Main News
മങ്കടയിൽ സ്വീകരണങ്ങൾ ഏറ്റ് വാങ്ങി വി.പി സാനു

23/03/2019

മലപ്പുറം: എൽഡിഎഫ് സ്ഥാനാർത്ഥി വിപി സാനുവിന് മങ്കട നിയോജക മണ്ഡലത്തിൽ ആവേശകരമായ സ്വീകരണം. വാഹന പ്രചരണ പര്യടനത്തിന്റെ രണ്ടാ ദിവസമായ ഇന്ന് മങ്കട മണ്ഡലത്തിൽ മൂർക്കനാട് പഞ്ചായത്തിലെ പൊട്ടിക്കല്ലിലായിരുന്നു ആദ്യ സ്വീകരണ കേന്ദ്രം, നൂറ് കണക്കിന് ആളുകൾ ഇവിടെ രാവിലെ എട്ടോടെ സാനുവിനെ സ്വീകരിക്കാനെത്തിയിരുന്നു. മാപ്പിള കവിയും, ‘ഒപ്പനപഠനവും അവതരണവും’ എന്ന പുസ്തക രചയിതാവുമായ ശ്രീ ഹൈദ്രോസ് പൂവ്വക്കുർശ്ശി കല്ല് വെട്ട് കുഴിയിലെ സ്വീകരണത്തിൽ സാനുവിനെ കാണാനെത്തി. വി.പി സാനു എസ്എഫ്ഐ ജില്ലാ ഭാരവാഹിയായിരുന്ന സമയത്ത് നടന്ന കാലിക്കറ്റ് യു സിറ്റി വിദ്യാർത്ഥി കലോത്സവങ്ങളിലും ഇന്റർപോളി കലോത്സവത്തിലും മാപ്പിള കലാ മത്സരങ്ങൾക്ക് വിധികർത്താവായി അദ്ധേഹം ഉണ്ടായിരുന്നു. അന്നത്തെ അനുഭവങ്ങൾ പങ്ക് വെച്ചും സാനുവിനെ പോലെയുള്ള യുവാക്കൾ വിജയിച്ച് വരേണ്ടതിന്റെ ആവിശ്യവും വിശദീകരിച്ചാണ് ഹൈദ്രോസ് പൂവ്വക്കുർശ്ശി മടങ്ങിയത്.

ഉച്ചക്ക് മുമ്പ് മൂർക്കനാട്, കുറുവ, പുഴക്കാട്ടിരി പഞ്ചായത്തുകളിലെ പതിനൊന്ന് സ്വീകരണ കേന്ദ്രങ്ങൾ സ്ഥാനാർത്ഥി പൂർത്തിയാക്കി. എല്ലായിടത്തും വലിയ ആൾക്കൂട്ടമാണ് സാനുവിനെ സ്വീകരിക്കാനെത്തിയത്. വാദ്യമേളങ്ങളുടെ അകമ്പടിയോടെയാണ് സ്ഥാനാർത്ഥിയെ പ്രവർത്തകർ സ്വീകരണ കേന്ദ്രങ്ങളിലേക്ക് ആനയിച്ചത്. ഉച്ചകഴിഞ് അങ്ങാടിപ്പുറം, കുറുവ, മക്കരപ്പറമ്പ്, മങ്കട, കൂട്ടിലങ്ങാടി പഞ്ചായത്തുകളിലായി 21 കേന്ദ്രങ്ങളിൽ സാനുവിന് സ്വീകരണങ്ങളുണ്ടായിരുന്നു. വൈകീട്ട് അഞ്ചോടെ കരിഞ്ചാ പാടിയിൽ എത്തിയ സ്ഥാനാർത്ഥിയെ കുതിരപ്പുറത്തേറ്റിയാണ് ജനങ്ങൾ സ്വീകരിച്ചത്. സ്തീകളും, കുട്ടികളും ചെറുപ്പക്കാരുമടക്കം ആയിരത്തിലേറെ പേരാണ് ഇവിടെ മാത്രം പങ്കെടുത്തത്. ഒരു ഗ്രാമം ഒന്നാകെ വന്ന് അവരുടെ സ്ഥാനാർത്ഥിക്ക് സ്വീകരണമൊരുക്കുന്ന ആവേശകരമായ അനുഭവമായിരുന്നു ഇവിടെ, സ്ത്രീകളുടേയും യുവാക്കളുടേയും വലിയ പങ്കാളിത്തമാണ് സാനുവിന്റെ സ്വീകരണ കേന്ദ്രങ്ങളുടെ പ്രത്യേകത. കൂട്ടിലങ്ങാടി പഞ്ചായത്തിലെ വള്ളിക്കാപറ്റയിലാണ് ഇന്നത്തെ പര്യാടനം സമാപിച്ചത്. തിരഞ്ഞെടുപ്പിന് ദിവസങ്ങൾ അടുക്കും തോറും പിന്തുണക്കാൻ എത്തുന്നവരുടെ എണ്ണം കൂടിവരികയാണെന്ന് സ്ഥാനാർത്ഥി വി.പി സാനു പറഞ്ഞു.

സി.പി.ഐ.എം മങ്കട ഏരിയാ സെക്രട്ടറി പി.കെ അബ്ദുള്ള നവാസ്, സി.പിഐ മണ്ഡലം സെക്രട്ടറി പി.ശറഫുദ്ധീൻ, ജില്ലാ പഞ്ചായത്തഗം ടി.കെ റഷീദലി, മൂർക്കനാട് പഞ്ചായത്ത് പ്രസിഡന്റ് കെ.രാജഗോപാൽ, പുഴക്കാട്ടിരി പഞ്ചായത്ത് പ്രസിഡന്റ് ബലറാം, അങ്ങാടിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് കെ.കേശവൻ, മങ്കട പഞ്ചായത്ത് പ്രസിഡന്റ് രമണി, കൂട്ടിലങ്ങാടി പഞ്ചായത്ത് പ്രസിഡന്റ് സുഹറാബി തുടങ്ങിയവർ സ്ഥാനാർത്ഥിക്കൊപ്പമുണ്ടായി.

Share this post: