Top Stories
മഞ്ചേരിയില്‍ ജില്ലാ കോടതി സമുച്ചയത്തിന്‌ തറക്കല്ലിട്ടു
December 23, 2016

manjeri-court23-Dec-2016

“കോടതികളില്‍ കക്ഷികള്‍ക്കും പൊതുജനങ്ങള്‍ക്കും സൗകര്യങ്ങള്‍ വേണം- ജസ്റ്റിസ്‌ വി. ചിദംബരേഷ്‌ ”

മഞ്ചേരി : കോടതികള്‍ ന്യായാധിപന്മാര്‍ക്കും അഭിഭാഷകര്‍ക്കും അഡ്വക്കറ്റ്‌സ്‌ ക്ലാര്‍ക്കുമാര്‍ക്കും മാത്രമുള്ളതല്ലെന്നും കക്ഷികളായെത്തുന്ന പൊതുജനങ്ങള്‍ക്കു കൂടി കോടതികളില്‍ ആവശ്യമായ സൗകര്യങ്ങള്‍ വേണമെന്നും കേരള ഹൈക്കോടതി ജഡ്‌ജ്‌ ജസ്റ്റിസ്‌ വി. ചിദംബരേഷ്‌ അഭിപ്രായപ്പെട്ടു. മഞ്ചേരിയില്‍ പുതിയ ജില്ലാ കോടതി കെട്ടിട സമുച്ചയത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ച്‌ സംസാരിക്കുകയായിരുന്നു ജഡ്‌ജ്‌. 16 കോടി ചെലവില്‍ മഞ്ചേരി ജില്ലാ സെഷന്‍സ്‌ കോടതി കെട്ടിട വളപ്പിലാണ്‌ ഏഴു നിലകളുള്ള കെട്ടിട സമുച്ചയം നിര്‍മിക്കുന്നത്‌. ചടങ്ങില്‍ അഡ്വ.എം. ഉമ്മര്‍ എം.എല്‍.എ. അധ്യക്ഷനായി. പുതുതായി ഉയരുന്ന കെട്ടിടത്തില്‍ ന്യായാധിപര്‍ക്കും അഭിഭാഷകര്‍ക്കുമെല്ലാം സൗകര്യങ്ങള്‍ കൂടുമ്പോള്‍ കക്ഷികള്‍ക്കുകൂടി ഇടം നല്‍കണമെന്ന്‌ എം.എല്‍.എ. ആവശ്യപ്പെട്ടു. ഹൈക്കോടതി ജഡ്‌ജി ജസ്റ്റിസ്‌ പി. ഉബൈദ്‌ മുഖ്യാതിഥിയായിരുന്നു. ജില്ലാ സെഷന്‍സ്‌ ജഡ്‌ജ്‌ എസ്‌.എസ്‌. വാസന്‍, ഡയറക്‌ടര്‍ ജനറല്‍ ഓഫ്‌ പ്രോസ്‌ക്യൂഷന്‍സ്‌ അഡ്വ.സി. ശ്രീധരന്‍ നായര്‍, ചീഫ്‌ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ്‌ ആര്‍.ടി. പ്രകാശ്‌, മഞ്ചേരി നഗരസഭാ ചെയര്‍പെഴ്‌സണ്‍ വി.എം. സുബൈദ, ജില്ലാ ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ്‌ അഡ്വ.ഇ.എം. കൃഷ്‌ണന്‍ നമ്പൂതിരി, സെക്രട്ടരി അഡ്വ. ഹാസിഫ്‌ ഇഖ്‌ബാല്‍, ജില്ലാ ഗവ. പ്ലീഡര്‍ പി. സുരേഷ്‌, അഡ്വക്കറ്റ്‌സ്‌ ക്ലാര്‍ക്ക്‌സ്‌ അസോസിയേഷന്‍ സെക്രട്ടറി കെ.പി. ശിവകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Share this post: