Main News
പി.കെ കുഞ്ഞാലിക്കുട്ടി

09/03/2019

അൻവർ അലി

1951 ജനുവരി 6-ന് മലപ്പുറം കാരത്തോട് പാണ്ടിക്കടവത്ത് മുഹമ്മദ് ഹാജിയുടേയും കെ.പി. ഫാത്തിമ്മക്കുട്ടിയുടേയും മകനായി ജനിച്ച പി.കെ കുഞ്ഞാലിക്കുട്ടി മുസ്ലിം ലീഗ് രാഷ്ട്രീയത്തിലെ പകരം വെക്കാനില്ലാത്ത നേതാവാണ്. സമുദായ രാഷ്ട്രീയത്തെ അസാമാന്യ മെയ് വഴക്കത്തോടെ കൈകാര്യം ചെയ്ത്, കേരള രാഷ്ടീയത്തിലെ തന്ത്രശാലിയായ നേതാവ് പാർലമെന്റ് തിരഞ്ഞെടുപ്പിൽ രണ്ടാം അംഗം കുറിച്ചിരിക്കുന്നു.

കോഴിക്കോട് ഫറൂഖ് കോളേജിലെ ബിരുദ പഠന കാലത്താണ് കുഞ്ഞാലിക്കുട്ടി എംഎസ്എഫിലൂടെ രാഷ്ട്രീയത്തിലെത്തുന്നത്. തുടർന്ന് തളിപ്പറമ്പ് സർ സയ്യിദ് കോളേജിൽ എംഎസ്എഫിൻറെ യൂനിറ്റ് പ്രസിഡന്റായി പ്രവർത്തിച്ചു. പിന്നീട് എംഎസ്എഫിന്റെ സംസ്ഥാന ഭാരവാഹിയായി.

27-ാം വയസ്സിൽ മുൻസിപ്പൽ തിരഞ്ഞെടുപ്പിലെ ഗംഭീര വിജയത്തിലൂടെ മലപ്പുറം നഗരസഭാ ചെയർമാനായി. 1982 ൽ നടന്ന നിയമസഭ തിരഞ്ഞെടുപ്പിൽ മലപ്പുറത്ത് ലീഗ് സ്ഥാനാർത്ഥിയായ ലീഗുകാരുടെ കുഞ്ഞാപ്പ വൻ ഭൂരിപക്ഷത്തിന് ജയിച്ച് നിയമസഭയിലെത്തി. പിന്നീടങ്ങോട്ട് ലീഗ് രാഷ്ടീയത്തിലും പാർലമെന്ററി രംഗത്തും കുഞ്ഞാലികുട്ടിയെന്ന നേതാവിന്റെ വളർച്ചയായിരുന്നു. രണ്ട് തവണ സംസ്ഥാന വ്യവസായ വകുപ്പ് മന്ത്രിയായി അദ്ധേഹം പ്രവർത്തിച്ചു

2006-ൽ നിയമസഭാ തിരഞ്ഞെടുപ്പിൽ കുറ്റിപ്പുറത്ത് കെ.ടി ജലീലിനോട് തോൽവി ഏറ്റ് വാങ്ങിയതാണ് കുഞ്ഞാലിക്കുട്ടിയുടെ രാഷ്ടീയ ജീവിതത്തിലെ ഏറ്റവും വലിയ തിരിച്ചടി. ഐസ്ക്രീം കേസിനെ തുടർന്നുണ്ടായ വിവാദങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു അത്. അക്കാലത്ത് മന്ത്രിസ്ഥാനവും അദ്ധേഹത്തിന് രാജിവെക്കേണ്ടി വന്നു. എന്നാൽ 2011ൽ വേങ്ങര നിയോജകമണ്ഡലത്തിൽ നിന്ന് വൻ ഭൂരിപക്ഷത്തിന് വിജയിച്ച് അദ്ധേഹം തിരിച്ച് വന്നു. 2017 മാർച്ച് 1 നു മുസ്ലിം ലീഗ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി ആയി കുഞ്ഞാലികട്ടി തിരഞ്ഞെടുക്കപ്പെട്ടു.

ഇ അഹമ്മദ് മരിച്ചതിനെ തുടർന്ന് 2017 ഏപ്രിലിൽ നടന്ന മലപ്പുറം ലോകസഭ ഉപതിരഞ്ഞെടുപ്പിൽ എംഎൽഎ സ്ഥാനം രാജിവെച്ച് കുഞ്ഞാലിക്കുട്ടി പാർലമെന്റിലേക്ക് മത്സരിക്കുകയും ഒന്നര ലക്ഷത്തിൽപരം വോട്ടുകൾക്ക് എൽഡിഎഫിന്റെ എംബി ഫൈസലിനെ തോൽപ്പിച്ച് എം.പി ആയി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. കെ.എം കുൽസു ആണ് ഭാര്യ.ലസിത,ആഷിഖ് എന്നിവരാണ് മക്കൾ.

Share this post: