13-July-2016
മലപ്പുറം : ഭിന്നശേഷിയുള്ള വിദ്യാര്‍ഥികള്‍ക്ക് സ്കോളര്‍ഷിപ്പും മറ്റ് ആനുകൂല്യങ്ങളും നല്‍കുന്നതിനുള്ള അപേക്ഷകള്‍ പരിഗണിക്കുമ്പോള്‍ അനുഭാവപൂര്‍വം തീരുമാനമെടുക്കണമെന്ന് ജില്ലാ കലക്ടര്‍ എസ്. വെങ്കടേസപതി അറിയിച്ചു. നാഷനല്‍ ട്രസ്റ്റ് ആക്റ്റ്പ്രകാരമുള്ള ലോക്കല്‍ ലെവല്‍ കമ്മിറ്റിയില്‍ ലീഗല്‍ ഗാര്‍ഡിയന്‍ഷിപ്പ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട അപേക്ഷകള്‍ പരിഗണിക്കുകയായിരുന്നു കലക്ടര്‍. സെറിബ്രല്‍ പാള്‍സി ബാധിതനായ സാധാരണ സ്കൂളില്‍ പഠിക്കുന്ന 17 കാരന് പ്രതിവര്‍ഷം 12000 രൂപ പഠന സ്കോളര്‍ഷിപ്പ് നല്‍കിയിരുന്നത് 2015ല്‍ 6000 മാക്കി കുറച്ച് നല്കിയ നടപടി തിരുത്തണമെന്ന് പഞ്ചായത്ത് സെക്രട്ടറിയോട് കലക്ടര്‍ നിര്‍ദേശിച്ചു. 65 ശതമാനം വൈകല്യമുണ്ടെന്ന് ഡോക്ടര്‍ സാക്ഷ്യപെടുത്തിയിട്ടും സ്കോളര്‍ഷിപ്പ് പകുതി മാത്രം അനുവദിച്ച നടപടി തിരുത്താനും പഞ്ചായത്ത് കൗണ്‍സിലില്‍ തീരുമാനമെടുത്ത് മുന്‍കാല പ്രാബല്യത്തോടെ തുക അനുവദിക്കാനും കലക്ടര്‍ നിര്‍ദേശിച്ചു. ഈ വര്‍ഷം തന്നെ പ്ലാന്‍ ഫണ്ടില്‍ ഇതിനുള്ള തുക വകയിരുത്താന്‍ പഞ്ചായത്ത് സെക്രട്ടറിക്ക് നിര്‍ദേശം നല്കി. സാമൂഹിക സുരക്ഷാ മിഷന് നല്കിയ തിരിച്ചറിയല്‍ കാര്‍ഡ് മാത്രം പരിഗണിക്കാതെ നിര്‍വഹണ ഉദ്യോഗസ്ഥരായ ഐ.സി.ഡി.എസ് സൂപ്പര്‍ വൈസര്‍മാര്‍ ഡിസെബിലിറ്റി സര്‍ട്ടിഫിക്കറ്റിന് മുന്‍ഗണന നല്‍കണമെന്നും കലക്ടര്‍ അറിയിച്ചു. എട്ട് മക്കളില്‍ നാല് പേര് ഭിന്നശേഷിയുള്ളവരായ കുടുംബത്തിനെ നാഷനല്‍ ട്രസ്റ്റ് ആക്റ്റ് പ്രകാരമുള്ള ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുത്താനുള്ള സാധ്യതകള്‍ പരിശോധിക്കാന്‍ യോഗം തീരുമാനിച്ചു. 17 അപേക്ഷകള്‍ പരിഗണിച്ചതില്‍ 11 പേര്‍ക്ക് നിയമപരമായ രക്ഷിതാവിനെ (ലീഗല്‍ ഗാര്ഡിയന്) നിയമിച്ച് നല്കി. രണ്ട് കുടുംബങ്ങള്‍ക്ക് ബി.പി.എല്‍ കാര്‍ഡ് അനുവദിക്കാന്‍ ജില്ലാ സപ്ലൈ ഓഫീസര്‍ക്ക് കൈമാറി. സ്വത്തുമായി ബന്ധപ്പെട്ട് പിന്നീട് തര്ക്കങ്ങളുണ്ടാവാന് സാധ്യതയുള്ളതിനാല്‍ രണ്ട് അപേക്ഷകളില്‍ നിയമപരമായ രക്ഷിതാവിനെ നിയമിച്ച് നല്‍കുന്നതിനുള്ള തീരുമാനം നീട്ടിവെച്ചു. ബുദ്ധിമാന്ദ്യം, ഓട്ടിസം, മസ്തിഷ്ക തളര്‍വാതം, മള്‍ട്ടിപ്പ്ള്‍ ഡിസെബിലിറ്റീസ് എന്നിവയുള്ള സ്വയം നിര്‍ണയശേഷിയില്ലാത്തവരുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കുന്നതിനാണ് നാഷണല്‍ ട്രസ്റ്റ് ആക്റ്റ് പ്രകാരം നിയമപരമായ രക്ഷിതാവിനെ നിയമിച്ച് നല്‍കുന്നത്. യോഗത്തില്‍ കമ്മിറ്റി കണ്‍വീനറായ വി. ഹംസ, സ്റ്റാറ്റിയൂട്ട് മെമ്പര്‍ പി.വി. പ്രേമ, സാമൂഹിക നീതി, പൊലീസ്, രജിസ്ട്രേഷന്, ഇന്‍ഫര്‍മേഷന്‍ – പബ്ലിക്ക് റിലേഷന്‍ വകുപ്പ്, ലീഗല്‍ സര്‍വീസസ് അതോറിറ്റി എന്നിവയുടെ പ്രതിനിധികളായ അംഗങ്ങള്‍ പങ്കെടുത്തു.