Main News
പ്രവാസികളെത്തിയത് ആരോഗ്യ ജാഗ്രത ഉറപ്പാക്കിയുള്ള സുരക്ഷാ ക്രമീകരണങ്ങളിലേയ്ക്ക്

മലപ്പുറം : തിരിച്ചെത്തിയ ഓരോ പ്രവാസിയുടേയും ആരോഗ്യ സുരക്ഷയ്ക്ക് വിപുലമായ ക്രമീകരണങ്ങളാണ് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ വിമാനത്താവള അതോറിട്ടിയുമായി ചേര്‍ന്ന് ഒരുക്കിയിരുന്നത്. യാത്രക്കാരുടെ ശരീര ഊഷ്മാവ് പരിശോധിക്കാനും ആരോഗ്യ പരിശോധനയ്ക്കും ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ നാല് സംഘങ്ങളുമാണ് ഉണ്ടായിരുന്നത്. ഗര്‍ഭിണികളടക്കമുള്ളതിനാല്‍ ഗൈനക്കോളജിസ്റ്റിന്റേയും സ്റ്റാഫ് നഴസുമാരുടേയും സേവനവുമുണ്ടായിരുന്നു. ഡോക്ടര്‍മാരുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘമാണ് യാത്രക്കാര്‍ക്കായി പ്രത്യേക കോവിഡ് പ്രതിരോധ ബോധവത്ക്കരണ ക്ലാസുകള്‍ കൈകാര്യം ചെയ്തത്. യാത്രക്കാരുടെ വിവര ശേഖരണത്തിന് അഞ്ച് കൗണ്ടറുകള്‍ പ്രവര്‍ത്തിച്ചു. എമിഗ്രേഷന് 15 ഉം കസ്റ്റംസ് പരിശോധനകള്‍ക്ക് നാലും കൗണ്ടറുകളുമുണ്ടായിരുന്നു. യാത്രക്കാരെ വിമാനത്താവളത്തില്‍ നിന്ന് കൊണ്ടുപോകാന്‍ 108 ആംബുലന്‍സുകളുള്‍പ്പെടെ 46 ആംബുലന്‍സുകളും ആറ് കെ.എസ്.ആര്‍.ടി.സി ബസുകളും 35 പ്രീപെയ്ഡ് ടാക്‌സി വാഹനങ്ങളും വിമാനത്താവള പരിസരത്ത് സജ്ജമാക്കിയിരുന്നു. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത് യാത്രാ അനുമതി ലഭിച്ച എട്ട് സ്വകാര്യ വാഹനങ്ങള്‍ക്ക് മാത്രമെ വിമാനത്താവളത്തിനകത്തേയ്ക്ക് പ്രവേശനമുണ്ടായിരുന്നുള്ളൂ. വിമാനത്താവള ജീവനക്കാര്‍, മറ്റ് ഏജന്‍സി പ്രതിനിധികള്‍, കോവിഡ് പ്രത്യേക ചുമതലയുള്ള വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരെയല്ലാതെ ആരെയും വിമാനത്താവളത്തിനുള്ളില്‍ പ്രവേശിപ്പിച്ചില്ല. വിമാനത്താവളത്തിനകത്ത് സി.ഐ.എസ്.എഫും പുറത്ത് പൊലീസും സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കി.

Share this post: