Main News
മമ്പുറം പ്രാര്‍ത്ഥനാ തീരമായി; നേര്‍ച്ചക്ക് ഇന്ന് കൊടിയിറക്കം

08/09/2019



തിരൂരങ്ങാടി: മമ്പുറം ആണ്ടുനേര്‍ച്ചയുടെ ഭാഗമായി ഇന്നലെ രാത്രി നടന്ന ദിക്റ് ദുആ സമ്മേളനത്തില്‍ സംബന്ധിക്കാനെത്തിയ വിശ്വാസികളാല്‍ മഖാമും പരിസരവും പ്രാര്‍ത്ഥനാതീരമായി.
കടലുണ്ടിപ്പുഴയോരത്തെ മമ്പുറം മഖാമില്‍ തീര്‍ത്ഥാടനം നടത്താനും പ്രാര്‍ത്ഥനാ സദസ്സില്‍ സംഗമിക്കാനും ആയിരങ്ങളാണ് ഇന്നലെ മമ്പുറത്തെത്തിയത്.
നിരവധി ആത്മീയനേതാക്കളും പണ്ഡിതരും പങ്കെടുത്ത പ്രാര്‍ത്ഥനാ സദസ്സ് പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ദാറുല്‍ ഹുദാ വി.സി ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ് വി അധ്യക്ഷനായി.

ചടങ്ങില്‍ ദാറുല്‍ഹുദാ ഇസ് ലാമിക സര്‍വകലാശാലക്കു കീഴില്‍ മഖാമിനു സമീപം പ്രവര്‍ത്തിക്കുന്ന സയ്യിദ് അലവി മൗലദ്ദവീല ഹിഫ്ളുല്‍ ഖുര്‍ആന്‍ കോളേജില്‍ നിന്ന് ഖുര്‍ആന്‍ മനഃപാഠമാക്കിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള സനദ് ദാനവും നടന്നു. സമസ്ത ജന.സെക്രട്ടറി കെ.ആലിക്കുട്ടി മുസ്‌ലിയാര്‍ സനദ് പട്ടം വിതരണം ചെയ്തു.
പ്രമുഖ സൂഫീവര്യനും സമസ്ത കേന്ദ്ര മുശാവറാംഗവുമായ വാവാട് കുഞ്ഞിക്കോയ മുസ്‌ലിയാര്‍ പ്രാര്‍ത്ഥനാസദസ്സിന് നേതൃത്വവും നല്‍കി. ദാറുൽഹുദാ വിദ്യാർത്ഥി യൂണിയൻ പുറത്തിറക്കിയ ആണ്ടുനേർച്ച സ്പെഷ്യൽ പതിപ്പ് കോട്ടക്കൽ സീനത്ത് എം.ഡി മനരിക്കൽ അബ്ദുറസാഖ് ഹാജി ഏറ്റുവാങ്ങി.
യു. ശാഫി ഹാജി ചെമ്മാട് സ്വാഗതം പറഞ്ഞു.കാളാവ് സൈതലവി മുസ് ലിയാർ, ആനമങ്ങാട് അബ്ദുറഹ്മാൻ മുസ്‌ലിയാർ, ഹസൻ ബാഖവി കിഴിശ്ശേരി, കെ.സി മുഹമ്മദ് ബാഖവി കിഴിശ്ശേരി, ഇസ്ഹാഖ് ബാഖവി ചെമ്മാട്, കെ.എം സൈതലവി ഹാജി, ഇബ്റാഹീം ഹാജി തയ്യിലക്കടവ്, കുട്ടി മൗലവി, വിസി.പി ബാവ ഹാജി, എം.എ ചേളാരി, എം.കെ ജാബിറലി ഹുദവി, പി.കെ നാസർ ഹുദവി സംബന്ധിച്ചു.

നേര്‍ച്ചയുടെ പ്രധാന ചടങ്ങുകളിലൊന്നായ അന്നദാനം ഇന്ന് രാവിലെ എട്ട് മണിക്ക് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് അബ്ദുറഹ്മാന്‍ ജിഫ്രി തങ്ങള്‍ കോഴിക്കോട് അധ്യക്ഷത വഹിക്കും. ഒരു ലക്ഷത്തിലധികം നെയ്ച്ചോര്‍ പാക്കറ്റുകളാണ് അന്നദാനത്തിനായി തയ്യാറാക്കുന്നത്.
ഉച്ചക്ക് ളുഹ്‌റ് നമസ്‌കാരാനന്തരം, സമസ്ത പ്രസിഡണ്ട് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങളുടെ നേതൃത്വത്തില്‍ നടക്കുന്ന മൗലിദ് ഖത്മ് ദുആ മജ്ലി സോടെ 181-ാമത് ആണ്ടുനേര്‍ച്ചക്ക് കൊടിയിറങ്ങും.

Share this post: