Main News
പി.വി അൻവർ; അട്ടിമറി വിജയങ്ങൾക്ക് കരുത്തുള്ളവൻ

09/03/2019

ഏറനാട്ടിലെ പരമ്പരാഗത കർഷകരായ പുത്തൻ വീട്ടിൽ കുടുംബത്തിലാണ് പി വി അൻവറിന്റെ ജനനം. (53 വയസ‌്.) എഐസിസി അംഗവും ദീർഘകാലം എടവണ്ണ പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന അദ്ദേഹത്തിന്റെ പിതാവ് പി വി ഷൗക്കത്തലി സ്വാതന്ത്ര്യസമര പോരാളി കൂടിയായിരുന്നു. 1962 ൽ മഞ്ചേരി പാർലമെന്റ് മണ്ഡലത്തിൽനിന്നും കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിച്ച പിതാവിന്റെ കാൽപാടുകളാണ് അൻവർ പിന്തുടരുന്നത്. പി വി ഷൗക്കത്തലിയുടെ ഇലക്ഷൻ പ്രചാരണത്തിനായി അക്കാലത്ത് പ്രധാനമന്ത്രി ജവാഹർലാൽ നെഹ്റു മഞ്ചേരിയിൽ വന്നു പ്രസംഗിച്ചതും പുത്തൻവീട്ടിൽ ഭവനം സന്ദർശിച്ചതുമെല്ലാം ചരിത്രത്തിന്റെ ഭാഗമാണ്.

വിദ്യാർഥി രാഷ്ട്രീയത്തിലൂടെ പൊതുപ്രവർത്തന രംഗത്ത് സജീവമായ പി വി അൻവർ കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളേജ് ഹൈസ്കൂളിലെ സ്കൂൾ ലീഡറായി (1981–82) നേതൃരംഗത്തെത്തി. തുടർന്ന് മമ്പാട് എംഇഎസ് കോളേജ് യൂണിയൻ ജനറൽ സെക്രട്ടറിയും( 1984–85) കോളേജ് യൂണിയൻ ചെയർമാനുമായി (1987-88) തെരഞ്ഞെടുക്കപ്പെട്ടു. കേരള സ്റ്റുഡന്റ്സ് യൂണിയൻ (എസ്) സംസ്ഥാന സെക്രട്ടറിയുമായി. 1989 ൽ രമേശ് ചെന്നിത്തല യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റായിരുന്ന കാലത്ത് യൂത്ത് കോൺഗ്രസ് മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റും സാംസ്കാരിക സംഘടനയായ നെഹ്റു യുവദർശന്റെ സംസ്ഥാന സെക്രട്ടറിമായിരുന്നു അൻവർ. കെ കരുണാകരനുമായി ആത്മബന്ധം പുലർത്തിയിരുന്ന അൻവർ 2005 ൽ ഡെമോക്രാറ്റിക് ഇന്ദിര കോൺഗ്രസ് എന്ന പുതിയ രാഷ്ട്രീയ പ്രസ്ഥാനം രൂപീകരിച്ചപ്പോൾ ഡിഐസിയുടെ മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റായി. പിന്നീട് കരുണാകരൻ മാതൃസംഘടനയിലേക്ക് തിരിച്ചു പോയെങ്കിലും അൻവർ സ്വതന്ത്ര നിലപാടെടുത്ത് മാറിനിന്നു. സജീവ രാഷ്ട്രീയത്തോടെപ്പം ജീവകാരുണ്യ പ്രവർത്തനങ്ങളുമായി പ്രവർത്തിക്കുന്നു. അശരണർക്ക് തണലേകുന്ന പി വി ഷൗക്കത്തലി ആൻഡ‌് മറിയുമ്മ ചാരിറ്റബിൾ ട്രസ്റ്റിന്റെ ചെയർമാനാണ്.

2011 ൽ നിയമസഭാ തെരഞ്ഞെടുപ്പിൽ ഏറനാട് മണ്ഡലത്തിൽ നിന്നും സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച് 41 ശതമാനം വോട്ടുകൾ നേടി രണ്ടാം സ്ഥാനത്തെത്തി. 2014 ൽ ലോക‌്സഭാ തെരഞ്ഞെടുപ്പിൽ വയനാട് പാർലമെന്റ് മണ്ഡലത്തിൽ നിന്നും സ്വതന്ത്രനായി മത്സരിച്ച് നാലാം സ്ഥാനത്തെത്തി സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വോട്ട് നേടിയ സ്വതന്ത്രനായി.
ഇടതുപക്ഷത്തോടാപ്പം ചേർന്ന അൻവർ 2016 ൽ കോൺഗ്രസിന്റെ കുത്തക മണ്ഡലമായ നിലമ്പൂരിൽ ആര്യാടൻ കുടുംബത്തിനെതിരെ ഉജ്വല വിജയം നേടി. ആര്യാടൻ മുഹമ്മദിന്റെ മകൻ ആര്യാടൻ ഷൗക്കത്തിനെ 11504 വോട്ടിനാണ‌് തോൽപ്പിച്ചത‌്. എംഎൽഎ എന്ന നിലയിൽ നിലമ്പൂരിന്റെ വികസന മുരടിപ്പിന‌് അറുതി വരുത്തിയ അൻവർ ജില്ലയുടെ പൊതുവായ ആവശ്യങ്ങൾ നേടിയെടുക്കുന്നതിലും മുൻപന്തിയിൽ പ്രവർത്തിക്കുന്നു

Share this post: