Main News
ബാങ്കിംഗ് ഫ്രോണ്ടിയേഴ്‌സ് അവാര്‍ഡ് കോട്ടക്കല്‍ സര്‍വീസ് കോ.ഓപ്പറേറ്റീവ് ബാങ്കിന്

20/09/2019


കോട്ടക്കല്‍ : ഭാരതത്തിലെ 450ല്‍പരം സഹകരണ ബാങ്കുകളില്‍ നിന്നും മികച്ച പ്രവര്‍ത്തനത്തിനുള്ള 2019 വര്‍ഷത്തെ ബാങ്കിംഗ് ഫ്രോണ്ടിയേഴ്‌സ് അവാര്‍ഡ് കോട്ടക്കല്‍ സര്‍വീസ് കോ.ഓപ്പറേറ്റീവ് ബാങ്കിന് ലഭിച്ചു. ഗോവയില്‍ നടന്ന ചടങ്ങില്‍ കര്‍ണ്ണാടക മുന്‍ ഗ്രാമവികസന വകുപ്പ് മന്ത്രി പാട്ടീലില്‍ നിന്നും കോട്ടക്കല്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ എം റഷീദ്, സെക്രട്ടറി വി. കോമു, ഡയറക്ടര്‍ മച്ചിഞ്ചേരി മൊയ്തീന്‍, ടി വി അമീറുദ്ദീന്‍ എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി. ഗോവ സഹകരണ വകുപ്പ് മന്ത്രി ഡോ. പ്രമുദ് സാവത്ത് മുഖ്യപ്രഭാഷണം നടത്തി.
ഭരണസമിതയുടെയും ജീവനക്കാരുടെയും സഹകരണത്തോടെ ഗ്രേഡ് വണ്‍ സ്‌പെഷ്യല്‍ ഗ്രേഡ് ബാങ്കായ കോട്ടക്കല്‍ സഹകരണ ബാങ്ക് സാമൂഹ്യ, സാംസ്‌കാരിക ,ഐടി, ആരോഗ്യം, വിദ്യാഭ്യാസം, വയോജനങ്ങള്‍, ഭിന്നശേഷിക്കാര്‍, വനിതകള്‍, പട്ടികജാതി വിഭാഗങ്ങള്‍ എന്നിവര്‍ക്കു വേണ്ടി മാതൃകാപരമായ പദ്ധതികള്‍ നടപ്പിലാക്കിയിരുന്നു.
സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായി കുടുംബശ്രീ അയല്‍ക്കൂട്ട അംഗങ്ങള്‍ക്ക് 9 കോടി ലിങ്കേജ് വായ്പയായി നല്‍കി. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ലിങ്കേജ് വായ്പ നല്‍കിയത് ഈ ബാങ്കാണ്.
നിര്‍ധരായ രോഗികള്‍ക്കു വേണ്ടി ചികിത്സാ സഹായങ്ങള്‍, പാവപ്പെട്ട രോഗികള്‍ക്ക് ചികിത്സാ സഹായങ്ങള്‍ ലഭിക്കുന്നതിനായി കമ്യുണിറ്റി ഹെല്‍ത്ത് സെന്ററിന് ആശുപത്രി ഉപകരണങ്ങള്‍, ഫര്‍ണ്ണീച്ചര്‍, ടെലിവിഷന്‍ എന്നിവയും നല്‍കി. വീട്ടിലൊരു സ്‌കൂട്ടര്‍ പദ്ധതിയിലൂടെ 500 ലധികം വനിതകള്‍ക്ക് സ്‌കൂട്ടര്‍ നല്‍കി.
നഗരസഭയുടെ പദ്ധതിയായ ബാലസൗഹൃദ നഗരസഭയിലെ വിദ്യാലയങ്ങള്‍ക്ക് സ്റ്റേജ് നിര്‍മ്മിക്കുകയും ഫര്‍ണീച്ചര്‍, ഫാന്‍ എന്നിവ നല്‍കുകയും ചെയ്തു. പൊതുജനങ്ങള്‍ കൂടുതല്‍ ബന്ധപ്പെടുന്ന വില്ലേജ് ഓഫീസില്‍ ഫ്രന്റ് ഓഫീസ് നിര്‍മ്മിക്കുകയും അതിനുള്ള ഫര്‍ണീച്ചറുകള്‍ നല്‍കുകയും ചെയ്തു.
കുടിവെള്ള ക്ഷാമം അനുഭവപ്പെടുന്ന പ്രദേശങ്ങളില്‍ കുടിവെള്ള പദ്ധതികളും നടപ്പിലാക്കി.

Share this post: