“8 സ്കൂളുകള്‍ക്കുള്ള ബസിന്റെ ടെണ്ടര്‍ നടപടി അവസാന ഘട്ടത്തില്‍”
09-Dec-2016
മങ്കട: മങ്കട ഗവ:കോളേജിന് 2 ബസുകള്‍ വാങ്ങിക്കുന്നതിന് ധനകാര്യവകുപ്പ് അനുമതി നല്‍കിയതായി ടി.എ അഹമ്മദ് കബീര്‍ എം.എല്‍.എ അറിയിച്ചു. 2016 -17 വര്‍ഷത്തെ എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തിയാണ് മങ്കട ഗവ: കോളേജിന് രണ്ട് ബസുകള്‍ വാങ്ങിക്കുന്നതിന് 30,75,822 രൂപ അനുവദിച്ചത്. ഇതിന് ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭിച്ചിരുന്നു. ജില്ലാ ട്രഷറി മുഖാന്തിരം മലപ്പുറം പി.ഡബ്യൂ.ഡി എക്സികുട്ടീവ് എഞ്ചിനിയര്‍ക്ക് തുക കൈമാറിയാല്‍ ടെണ്ടര്‍ നടപടി പൂര്‍ത്തീകരിച്ച് ബസുകള്‍ കോളേജിന് വാങ്ങിച്ച് നല്‍കാനാകും.
അതേ സമയം 2015-16 സാമ്പത്തിക വര്‍ഷത്തില്‍ എം.എല്‍.എ ഫണ്ടില്‍ ഉള്‍പ്പെടുത്തിയ എട്ട് സ്കൂളുകള്‍ക്ക് ബസുകള്‍ വാങ്ങിച്ച് നല്കാന് സര്‍ക്കാര്‍ ഭരണാനുമതി നല്‍കുകയും ആയത് പ്രകാരം ധനകാര്യവകുപ്പ് 1.29 കോടി രൂപ അനുവദിക്കുകയും ചെയ്തിട്ടുണ്ട്. ബസ് വാങ്ങി വിതരണം ചെയ്യുന്നതിന് ജില്ലാ വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടര്‍ ഇ-ടെണ്ടറിനുള്ള നടപടികള്‍ സ്വീകരിച്ച് വരുന്നുണ്ട്. ടെണ്ടര്‍ കഴിഞ്ഞ് ഉടന്‍ തന്നെ ബസുകള്‍ വിതരണം ചെയ്യാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും എം.എല്‍.എ കൂട്ടിചേര്‍ത്തു. ഒരു കോടി ഇരുപത്തിയൊമ്പത് ലക്ഷമാണ് ബസ് വാങ്ങിക്കാന്‍ ആസ്തി വികസന ഫണ്ടില്‍ നിന്നും നീക്കിവെച്ചത്. ധനകാര്യവകുപ്പ് പി.ഡബ്യൂ,ഡി ഇ.ഇക്ക് ട്രഷറി മുഖാന്തിരം
മാറാനുള്ള തരത്തിലാണ് ഫണ്ട് അനുവദിച്ചത്. ഡി.പി.ഐക്കാണ് ഈ തുക കൈമാറുക തുടര്‍ന്ന് ഓരോ സ്കൂളുകള്‍ക്കും ഡി.പി.ഐ മുഖാന്തിരം ബസുകള്‍ കൈമാറും. മങ്കട ഗവ.ഹൈസ്കൂള്‍, ചേരിയം ഹൈസ്കൂള്‍, കടുങ്ങപുരം ഗവ: ഹൈസ്കൂള്‍, പനങ്ങാങ്ങര യു.പി, മക്കരപ്പറമ്പ് ഗവ: ഹൈസ്കൂള്‍, പാങ്ങ് ഹയര്‍സെക്കന്ററി, മങ്കട പള്ളിപ്പുറം ഹയര്‍സെക്കന്ററി, പള്ളിപ്പുറം യു.പി സ്കൂള്‍ എന്നീ സ്കൂളുകള്‍ക്കാണ് ബസുകള്‍ അനുവദിച്ചത്. സ്കൂളുകള്‍ക്കും കോളേജിനും കൂടി പത്ത് ബസുകള്‍ ലഭിക്കുന്നതോടെ വിദ്യാര്‍ത്ഥികള്‍ക്ക് യാത്രക്ക് ഏറെ ഗുണപരമാകുമെന്നും എം.എല്‍.എ അറിയിച്ചു.