Main News
പഠിച്ചിറങ്ങിയ കലാലയ മുറ്റത്ത് സ്ഥാനാർത്ഥിയായി സാനു

13/03/2019

വളാഞ്ചേരി: എം ഇ എസ് കോളേജിന്റെ കവാടം കടന്ന് സാനു എത്തുമ്പോൾ തങ്ങളുടെ പ്രിയപ്പെട്ട വിദ്യാർത്ഥിയെ സ്വീകരിക്കാൻ ഒരു കലാലയമാകെ ഒരുങ്ങി നിൽക്കുകയായിരുന്നു. എം ഇ എസിന്റെ വരാന്തയിലൂടെ മുദ്രാവാക്യം വിളിച്ച് സമരം നയിച്ചിരുന്ന പഴയ എസ്എഫ്ഐക്കാരൻ ഇന്നിതാ രാജ്യത്തെ ആകെ വിദ്യാർത്ഥികളുടെ നേതാവായി, ലോകസഭയിലേക്ക് മത്സരിക്കുന്ന സ്ഥാനാർത്ഥിയായി അതേ കലാലയ മുറ്റത്ത് വന്ന് നിൽക്കുന്നു. നൂറ് കണക്കിന് വിദ്യാർത്ഥികൾ ഉച്ചത്തിൽ മുദ്രാവാക്യം മുഴക്കിയാണ് അവരുടെ പ്രിയപ്പെട്ട പൂർവ്വ വിദ്യാർത്ഥിയെ കോളേജിലേക്ക് സ്വാഗതം ചെയ്തത്. അദ്ധ്യാപകരും ജീവനക്കാരുമെല്ലാം സാനുവിനെ സ്വീകരിക്കാനെത്തി.

മലപ്പുറം മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥി വി.പി സാനു വളാഞ്ചേരി എം ഇ എസിലെ 2006-2009 ഡിഗ്രി ബാച്ചിലെ ബികോം വിദ്യാർത്ഥിയായിരുന്നു. എസ്എഫ്ഐയുടെ നേതൃനിരയിലേക്ക് സാനു ഉയർന്ന് വരുന്നത് ഇക്കാലത്താണ്. വളാഞ്ചേരി ഏരിയാ സെക്രട്ടറിയായും ജില്ലാ കമ്മറ്റി അംഗമായും ഇവിടെ നിന്നാണ് സാനു തെരഞ്ഞെടുക്കപ്പെടുന്നത്. എം ഇ എസിലെ അവസാന വർഷം കോളേജ് ചെയർമാനായി വിജയിച്ചത് വിദ്യാർത്ഥികളുടെ അംഗീകാരം നേടിയെടുക്കാനും സാനുവിനായി.

മണ്ഡലത്തിന് പുറത്താണ് കോളേജെങ്കിലും തന്നെ പഠിപ്പിച്ച അദ്ധ്യാപകരുടെ ആശിർവാദം വാങ്ങാനാണ് താനെത്തിയതെന്ന് സാനു പറയുന്നു. കൂടെ പഠിച്ച സുഹൃത്തുക്കളും സാനുവിനെ സ്വീകരിക്കാനെത്തിയിരുന്നു. ഉയരങ്ങളിലേക്ക് സാനു എത്തുന്നതിൽ ഏറെ സന്തോഷിക്കുന്നത്
അദ്ധ്യാപകനായ കെ.എച്ച് റസാഖ് മാഷാണ്. ഓരോ ക്ലാസ് മുറിയിലും കൂട്ടികൊണ്ട് പോയി പുതിയ വിദ്യാർത്ഥികൾക്ക് തന്റെ പ്രിയപെട്ട വിദ്യാർത്ഥിയെ പരിചയപെടുത്തുന്ന തിരക്കിലായിരുന്നു മാഷ്. സാനുവിന്റെ അധ്യാപകനും ഇപ്പോൾ എം ഇ എസ്സിന്റെ സെക്രട്ടറിയുമായ കെ.പി ഹസ്സൻ മാഷും സാനുവിനെ കാണാൻ കോളേജിലെത്തിയിരുന്നു. പഠനകാലത്തെ ഓർമകൾ പങ്ക് വെച്ചും പിന്തുണ അഭ്യർഥിച്ചും വിദ്യാർത്ഥികളോടും അദ്ധ്യാപകരോടും സ്ഥാനാർത്ഥി സംസാരിച്ചു. കോളേജിലെ സന്ദർശനം ഏറെ ഊർജം നൽകുന്നതാണെന്ന് വിപി സാനു പറഞ്ഞു. കോളേജിന്റെ മുഴുവൻ ആശീർവാദവും ഏറ്റുവാങ്ങിയാണ് സാനു മടങ്ങിയത്.

Share this post: