Main News
പെരിന്തല്‍മണ്ണ ഗവ. ആയുര്‍വേദാശുപത്രിയുടെ കെട്ടിട – ശിലാസ്ഥാപനം മന്ത്രി ഡോ. കെ.ടി.ജലീല്‍ നിര്‍വഹിച്ചു

പെരിന്തല്‍മണ്ണ നഗരസഭയുടെ രജത ജൂബിലി പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിക്കുന്ന ഗവ: ആയുര്‍വേദ ആശുപത്രി കെട്ടിടത്തിന്റെ  ശിലാസ്ഥാപനം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.കെ.ടി ജലീല്‍ നിര്‍വഹിച്ചു. നല്ല സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉണ്ടാകുമ്പോഴാണ് സ്വകാര്യ മേഖലയിലും മെച്ചപ്പെട്ട സംരംഭങ്ങള്‍ ഉണ്ടാകുന്നതെന്നും അപ്പോഴാണ് സ്വകാര്യ സംവിധാനങ്ങള്‍ സാധാരണക്കാര്‍ക്ക് കൂടി പ്രാപ്തമാകുന്ന അവസ്ഥയിലേക്ക് മാറുന്നതെന്നും മന്ത്രി ശിലാസ്ഥാപന ചടങ്ങില്‍ പറഞ്ഞു. സര്‍ക്കാര്‍ ആശുപത്രികളെല്ലാം നല്ല രീതിയില്‍ പ്രവൃത്തിക്കാന്‍ തുടങ്ങിയപ്പോള്‍ ആളുകള്‍ സര്‍ക്കാര്‍ ആശുപത്രിയെ സമീപിക്കാനും തുടങ്ങി. അതനുസരിച്ച് സ്വകാര്യ ആശുപത്രികളും മാറ്റങ്ങള്‍ കൊണ്ടു വന്നു.  സര്‍ക്കാര്‍ സംവിധാനം മോശമെങ്കില്‍ സ്വകാര്യ സംരംഭങ്ങളും വേണ്ടത്ര ജാഗ്രതയോട് കൂടി പ്രവര്‍ത്തിക്കില്ലയെന്നും മന്ത്രി പറഞ്ഞു. നഗരസഭയുടെ നാലാം വാര്‍ഷികം പ്രമാണിച്ച് പ്രസിദ്ധീകരിക്കുന്ന വികസന സപ്ലിമെന്റിന്റെ പ്രകാശനവും ഭൂരഹിതരായ 400 കുടുംബങ്ങള്‍ക്ക് ഭവന സമുച്ചയം നിര്‍മ്മിക്കുന്നതിലേക്ക് കമ്പനികളും, വ്യക്തികളും നല്‍കുന്ന സംഭാവനയുടെ ഏറ്റുവാങ്ങലും ചടങ്ങില്‍ മന്ത്രി നിര്‍വഹിച്ചു.

പെരിന്തല്‍മണ്ണ ജൂബിലിറോഡിലെ കെട്ടിടത്തില്‍ സൗകര്യങ്ങള്‍ ഇല്ലാത്ത സാഹചര്യത്തിലാണ് രജതജൂബിലി പദ്ധതിയിലുള്‍പ്പെടുത്തി ചോലോം കുന്നില്‍ നഗരസഭയുടെ ഉടമസ്ഥതയിലുള്ള അര ഏക്കര്‍ സ്ഥലത്ത് ആശുപത്രി നിര്‍മ്മിക്കുന്നത്. 29000 സ്‌ക്വയര്‍ ഫീറ്റില്‍  50 പേരേ കിടത്തി ചികിത്സിക്കാവുന്ന  ഏഴ് വാര്‍ഡുകള്‍,  ഒ.പി വിഭാഗം, ഉഴിച്ചില്‍, ഫാര്‍മസി വിഭാഗങ്ങള്‍, ടോയ്‌ലറ്റ്, വിശ്രമമുറികള്‍ തുടങ്ങിയ സൗകര്യങ്ങളോട് കൂടിയാണ്  കെട്ടിടം നിര്‍മ്മിക്കുന്നത്.  അഞ്ച് കോടി രൂപ നിര്‍മ്മാണ ചെലവില്‍ 75 ലക്ഷം രൂപ ദേശീയ ആയുഷ്മിഷന്‍ വിഹിതമായും ബാക്കി തുക നഗരസഭയുടെ ഫണ്ടുപയോഗിച്ചുമാണ് നിര്‍വഹിക്കുക. പ്രീ ഫാബ് സാങ്കേതിക വിദ്യ ഉപയോഗിച്ച് പൊതുമേഖലാ കമ്പനിയായ എഫ്.എ.സി.ടി.ആര്‍.സി.എഫ് ആണ്  കെട്ടിടം നിര്‍മ്മിക്കുന്നത്.  നാല് മാസം കൊണ്ട് നിര്‍മ്മാണം പൂര്‍ത്തീകരിക്കാനാണ് തീരുമാനം. ബാംഗ്ലൂര്‍ ആസ്ഥാനമായ എ.യു.എസ് കണ്‍സോര്‍ഷ്യയാണ് പദ്ധതിയുടെ രൂപരേഖ തയ്യാറാക്കിയത്.

നഗരസഭാ ചെയര്‍മാന്‍ എം മുഹമ്മദ് സലീം അധ്യക്ഷനായി. വൈസ് ചെയര്‍പേഴ്‌സണ്‍ നിഷി അനില്‍ രാജ്, സ്ഥിരംസമിതി ചെയര്‍മാന്‍മാരായ കെ.സി മൊയ്തീന്‍ കുട്ടി, പി.ടി ശോഭന, എ.രതി, പത്തത്ത് ആരിഫ്, കിഴിശ്ശേരി മുസ്തഫ, ഡി എം.ഒ ഐ.എസ്.എം ഡോ: കെ സുശീല ബേബി, ദേശീയ ഭക്ഷ്യകമീഷന്‍ അംഗം വി.രമേശന്‍, ദേശീയ ആയുഷ്മിഷന്‍ സംസ്ഥാന സംസ്ഥാന പ്രോഗ്രാം മാനേജര്‍ ഡോ: എം.സുഭാഷ്, മുനിസിപ്പല്‍ സെക്രട്ടറി എസ്.അബ്ദുല്‍ സജിം, മുനിസിപ്പല്‍ എഞ്ചിനീയര്‍ എന്‍.പ്രസന്നകുമാര്‍, ദേശീയ ആയുഷ്മിഷന്‍ ജില്ലാം പ്രോഗ്രാം മാനേജര്‍ ഡോ.കബീര്‍, ചീഫ് മെഡിക്കല്‍ ഓഫീസര്‍ ആയുര്‍വേദ ആശുപത്രി ഡോ മുഹമ്മദ് സലീം തുടങ്ങിയ ഉദ്യോഗസ്ഥരും മറ്റ് ജനപ്രതിനിധികളും രാഷ്ട്രീയ പ്രതിനിധികളും ചടങ്ങില്‍ പങ്കെടുത്തു.

Share this post: