Main News
പ്രളയ ധനസമാഹരണം: പെരിന്തല്‍മണ്ണയില്‍ ക്യാമ്പ് നാളെ

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ധനസമാഹരണാര്‍ഥം നടത്തുന്ന താലൂക്ക് തല പ്രത്യേക ക്യാംപ് പെരിന്തല്‍മണ്ണയില്‍ നാളെ ( 12.09.2018) നടക്കും. താലൂക്ക് ഓഫീസില്‍ ഉച്ചക്ക് 2.30 മുതല്‍ വൈകിട്ട് 5 വരെ നടക്കുന്ന പരിപാടിക്ക് മന്ത്രി കെ.ടി ജലീല്‍ നേതൃത്വം നല്‍കും.
എം.എല്‍.എമാരായ മഞ്ഞളാംകുഴി അലി, ടിഎ.അഹമ്മദ് കബീര്‍, ജില്ലാ കലക്ടര്‍ അമിത് മീണ, തദ്ദേശ സ്ഥാപനങ്ങളിലെ ജന പ്രതിനിധികള്‍, ഉദ്യോഗസ്ഥ മേധാവികള്‍ തുടങ്ങിയവരും പങ്കെടുക്കും. ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാന്‍ ആഗ്രഹിക്കുന്നവര്‍ ക്യാമ്പിലെത്തി തുക പ്രിന്‍സിപ്പല്‍ സെക്രട്ടറി, ഫൈനാന്‍സ്(ട്രഷറര്‍) സി.എം.ഡി.ആര്‍.എഫ്, സെക്രട്ടേറിയറ്റ്, തിരുവനന്തപുരം എന്ന വിലാസത്തില്‍ എസ്.ബി.ഐ തിരുവനന്തപുരം സിറ്റി ബ്രാഞ്ചില്‍ മാറാവുന്ന ഡിമാന്റ് ഡ്രാഫ്റ്റായോ ചെക്കായോ ആണ് കൈമാറേണ്ടത്. തുക പണമായി സ്വീകരിക്കുന്നതല്ല. കഴിഞ്ഞ ദിവസം മലപ്പുറത്ത് മന്ത്രിമാരുടേയും എംഎല്‍ എമാരുടേയും നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് താലൂക്ക് തല പ്രത്യേക ധനസമാഹരണ ക്യാമ്പ് സംഘടിപ്പിക്കാന്‍ തീരുമാനിച്ചത്.
പ്രളയത്തില്‍ സംഭവിച്ച നാശനഷ്ടങ്ങളില്‍ നിന്ന് കരകയറുവാനും പുതിയൊരു കേരളം പടുത്തുയര്‍ത്തുവാനും സമൂഹത്തിന്റെ നാനാതുറകളില്‍ നിന്നുള്ളവരുടെ പരിപൂര്‍ണ്ണ പിന്തുണ ആവശ്യമാണ്. അതിനാല്‍ ധനസമാഹരണ ക്യാംപ് വിജയിപ്പിക്കാന്‍ എല്ലാവരും സദയം സഹകരിക്കണമെന്ന് തഹസില്‍ദാര്‍ അഭ്യര്‍ത്ഥിച്ചു.

Share this post: