Main News
മങ്കടയിൽ ശരിക്കും പുലിയുണ്ടോ?

12/03/2019

മലപ്പുറം: ഇടക്കിടെ കേൾക്കുന്ന വാർത്തയാണ് മങ്കടയിൽ പുലിയിറങ്ങിയെന്നത്. പലരും പുലിയെ കണ്ടതായുള്ള അഭ്യൂഹങ്ങൾ ഇടവേളകളിൽ മങ്കടയിലും പരിസര പ്രദേശങ്ങളിലും പടർന്ന് പിടിക്കാറുണ്ട്. ഒരിക്കൽ ചേരിയം മലയുടെ താഴ് വാരത്ത് നിന്ന് പുലിയെ പിടികൂടിയിട്ടുണ്ട്. മറ്റൊരിക്കൽ വെള്ളിലയിൽ നിന്നും.
അവസാനമായി പുലിയെ പിടിക്കുന്നത് അരിപ്രയുടെ ഉൾഭാഗത്ത് നിന്നാണ്. ഇതൊക്കെ കൊണ്ട് തന്നെ പുലിയിറങ്ങിയെന്ന വാർത്തക്ക് വസ്തുത ഉണ്ടെങ്കിലും ഇല്ലെങ്കിലും മങ്കടയിൽ വലിയ സ്വീകാര്യതയാണ്. കഴിഞ്ഞ ദിവസം മലയിൽ ടാപ്പിങ്ങിന് പോയ എസ്റ്റേറ്റ് തൊഴിലാളികളാണ് പുലർച്ചെ നാലിന് പുലിയെ കണ്ടതായി പുതുതായി പറയുന്നത്.

ആടുുകളെ കാണാനില്ല

വേരും പുലാക്കലിലെ പള്ളിയാലിൽ ഷൗക്കത്തിന്റെ രണ്ടാടുകളെ കാഴിഞ്ഞ ദിവസം കാണാതായി. ചേരിയം മലയുടെ ഭാഗത്ത് മേയാൻ വിട്ട ആടുകളെയാണ് കാണാതായത്. ഒരാടിനെ കടിയേറ്റ നിലയിലും കണ്ടെത്തിയിരുന്നു. നേരത്തെ പുലിയിറങ്ങിയപ്പോഴും ആടുകളെ കാണാതായിരുന്നു. ടാപ്പിങ് തൊഴിലാളികൾ പുലിയെ കണ്ടതും ആടുകളെ കാണാതായതും ചേർത്ത് വെച്ച് പ്രദേശത്ത് പുലിയുടെ സാന്നിധ്യമുണ്ടെന്ന് ഉറച്ച് വിശ്വസിക്കുകയാണ് നാട്ടുകാർ.

ക്യാമറ വെച്ച് വനം വകുപ്പ്

പുലിഭീതി പരന്നതോടെ പുലിയെ കണ്ടെത്താൻ ക്യാമറ വെച്ചിരിക്കുകയാണ് വനം വകുപ്പ്. ആടുകളെ കാണാതായ സ്ഥലം വനം വകുപ്പ് ഉദ്യോഗസ്ഥർ പരിശോധിച്ചിരുന്നു. പുലിയുടെ സാന്നിധ്യം ഇവരും പൂരണമായി തള്ളുന്നില്ല. ഒരാഴ്ച്ച ക്യാമറയിൽ പതിയുന്ന ദൃശങ്ങൾ പരിശോധിച്ച് പുലിയെ കണ്ടാൽ പിടികൂടാൻ കെണിയൊരുക്കാമെന്നാണ്ട് വനം വകുപ്പ് കരുതുന്നത്.

 

പുലിയെക്കാൾ വലിയ പുലികൾ

പുലിയേയും പത്ത് മക്കളേയും ചിലയിടങ്ങളിൽ കണ്ടെന്ന് ഇടക്ക് മങ്കടയിൽ പ്രചരണമുണ്ടായിരുന്നു. ഇത് തീർത്തും തെറ്റായ പ്രചരണമാണെന്ന് വനം വകുപ്പ് വെക്തമാക്കിയിരുന്നു. പുലിയോട് സാദൃശ്യമുള്ള മറ്റു വന്യജീവികളെ കണ്ടാലും പുലിയെന്ന പ്രചരണം ഇവിടെ ഉണ്ടാകാറുണ്ട്. പുലിയുണ്ടെങ്കിലും ഇല്ലെങ്കിലും മങ്കടയിലെ ജനങ്ങളിൽ ആശങ്ക ഉണ്ടെന്നത് സത്യമാണ്. വനം വകുപ്പിന്റെ ഇടപെടലിലൂടെ ആശങ്കകൾക്ക് അറുതി വരുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.

Share this post: