Main News
മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷന്‍ സിറ്റിങ് : 66 പരാതികള്‍ പരിഗണിച്ചു

തിരൂര്‍ : കേരള സംസ്ഥാന മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് പി. എസ്. ഗോപിനാഥന്റെ അധ്യക്ഷതയില്‍ ജില്ലയില്‍ നടത്തിയ അദാലത്തില്‍ 66 പരാതികള്‍ പരിഗണിച്ചു. 2008 ഡിസംബര്‍ 31 വരെ മത്സ്യത്തൊഴിലാളികള്‍ എടുത്ത വായ്പകള്‍ക്ക് കടാശ്വാസം പരിഗണിക്കുന്നതിന്റെ ഭാഗമായി നടന്ന തെളിവെടുപ്പില്‍ നോട്ടീസ് കൈപ്പറ്റി ഹാജരായ കേസുകളാണ് അദാലത്തില്‍ തീര്‍പ്പാക്കിയത്. ഇരുകക്ഷികളും ഹാജരാകാത്തതിനെ തുടര്‍ന്ന് 11 കേസുകള്‍ മാറ്റിവച്ചു.

പ്രകൃതി ദുരന്തത്തില്‍പ്പെട്ട് വള്ളവും വലയും നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളി തിരൂര്‍ കാര്‍ഷിക ഗ്രാമ വികസന ബാങ്കില്‍ നിന്നും എടുത്ത 3,50,000 രൂപയുടെ വായ്പ കടാശ്വാസത്തിന് പരിഗണിക്കുന്നതിന് പൊന്നാനി ഫിഷറീസ് ഡെപ്യുട്ടി ഡയറക്ടറോട് ഇത് സംബന്ധിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കമ്മീഷന്‍ ആവശ്യപ്പെട്ടു. മത്സ്യഫെഡ് ജില്ലാ ഓഫീസ്, ബതേവര്‍ കടപ്പുറം ചീരാന്‍ കടപ്പുറം മത്സ്യത്തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘം എന്നിവിടങ്ങളില്‍ നിന്നും വായ്പയെടുത്ത അഞ്ച് മത്സ്യത്തൊഴിലാളികള്‍ക്ക് 2,55,853 രൂപ കടാശ്വാസമായി അനുവദിക്കാനും കമ്മീഷന്‍ ശിപാര്‍ശ ചെയ്തു.
മലപ്പുറം ജില്ലാ സഹകരണ ബാങ്കില്‍ നിന്നും 1,50,000 രൂപ വായ്പയെടുത്ത മത്സ്യത്തൊഴിലാളിക്ക് 2011ല്‍ അനുവദിച്ച കടാശ്വാസ തുക വായ്പ കണക്കില്‍ വരവ് വച്ചതില്‍ വന്ന അപാകത കാരണം വായ്പ തീര്‍പ്പാക്കാതിരിക്കുന്നതായി കമ്മീഷന്‍ കണ്ടെത്തുകയും അത് തിരുത്തി വായ്പ കണക്ക് ക്രമപ്പെടുത്തി ഹാജരാക്കാനും കമ്മീഷന്‍ നിര്‍ദ്ദേശിച്ചു.

തേവര്‍ കടപ്പുറം മത്സ്യത്തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘത്തില്‍ നിന്നും എടുത്ത വായ്പ കാലഹരണപ്പെട്ടതാണെന്ന് കണ്ടെത്തുകയും വായ്പക്കാരനെ കടമുക്തനായി പ്രഖ്യാപിച്ച് കമ്മീഷന്‍ ഉത്തരവാകുകയും ചെയ്തു. മത്സ്യഫെഡ് ജില്ലാ ഓഫീസില്‍ നിന്നും എടുത്ത വായ്പക്ക് അനുവദിച്ച കടാശ്വാസം ലഭിച്ചിട്ടും വായ്പ കണക്ക് തീര്‍പ്പാക്കാത്തതിലും ഈടാധാരം തിരികെ നല്കാത്തതിലും കമ്മീഷന്‍ അതൃപ്തി പ്രകടിപ്പിച്ചു. 2018ലെ കേരള മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷന്‍ (ഭേദഗതി) നിയമ പ്രകാരം കമ്മീഷന്‍ ഉത്തരവ് നടപ്പാക്കാത്തതില്‍ പ്രോസിക്യൂഷന്‍ നടപടികള്‍ക്കും പിഴ ഈടാക്കുന്നതിനും നടപടി സ്വീകരിക്കാതിരിക്കാന്‍ കാരണം ബോധിപ്പിക്കാന്‍ നോട്ടീസ് നല്‍കാനും ഉത്തരവിട്ടു.

കൂടാതെ വള്ളിക്കുന്ന് സര്‍വീസ് സഹകരണ ബാങ്കില്‍ നിന്നും വായ്പയെടുത്ത മത്സ്യത്തൊഴിലാളിക്ക് എതിരെ എ.ആര്‍.സി അവാര്‍ഡ് നടപ്പാക്കുന്നത് താത്ക്കാലികമായി നിര്‍ത്തി വെക്കാനും കമ്മീഷന്‍ ഉത്തരവ് നല്‍കി.

തിരൂര്‍ പി.ഡബഌു.ഡി. റസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സിറ്റിങില്‍ കമ്മീഷന്‍ അംഗം കൂട്ടായി ബഷീര്‍ പങ്കെടുത്തു. സഹകരണ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍മാരായ വി.വി. അസ്‌ലം  ബാലകൃഷ്ണന്‍ പൂവത്തിങ്കല്‍, ജൂണിയര്‍ കോഓപ്പറേറ്റീവ് ഇന്‍സ്‌പെക്ടര്‍ അബ്ദുള്‍ റഷീദ് വിവിധ ദേശസാല്‍കൃത ബാങ്കുകളുടെയും സഹകരണ സ്ഥാപനങ്ങളുടെയും സര്‍ക്കാര്‍ ധനകാര്യ സ്ഥാപനങ്ങളുടെയും പ്രതിനിധികളും കടാശ്വാസത്തിന് അപേക്ഷ സമര്‍പ്പിച്ച മത്സ്യത്തൊഴിലാളികളും അദാലത്തില്‍ ഹാജരായി.

Share this post: