Top Stories
ഫൈസല്‍ വധം മുഖ്യപ്രതികളായ രണ്ടുപേര്‍ കൂടി അറസ്റ്റില്‍
December 08, 2016

07-Dec-2016

തിരൂരങ്ങാടി : ഇസ്‌ലാം മതം സ്വീകരിച്ചതിന്റെ പേരില്‍ കൊടിഞ്ഞി ഫാറൂഖ്‌ നഗറില്‍ വെട്ടേറ്റു മരിച്ച പുല്ലാണി ഫൈസലിനെ വെട്ടിയ കേസിലെ പ്രധാന കൃത്യം നിര്‍വഹിച്ച നാലുപേരില്‍ മൂന്നുപേരെ പോലിസ്‌ അറസ്റ്റുചെയ്‌തു. തിരൂര്‍ സ്വദേശിയായ കുട്ടാപ്പു എന്നു വിളിക്കപ്പെടുന്ന കുട്ടൂസ്‌, വള്ളിക്കുന്ന്‌ അത്താണിക്കല്‍ മുണ്ടിയങ്കാവ്‌ സ്വദേശി അപ്പു എന്നിവരെയാണ് ഇന്നലെ പോലിസ്‌ അറസ്റ്റ്‌ ചെയ്‌തത്‌. ഫൈസലിനെ വെട്ടിയ തിരൂര്‍ സ്വദേശിയായ ബാബു എന്നു വിളിപ്പേരുളള യുവാവിനെ ചൊവ്വാഴ്‌ച വൈകീട്ട്‌ അറസ്റ്റു ചെയ്‌തിരുന്നു. ഇതിനു പിന്നാലെയാണ്‌ ഇന്നലെ രാവിലെ രണ്ട്‌ പ്രധാന പ്രതികളെകൂടി പോലിസ്‌ അറസ്റ്റ്‌ ചെയ്യുന്നത്‌. ഇവരെ പരപ്പനങ്ങാടി കോടതിയില്‍ ഹാജരാക്കി റിമാന്റ്‌ ചെയ്‌തു. കൃത്യം നടത്തിയ ഒരാള്‍കൂടി പിടിയിലാവാനുണ്ട്‌. ഫൈസലിനെ കൊലപ്പെടുത്തിയത്‌ ഇവര്‍ നാലുപേരാണെന്ന്‌ പോലിസ്‌ പറഞ്ഞു. കൃത്യം നടത്തിയതില്‍ കൂടുതല്‍ ആളുകള്‍ക്ക്‌ പങ്കുണ്ടോ എന്ന്‌ പോലിസ്‌ അന്വേഷിച്ചുവരികയാണ്‌. ഗൂഡാലോചനയില്‍ കൂടുതല്‍ ആളുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ്‌ പോലിസിന്റെ നിഗമനം. ഫൈസല്‍ വധക്കേസില്‍ ഇതിനകം 11 പേരെയാണ്‌ മലപ്പുറം ഡിവൈഎസ്‌പി പി എം പ്രദീപിന്റെ നേതൃത്വത്തില്‍ താനൂര്‍ സിഐ അലവി, കൊണ്ടോട്ടി സിഐ മുഹമ്മദ്‌ ഹനീഫ, തിരൂരങ്ങാടി സിഐ ബാബുരാജ്‌ എന്നിവരടങ്ങുന്ന അന്വേഷണ സംഘം അറസ്റ്റ്‌ ചെയ്‌തത്‌. ഗൂഡാലോചനക്കേസില്‍ ചുള്ളിക്കുന്ന്‌ പുല്ലാണി വിനോദ്‌ (39), പുല്ലാണി സജീഷ്‌ (32), പുളിക്കല്‍ ഹരിദാസന്‍ (30), ഇയാളുടെ ജ്യേഷ്‌ഠന്‍ ഷാജി (39), ചാനത്ത്‌ സുനില്‍ (39), കളത്തില്‍ പ്രദീപ്‌ ( 32), പാലത്തിങ്ങല്‍ പള്ളിപ്പടി സ്വദേശി ലിജീഷ്‌ എന്ന ലിജു (27), പരപ്പനങ്ങാടി സ്വദേശിയും വിമുക്തഭടനുമായ കോട്ടയില്‍ ജയപ്രകാശ്‌ (50) എന്നിവര്‍ റിമാന്റിലാണ്‌. അന്വേഷണത്തിന്റെ ഭാഗമായി പ്രതികളെ കസ്റ്റഡിയില്‍ വിട്ടു കിട്ടുന്നതിനായി കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ടെന്നും മറ്റു പ്രതികളെ പിടികൂടുന്നതിനായി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെന്നും പോലിസ്‌ പറഞ്ഞു.

Share this post: