ടിലേക്ക് വന്നോട്ടെ എന്നുമാണ് ഫിറോസ് വീട്ടുകാരോട് ചോദിച്ചത്. അമ്മ ഹബീബയോടാണ് ഫിറോസ് സംസാരിച്ചത്. നാട്ടില്‍ എത്തിയാല്‍ താന്‍ കീഴടങ്ങിക്കോളാം എന്നും ഫിറോസ് പറഞ്ഞതായി വീട്ടുകാര്‍ പറയുന്നു.

2016 ജൂണ്‍ മാസത്തിലാണ് ഫിറോസ് ഐഎസില്‍ ചേര്‍ന്നത്. കഴിഞ്ഞ മാസമാണ് ഫിറോസ് വീട്ടുകാരുമായി ഫോണില്‍ ബന്ധപ്പെട്ടത്. ഐഎസ് മലേഷ്യന്‍ സ്വദേശിയായ ഒരു യുവതിയുമായി തന്റെ വിവാഹം നടത്തിയതായും എന്നാല്‍ യുവതി തന്നെ ഉപേക്ഷിച്ച് പോയതായും വീട്ടുകാരോട് പറഞ്ഞതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. നാട്ടില്‍ തിരിച്ചെത്തിയാല്‍ എന്തൊക്കെ കേസുകളാണ് തനിക്കെതിരെ ഉണ്ടാവുക എന്നും ഫിറോസ് വീട്ടുകാരോട് ആരാഞ്ഞു. ഫിറോസിന് കീഴടങ്ങാന്‍ താല്‍പര്യം ഉണ്ട്. പക്ഷേ എവിടെ എപ്പോള്‍ എന്നുള്ള കാര്യങ്ങള്‍ ഒന്നും ഇയാള്‍ വീട്ടുകാരെ അറിയിച്ചിട്ടില്ല. ഈ ഫോണ്‍ കോളിനുശേഷം ഫിറോസിന്റെ യാതൊരു വിവരവും തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്ന്  വീട്ടുകാര്‍ പറഞ്ഞതായി  റിപ്പോര്‍ട്ടില്‍ പറയുന്നു.

Share this post: