Top Stories
പോലീസ്‌ വെടിവെയ്‌പ്പില്‍ കൊല്ലപ്പെട്ട മാവോയിസ്‌റ്റുകളുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കോഴിക്കോട്‌ മെഡിക്കല്‍ കോളേജിലേക്ക്‌ കൊണ്ടുപോയി
November 26, 2016

mao-bodies25-Nov-2016
നിലമ്പൂര്‍: വ്യാഴാഴ്‌ച ഉച്ചയോടെ നിലമ്പൂര്‍ സൗത്ത്‌ ഡിവിഷനിലെ കരുളായി റെയ്‌ഞ്ചില്‍ പെട്ട പടുക്ക വനമേഖലയിലെ ഉണക്കപ്പാറയില്‍ പോലീസ്‌ വെടിവെയ്‌പ്പില്‍ കൊല്ലപ്പെട്ട മാവോയിസ്‌റ്റുകളായ തമിഴ്‌നാട്‌ സ്വദേശി കൊപ്പു ദേവരാജന്‍, കാവേരി എന്ന അജിത എന്നിവരുടെ മൃതദേഹങ്ങളാണ്‌ പോസ്‌റ്റ്‌മോര്‍ട്ടത്തിനായി വന്‍ പോലീസ്‌ പടയുടെ അകമ്പടിയോടെ കോഴിക്കോട്‌ മെഡിക്കല്‍ കോളേജിലേക്ക്‌ കൊണ്ടുപോയത്‌. വെള്ളിയാഴ്‌ച രാവിലെ ഏഴേനാല്‍പതോടെ 12 വാഹനങ്ങളിലായി ജില്ലാ പോലീസ്‌ മേധാവി ദേബേഷ്‌കുമാര്‍ ബെഹ്‌റയുടെ നേതൃത്വത്തില്‍ സംഭവസ്ഥലത്ത്‌ നിരീക്ഷണം നടത്തിയ ശേഷമാണ്‌ 32 വാഹനങ്ങള്‍ വീണ്ടും മാവോയിസ്‌റ്റുകളുടെ മൃതദേഹങ്ങള്‍ കിടക്കുന്ന ഭാഗത്തേക്ക്‌ നീങ്ങിയത്‌. സബ്‌ കലക്ടര്‍ ജാഫര്‍ മാലിക്‌, നിലമ്പൂര്‍ തഹസില്‍ദാര്‍ പി പി ജയചന്ദ്രന്‍, തമിഴ്‌നാട്‌ സ്‌പെഷ്യല്‍ ടാസ്‌ക്‌ ഫോഴ്‌സ്‌ എസ്‌ പി ഷിബി ചക്രവര്‍ത്തി, സി ഐമാര്‍, വിവിധ സ്റ്റേഷനുകളിലെ എസ്‌ഐമാര്‍, സൗത്ത്‌ ഡിഎഫ്‌ഒ കെ സജി, ഫോറസ്റ്റ്‌ റെയ്‌ഞ്ച്‌ ഓഫീസര്‍മാര്‍, പെരിന്തല്‍മണ്ണ ഡിവൈഎസ്‌പി എം പി മോഹനചന്ദ്രന്‍, വിവിധ വിഭാഗങ്ങളിലെ ഡിവൈഎസ്‌പിമാര്‍ എന്നിവര്‍ സംഭവസ്ഥലത്ത്‌ എത്തി. മരണപ്പെട്ട കാവേരിയുടെ ഇന്‍ക്വസ്റ്റാണ്‌ ആദ്യം പൂര്‍ത്തിയാക്കിയത്‌. ശേഷം കൊപ്പു ദേവരാജന്റെയും ഇന്‍ക്വസ്റ്റ്‌ നടത്തി. വൈകുന്നേരം അഞ്ചുമണിയോടെ മൃതദേഹം സ്ഥലത്തുനിന്നും രണ്ട്‌ കിലോമീറ്ററോളം ചുമന്നും പിന്നീട്‌ ആംബുലന്‍സിലുമാണ്‌ പുറത്തേക്ക്‌ കൊണ്ടുവന്നത്‌. പോസ്‌റ്റ്‌മോര്‍ട്ടം മെഡിക്കല്‍ കോളേജ്‌ ഫോറന്‍സിക്‌ സര്‍ജന്റെ നേതൃത്വത്തില്‍ നടക്കും. മൃതദേഹം ഏറ്റുവാങ്ങാനായി ദേവരാജന്റെ ബന്ധുക്കള്‍ കോഴിക്കോട്‌ എത്തിയിട്ടുണ്ട്‌. വന്‍ പോലീസ്‌ സുരക്ഷയാണ്‌ ഒരുക്കിയിട്ടുള്ളത്‌. മാധ്യമപ്രവര്‍ത്തകരെ പോലും വനത്തിനുള്ളിലേക്ക്‌ കടത്തിവിട്ടില്ല. മൂന്നരയോടെ മാധ്യമപ്രവര്‍ത്തകര്‍ പ്രതിഷേധം അറിയിക്കുകയും ജില്ലാ പോലീസ്‌ മേധാവിയുടെ നിര്‍ദ്ദേശ പ്രകാരം ദൃശ്യ, പത്ര മാധ്യമങ്ങളില്‍ പെട്ട അഞ്ചുപേരെ വനം വകുപ്പിന്റെ വാഹനത്തില്‍ സംഭവസ്ഥലത്തേക്ക്‌ കൊണ്ടുപോകുകയായിരുന്നു. പൂളക്കപ്പാറയിലും പടുക്കയിലും രാവിലെ മുതല്‍ തന്നെ മാവോയിസ്‌റ്റുകളുടെ മൃതദേഹവുമായി പോലീസ്‌ വരുന്നത്‌ കാത്ത്‌ വന്‍ ജനസഞ്ചയം തടിച്ചുകൂടിയിരുന്നു. മെഡിക്കല്‍ സംഘം ഉള്‍പ്പെടെയുള്ള വിഭാഗത്തെ പ്രദേശത്ത്‌ സജ്ജമാക്കിയിരുന്നു. വനം-പോലീസ്‌ ഉദ്യോഗസ്ഥരുടെ വന്‍പട തന്നെയാണ്‌ മൂത്തേടം മുതല്‍ പൂളക്കപ്പാറ വരെയുള്ള പ്രദേശങ്ങളില്‍ പലഭാഗത്തും വിന്യസിപ്പിച്ചിരുന്നത്‌. എംഎസ്‌പിയുടെ പ്രത്യേകസംഘവും സുരക്ഷയുടെ ഭാഗമായി മാവോയിസ്‌റ്റുകള്‍ വെടിയേറ്റ സ്ഥലത്ത്‌ എത്തിയിരുന്നു.

Share this post: