Main News
പ്രകൃതിസംരക്ഷണം ജീവിതത്തിന്റെ അടിസ്ഥാനമാകണം: മുനവ്വറലി ശിഹാബ് തങ്ങള്‍
തിരൂരങ്ങാടി: ബദ്ര്‍ രക്തസാക്ഷികളുടെ ത്യാഗസ്മരണയില്‍ ആത്മീയനിര്‍വൃതി പകര്‍ന്ന് മമ്പുറം മഖാമില്‍ നടന്ന  ആത്മീയ സംഗമം.  ആണ്ടുനേര്‍ച്ചയുടെ രണ്ടാം ദിനമായിരുന്ന ഇന്നലെ രാത്രി നടന്ന മജ്‌ലിസുന്നൂര്‍ ആത്മീയ സംഗമത്തില്‍ ആയിരങ്ങളാണ് സംഗമിച്ചത്.
പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ സംഗമം ഉദ്ഘാടനം ചെയ്തു. കേരളം വലിയ വരള്‍ച്ചയെ മുന്നില്‍ കണ്ടിരിക്കുകയാണ്. പ്രളയ ദുരന്തങ്ങളില്‍ നിന്ന് ആശ്വാസം നേടാനും വരള്‍ച്ചയെ ചെറുത്ത് നിര്‍ത്താനും ജനങ്ങള്‍ ഒറ്റക്കെട്ടായി നില്‍ക്കണം. പ്രകൃതി പാഠങ്ങള്‍ക്ക് ഏറെ പരിഗണന നല്‍കിയ മതമാണ് ഇസ്ലാം. കെടുതികള്‍ സംഭവിക്കുമ്പോള്‍ പരിതപിക്കുന്നതിനു പകരം അത്തരം ദുരന്തങ്ങള്‍ ഭവിക്കുന്നതിനെ തടയുന്നതിനു വേണ്ട മുന്‍കരുതലുകള്‍ ചെയ്യുകയാണ് വേണ്ടതെന്നും പ്രകൃതി  സംരക്ഷണം വിശ്വാസി ജീവിതത്തിന്റെ അടിസ്ഥാനമാക്കണമെന്നും തങ്ങള്‍ പ്രസ്താവിച്ചു. തികഞ്ഞ രാജ്യസ്‌നേഹിയും സാമൂഹിക പ്രവര്‍ത്തകനുമായിരുന്ന മമ്പുറം തങ്ങളെയാണ് നാം ജീവിതം മാതൃകയാകേണ്ടതെന്നും തങ്ങള്‍ പറഞ്ഞു.
സയ്യിദ് ഫഖ്‌റുദ്ദീന്‍ ഹസനി കണ്ണന്തള്ളി മജ്‌ലിസുന്നൂറിന് നേതൃത്വം നല്‍കി.
ഇന്ന് നടക്കുന്ന സ്വലാത്ത് മജ്‌ലിസിന് കോഴിക്കോട് ഖാദി സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈല്‍ നേതൃത്വം നല്‍കും.
നാളെ മുതല്‍ രാത്രി മതപ്രഭാഷണ പരമ്പര ആരംഭിക്കും. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ പരമ്പര ഉദ്ഘാടനം ചെയ്യും. അബ്ദുസ്സമദ് പൂക്കോ’ൂര്‍ പ്രഭാഷണം നടത്തും. 15 ന് ശനിയാഴ്ച സയ്യിദ് സ്വാദിഖലി  ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. മുസ്ഥഫാ ഹുദവി ആക്കോട് പ്രഭാഷണം നടത്തും. 16 ന് വഖ്ഫ് ബോര്‍ഡ് ചെയര്‍മാന്‍ സയ്യിദ് റശീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനവും അന്‍വര്‍ മുഹയിദ്ദീന്‍ ഹുദവി  പ്രഭാഷണവും നടത്തും.
17 ന് തിങ്കളാഴ്ച രാത്രി പ്രാര്‍ത്ഥനാ സദസ്സും ഹിഫഌ സനദ് ദാനവും നടക്കും.
നേര്‍ച്ചയുടെ സമാപ്തി ദിനമായ 18 ന് ചൊവ്വാഴ്ച  രാവിലെ  എട്ടു മണി മുതല്‍ അന്നദാനം നടക്കും. സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് അബ്ദുര്‍റഹ്മാന്‍ ജിഫ്രി കോഴിക്കോട് അധ്യക്ഷത വഹിക്കും.
ഉച്ചക്ക് 1.30 നടക്കു മൗലിദ് ഖത്മ് ദുആയോടെ ഒരാഴ്ചത്തെ ആണ്ടുനേര്‍ച്ചക്ക് സമാപ്തിയാകും. സമാപന പ്രാര്‍ത്ഥനക്ക് സമസ്ത പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍  നേതൃത്വം നല്‍കും.
മമ്പുറം സ്വലാത്തിന് രണ്ട് നൂറ്റാണ്ടിന്റെ പഴക്കം
മമ്പുറം മഖാമില്‍ വ്യാഴാഴ്ച്ചകള്‍ തോറും നടന്നുവരുന്ന സ്വലാത്ത് മജ്‌ലിസിനു രണ്ട് നൂറ്റാണ്ടിന്റെ പഴക്കമുണ്ട്. മലബാറിലെ വിശ്വാസികളുടെ പ്രധാന ആത്മീയ സംഗമങ്ങളില്‍ ഒന്നു കൂടിയാണ് ഈ സ്വലാത്ത് സദസ്സ്. മമ്പുറം തങ്ങളുടെ മാതുലന്‍ സയ്യിദ് ഹസന്‍ ജിഫ്രി തങ്ങളുടെ മരണാനന്തരം മമ്പുറം തങ്ങള്‍ തന്നെ തുടങ്ങി വെച്ച സ്വലാത്ത് മജ്‌ലിസ് ഇന്നുവരെ മുടങ്ങിയിട്ടില്ലെന്നതാണ് പ്രദേശവാസികള്‍ സാക്ഷ്യപ്പെടുത്തുന്നത്. നേര്‍ച്ചയോടനുബന്ധിച്ചുള്ള സ്വലാത്ത് മജ്‌ലിസായതിനാല്‍ വൈകുന്നേരത്തോടെ തന്നെ  മഖാമും പരിസരവും വിശ്വാസികളാല്‍ നിബിഢമാകും.
മലബാറിന്റെ വിവിധ ദിക്കുകളില്‍ നിന്ന് വിശ്വാസികള്‍ ഒഴുകിയെത്തുന്നതിനാല്‍ തന്നെ വിശ്വാസികളെ നിയന്ത്രിക്കാനും ഗാതാഗതക്കുരുക്ക് ഒഴിവാക്കാനും വളണ്ടിയര്‍മാര്‍ക്ക് കൂടുതല്‍ പ്രയാസപ്പെടാതെ കാര്യങ്ങള്‍ നിയന്ത്ര വിധേയമാക്കാന്‍ പുതിയ പാലം ഏറെ സഹായമാകും.
ഇന്ന് നടക്കുന്ന സ്വലാത്ത് മജ്‌ലിസിന് കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈല്‍ നേതൃത്വം നല്‍കും.
Share this post: