Main News
പി.സി.ഷാനവാസ്;പാവങ്ങളുടെ ഡോക്ടർ, മറന്ന് പോവാതെ ചേർത്ത് നിറുത്തേണ്ട മനുഷ്യൻ

13/02/2020
ആദിവാസികള്‍ക്കും നിരാംലബര്‍ക്കും വേണ്ടി ജീവിതമുഴിഞ്ഞുവെച്ച് അകാലത്തിൽ വിട്ട് പോയ ‘പാവങ്ങളുടെ ഡോക്ടര്‍’ എന്നറിയപ്പെട്ട പി.സി ഷാനവാസിന്റെ വിയോഗത്തിന് അഞ്ച് വയസ്സ്. ആശുപത്രി-മരുന്ന് മേഖലകളിലെ മാഫിയാവൽക്കരണത്തെയും ചൂഷണത്തെയും എതിർത്ത് പോരുകയും അഴിമതിക്കെതിരെ താക്കീത് നൽകുകയും അതിന് അരികുനിൽക്കുന്ന അധികാരികളെ ചോദ്യം ചെയ്തുകൊണ്ടും ജീവിതം സമരമായും സഹജീവി സ്നേഹമായും കണ്ട നന്മയായിരുന്നു ഡോക്ടർ പി.സി ഷാനവാസ്.

നിലമ്പൂർ വടപുറം പുള്ളിച്ചോല പി. മുഹമ്മദ് ഹാജിയുടെയും കെ ജമീല ഹജ്ജുമ്മയുടെയും മകനായ ഷാനവാസ് അവിവാഹിതനായിരുന്നു, കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്ന് എം.ബി.ബി.എസ്. പൂർത്തിയാക്കിയ ഷാനവാസ് നിരവധി സ്വകാര്യ ആശുപത്രികളിൽ ജോലി ചെയ്ത ശേഷം സർക്കാർ സർവീസിൽ അസിസ്റ്റന്റ് സർജനായി പ്രവേശിച്ചു.
നിലമ്പൂരിലെ ആദിവാസി ഊരുകളിലായിരുന്നു ഷാനവാസിന്റെ പ്രധാന പ്രവർത്തന കേന്ദ്രം. നിലമ്പൂർ ചുങ്കത്തറ സർക്കാർ ആശുപത്രിയിൽ ജോലി ചെയ്യുന്ന സമയത്ത് ആദിവാസി മേഖലകളിലേക്ക് ഇറങ്ങി പ്രവർത്തിക്കാൻ തുടങ്ങി. സ്വകാര്യ ആശുപത്രി ലോബിയുടെ കടുത്ത എതിർപ്പിനെ അതിജീവിച്ചാണ് ഷാനവാസ് നിലമ്പൂരിലെ പൊതുജനാരോഗ്യ രംഗത്ത് സജീവമായി പ്രവർത്തിച്ചത്. ആദിവാസികള്‍ക്കും പിന്നോക്ക വിഭാഗങ്ങള്‍ക്കും മരുന്നും ഭക്ഷണവും അദ്ധേഹം എത്തിച്ച് നൽകി.

ആദിവാസി ഊരുകളിലെ ആതുര സേവന പ്രവർത്തനങ്ങൾക്കായി മരുന്നു കമ്പനികളെ ആശ്രയിക്കാതെ സാമ്പിൾ മരുന്നുകൾ കണ്ടെത്തിയായിരുന്നു ഷാനവാസിന്റെ പ്രവർത്തനങ്ങൾ. സാമ്പിൾ മരുന്നുകൾ കമ്പനികളിൽനിന്നുള്ള ഫസ്റ്റ് ക്വാളിറ്റി മരുന്നുകളായതിനാലാണ് താൻ അവ ഉപയോഗിക്കുന്നതെന്നായിരുന്നു ഇതിനു ഷാനവാസിന്റെ മറുപടി പറഞ്ഞത്. മുമ്പു ജോലി ചെയ്ത ചില ആശുപത്രികളും സാമ്പിൾ മരുന്നുകൾ ഷാനവാസിനു നൽകിയിരുന്നു.

സർവീസിൽ പ്രവേശിച്ച് ആദ്യ മൂന്നു വർഷം തികയും മുമ്പാണ് ചട്ടങ്ങൾ ലംഘിച്ച് ഷാനവാസിന് ജില്ലാ മെഡിക്കൽ ഓഫീസർ പോലും അറിയാതെ സ്ഥലം മാറ്റമുണ്ടായത്. ഇതിനെതിരെ നിയമപ്പോരാട്ടത്തിനോരുങ്ങുകയായിരുന്ന ഡോക്ടർ ഷാനവാസ് 2015 ഫെബ്രുവരി 13 രാത്രി മുപ്പത്തഞ്ചാം വയസ്സിൽ അപ്രതീക്ഷിതമായി മരണത്തിന് കീഴടങ്ങി. ഫെബ്രുവരി 13-ന് രാത്രി സുഹൃത്തുക്കൾക്കൊപ്പം കോഴിക്കോട്് യാത്ര പോയ ഷാനവാസ് തിരികേ വീട്ടിലേക്ക് വരുമ്പോഴാണ് മരണം സംഭവിച്ചത്. യാത്രക്കിടയിൽ ചർദ്ദിച്ച ഡോ.ഷാനവാസിനെ എടവണ്ണ രാജഗിരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവിടെ നിന്നും മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകാൻ നിർദ്ദേശിച്ചെങ്കിലും ഇതിനിടെ മരണം സംഭവിക്കുകയായിരുന്നു. രക്‌തസമർദവും ഛർദിയിൽ ഭക്ഷണാവശിഷ്‌ടം അന്നനാളത്തിൽ കുരുങ്ങിയതുമാണു മരണകാരണമെന്നാണ് കോഴിക്കോട്‌ മെഡിക്കൽ കോളജിൽ നടത്തിയ പോസ്‌റ്റ്‌മോർട്ടം റിപ്പോർട്ട്‌ പറയുന്നത്. പാവപ്പെട്ട കുറേ മനുഷ്യരുടെ ആശ്രയമാണ് അദ്ധേഹത്തിന്റെ വിയോഗത്തോടെ ഇല്ലാതായത്.

Share this post: